പ്രതിപക്ഷ നേതാവ് തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞത് (04/08/2023).
ഗണപതി മിത്തല്ലെന്ന് എം.വി ഗോവിന്ദന്‍ തിരുത്തിയതിനെ സ്വാഗതം ചെയ്യുന്നു; സ്പീക്കറും ഇതുപോലെ പറഞ്ഞാല്‍ വിവാദം അവസാനിച്ചു; വിവാദത്തിന് പിന്നില്‍ ബി.ജെ.പി- സി.പി.എം ഗൂഡാലോചനയാണോയെന്ന് സംശയിച്ചാല്‍ അതിനെ കുറ്റപ്പെടുത്താനാകില്ല; നാമജപ ഘോഷയാത്രയ്‌ക്കെതിരെ കേസെടുത്തവര്‍ കൈവെട്ടുമെന്നും മോര്‍ച്ചറിയില്‍ കിടത്തുമെന്നും പറഞ്ഞവര്‍ക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ട്?
തൃശൂര്‍ : ഗണപതി മിത്താണെന്ന് തിരുവനന്തപുരത്ത് പറഞ്ഞത് ഡല്‍ഹിയില്‍ വച്ച് എം.വി ഗോവിന്ദന്‍ തിരുത്തിയത് നല്ല മാറ്റമാണ്. അക്കാര്യത്തില്‍ അദ്ദേഹത്തെ പരിഹസിക്കില്ല. ഇതു പോലെ സ്പീക്കറും പറഞ്ഞാല്‍ പ്രശ്‌നം തീര്‍ന്നു. ഇതിലൊന്നും ഒരു അഭിമാനത്തിന്റെ ഒരു പ്രശ്‌നവുമില്ല. സംഘപരിവാര്‍ വിഷയം ആളിക്കത്തിക്കുമെന്ന് അറിയാമായിരുന്നെങ്കിലും സി.പി.എമ്മിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു നിലപാട് പ്രതീക്ഷിച്ചതല്ല. വിഷയം തീരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. രാഷ്ട്രീയത്തില്‍ ആര് വേണമെങ്കിലും വിജയിച്ചോട്ടെ. പക്ഷെ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി കേരളത്തെ ഭിന്നിപ്പിക്കാന്‍ അനുവദിക്കില്ല.
വര്‍ഗീയതയെ ആളിക്കത്തിക്കാനാണ് ഷംസീര്‍ ശ്രമിച്ചത്. സ്പീക്കര്‍ മാപ്പ് പറയണമെന്നല്ല, പ്രസ്താവന തിരുത്തണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. വര്‍ഗീയ ധ്രുവീകരണത്തിന് വഴിതെളിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ വിവാദമുണ്ടാക്കിയത്. വര്‍ഗീയവാദികള്‍ക്ക് സി.പി.എം ആയുധം നല്‍കുകയാണ്. അതുകൊണ്ടാണ് വിഷയം ആളിക്കത്തിക്കരുതെന്നും ഒറ്റ ദിവസം കൊണ്ട് അവസാനിപ്പിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടത്. വിശ്വാസത്തെ ശാസ്ത്രബോധവുമായി കൂട്ടിക്കെട്ടരുത്. എല്ലാ മത ഗ്രന്ഥങ്ങളിലും അവരവരുടെ ദൈവങ്ങളും പ്രവാചകന്‍മാരും അത്ഭുത പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ട്. അതിനെ ശാസ്ത്ര ബോധവുമായി കൂട്ടിക്കെട്ടാനാകുമോ? പ്രശ്‌നം അവസാനിപ്പിക്കേണ്ട സര്‍ക്കാരും സി.പി.എമ്മും അതിന് ശ്രമിക്കാതെ ബി.ജെ.പിക്കാര്‍ കൈ വെട്ടുമെന്ന് പറയുമ്പോള്‍ സി.പി.എം മോര്‍ച്ചറിയില്‍ കിടത്തുമെന്നാണ് പറയുന്നത്.
നാമജപ ഘോഷയാത്രയ്‌ക്കെതിരെ കേസെടുത്തവര്‍ കൈവെട്ടുമെന്നും മോര്‍ച്ചറിയില്‍ കിടത്തുമെന്നും പറഞ്ഞവര്‍ക്കെതിരെ കലാപത്തിന് കേസെടുത്തില്ല. ചാനലുകളില്‍ വന്ന് എല്ലാവരെ കുറിച്ച് അസംബന്ധം പറഞ്ഞിരുന്ന തൃശൂരിലെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിക്കെതിരെ വനിത നല്‍കിയ പരാതി
ഗോവിന്ദന്റെ കയ്യിലുണ്ടല്ലോ. സ്ത്രീകളെ അപമാനിച്ചെന്ന ആ പരാതി പൊലീസില്‍ നല്‍കണ്ടേ? സ്ത്രീ അധിക്ഷേപിച്ചെന്ന പരാതിയില്‍ പാര്‍ട്ടിയില്ല നടപടി എടുക്കേണ്ടത്. പാര്‍ട്ടിയാണോ കോടതിയും പൊലീസ് സ്റ്റേഷനും? ആലപ്പുഴയില്‍ സ്ത്രീകളെ അധിക്ഷേപിച്ച അര ഡസനിലധികം കേസുകളുണ്ടല്ലോ? ഇതൊന്നും പൊലീസ് സ്റ്റേഷനിലും കോടതിയിലും പോയിട്ടില്ല.
ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരേ സ്വരമാണെന്നത് ക്ലീഷെ പ്രയോഗമാണ്. കേരളത്തിന്റെ സമീപകാല രാഷ്ട്രീയത്തില്‍ ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാം. പരസ്പരം കൊടുക്കല്‍ വാങ്ങലുകളാണ് നടത്തുന്നത്. സ്വര്‍ക്കള്ളക്കടത്ത് കേസും ലൈഫ് മിഷന്‍ കോഴയും എസ്.എന്‍.സി ലാവലിന്‍ കേസിലുമൊക്കെ ബി.ജെ.പിയുമായി ചേര്‍ന്ന് ഒത്തുതീര്‍പ്പുണ്ടാക്കിയത് സി.പി.എമ്മാണ്. കുഴല്‍പ്പണ കേസില്‍ ബി.ജെ.പി നേതാക്കളെ പ്രതികളാക്കാതിരുന്നതും സി.പി.എമ്മാണ്. ഗോള്‍വാള്‍ക്കറിന്റെ വിചാരധാരയെ വിമര്‍ശിച്ചതിന് എനിക്കെതിരെ ആര്‍.എസ്.എസ് കണ്ണൂര്‍ കോടതിയില്‍ കേസ് കൊടുത്തിരിക്കുകയാണ്. ഗോവിന്ദന് അത് അറിയില്ലെങ്കില്‍ ഓര്‍മ്മപ്പെടുത്തുകയാണ്. സ്പീക്കറുടെ കൈ വെട്ടുമെന്ന് പറഞ്ഞ ബി.ജെ.പി നേതാവിനെതിരെ ഗോവിന്ദന്റെ പാര്‍ട്ടിയുടെ പൊലീസ് കേസെടുത്തോ? അതിനുള്ള ധൈര്യമുണ്ടോ? എല്ലാം അഡ്ജസ്റ്റ്‌മെന്റാണ്.
ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്ന ഈ വിവാദം ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ഗൂഡാലോചനയാണോയെന്ന് സംശയിച്ചാല്‍ അതിനെ കുറ്റപ്പെടുത്താനാകില്ല. രണ്ട് പേരും വര്‍ഗീയ ധ്രുവീകരണം ആഗ്രഹിക്കുന്നു. സങ്കീര്‍ണമായ കേരളത്തിന്റെ പൊതുസമൂഹത്തില്‍ തീപ്പൊരിയിട്ട് അത് ആളിക്കത്തിച്ച് ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. സംഘപരിവാര്‍ ഇത് പണ്ട് മുതല്‍ക്കെ ചെയ്യുന്നതാണ്. സി.പി.എമ്മും ഇതു തന്നെയാണ് ചെയ്തത്. 87-ല്‍ ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം മുന്നിട്ടിറങ്ങിയതും ഈ വര്‍ഗീയ ധ്രുവീകരണത്തിന് വേണ്ടിയായിരുന്നു. അന്ന് ആര്‍.എസ്.എസും പിന്തുണ നല്‍കി. പിണറായി മുഖ്യമന്ത്രിയായ ശേഷം മാസ്‌കറ്റ് ഹോട്ടലില്‍ ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ കേരളത്തിലെ ആര്‍.എസ്.എസ് നേതാക്കളുമായി കൂടിയാലോചന നടത്തി. ഇക്കാര്യം നിയമസഭയില്‍ ഞങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും പിണറായി വിജയന്‍ ഉത്തരം പറഞ്ഞില്ല. അങ്ങനെയുള്ളവരാണ് വര്‍ഗീയതയ്‌ക്കെതിരെ സംസാരിച്ചുകൊണ്ടിരിക്കുന്നത്.
ഒരു മനുഷ്യന്‍ 4000 കിലോമീറ്റര്‍ നടന്ന് എല്ലാവരെയും ഒന്നിപ്പിക്കാനാണ് ശ്രമിച്ചത്. വര്‍ഗീയവാദികള്‍ക്കെതിരെ ഇന്ത്യയിലെ ഏറ്റവും വലിയ ശബ്ദമാണ് രാഹുല്‍ ഗാന്ധിയുടേതും കോണ്‍ഗ്രസിന്റേതും. ഒന്നാമത്തെ ശത്രു ബി.ജെ.പിയും സംഘപരിവാറുമാണെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. അവര്‍ വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും വിത്ത് വിതയ്ക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണിയുടെ ഭാഗമാണ് ദേശീയ തലത്തില്‍ സി.പി.എം. പക്ഷെ കേരളത്തില്‍ എത്തുമ്പോള്‍ അവര്‍ ബി.ജെ.പിയെ പോലെ കോണ്‍ഗ്രസ് വിരോധം കാട്ടുകയാണ്. അതാണ് ദേശീയ- സംസ്ഥാന തലങ്ങളിലെ സി.പി.എം നേതാക്കള്‍ തമ്മിലുള്ള വ്യത്യാസം.