ജപ്പാനിലെ ഒസാക്ക ആസ്ഥാനമായ നിറ്റാ ജലാറ്റിന്‍ ഗ്രൂപ്പിന്റെ ഗ്ലോബല്‍ സിഇഒ കോയിച്ചി ഒഗാത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

Spread the love

ജപ്പാന്‍ സന്ദര്‍ശന വേളയില്‍ കേരളത്തിന് വാഗ്ദാനം ചെയ്ത നിക്ഷേപത്തെക്കുറിച്ച് മുഖ്യമന്ത്രി ആരാഞ്ഞു. നിക്ഷേപ പദ്ധതിക്ക് ചില ആഗോള പ്രശ്‌നങ്ങള്‍ കാരണം പ്രതിസന്ധി നേരിട്ടെങ്കിലും ഇപ്പോള്‍ വീണ്ടും സജീവമായിട്ടുണ്ടെന്ന് കോയിച്ചി ഒഗാത പറഞ്ഞു. 200 കോടി രൂപയുടെ വികസന പദ്ധതികൾക്ക് കമ്പനിയുടെ അടുത്ത ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നൽകുമെന്നും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു.
കേരളത്തിലെ കമ്പനിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയ്ക്ക് ഗ്ലോബല്‍ സിഇഒ മുഖ്യമന്ത്രിയെ നന്ദി അറിയിച്ചു. കേരളത്തില്‍ നിര്‍മിക്കുന്ന കമ്പനിയുടെ ഉത്പന്നങ്ങള്‍ ലോകമെമ്പാടും കയറ്റിയയക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കേരളത്തിലെ കമ്പനിയിലെ ട്രേഡ് യൂണിയനുകളുമായി നല്ല ബന്ധമാണ് ഉള്ളതെന്നും കമ്പനിയുടെ തടസ്സരഹിത പ്രവര്‍ത്തനങ്ങള്‍ക്ക് ഇതേറെ സഹായകമായിട്ടുണ്ടെന്നും ഒഗാത പറഞ്ഞു.
മരുന്ന് നിര്‍മാണ വ്യവസായത്തിന് അനിവാര്യമായ ഘടകങ്ങളുടെ ഇന്ത്യയിലെ പ്രധാന നിര്‍മാതാക്കളാണ് നിറ്റാ ജലാറ്റിന്‍ ഇന്ത്യ.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍
കമ്പനിയുടെ ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടര്‍ സജീവ് കെ. മേനോന്‍, ഡയറക്ടര്‍ ഡോ. ഷിന്യ താകഹാഷി, കെ.എസ് ഐ. ഡി സി യുടെ പങ്കാളിത്തത്തോടെയുള്ള നിറ്റാ ജലാറ്റിന്‍ ഇന്ത്യ കമ്പനി ചെയര്‍മാന്‍ കൂടിയായ വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് എന്നിവരും സന്നിഹിതരായിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *