പിഴ അടക്കാത്തവർക്ക് ഇൻഷുറൻസ് പുതുക്കി നൽകാത്തത് പരിഗണനയിൽ: മന്ത്രി ആന്റണി രാജു

Spread the love

ഗതാഗത നിയമലംഘനത്തിനുള്ള പിഴ അടക്കാത്തവർക്ക് ഇൻഷുറൻസ് പുതുക്കി നൽകാതെയുള്ള നടപടി പരിഗണനയിലാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എ ഐ ക്യാമറ സംബന്ധിച്ച പ്രതിമാസ അവലോകന യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഗതാഗത നിയമ ലംഘനങ്ങളില്ലാതെയുള്ളവർക്ക് മാത്രം ഇൻഷുറൻസ് പുതുക്കി നൽകുന്നതിന് മുഴുവൻ ഇൻഷുറൻസ് കമ്പനികളുമായും ചർച്ച നടത്തും. കേന്ദ്ര നിയമങ്ങൾക്ക് വിധേയമായി നടപടി ക്രമങ്ങൾ പൂർത്തീകരിക്കും.

2023 ജൂലൈ 5 മുതൽ ആഗസ്റ്റ് 2 വരെയുള്ള എ ഐ ക്യാമറ കണ്ടെത്തിയ ഗതാഗത ലംഘനമനുസരിച്ച് 32,42,777 കേസുകളിൽ നടപടികൾ ആരംഭിച്ചു. 15,83,367 കേസുകൾ പരിവാഹൻ സൈറ്റിൽ ഉൾപ്പെടുത്തുകയും, 5,89,394 ചെല്ലാനുകൾ സൃഷ്ടിക്കുകയും ചെയ്തു. 3,82,580 ചെല്ലാനുകൾ അയച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഒരു ലക്ഷത്തിലധികം കേസുകളിൽ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ യൂസർ ഐഡികൾ നൽകി അധികമായി ഉദ്യോഗസ്ഥരെ വിന്യസിച്ചതിലൂടെയാണ് ഇത് സാധിച്ചത്. ഗതാഗത ലംഘനങ്ങളുടെ പിഴ ഇനത്തിൽ 25 കോടി 81 ലക്ഷം രൂപയാണ് അടക്കേണ്ടത്. 3 കോടി 37 ലക്ഷം അടച്ചിട്ടുണ്ട്.

1994ന് ശേഷമുള്ള ഹെവി വെഹിക്കിൾ ഡ്രൈവറും, ഒപ്പമുള്ള വ്യക്തിയും സെപ്റ്റംബർ ഒന്ന് മുതൽ കർശനമായും സീറ്റ്‌ബെൽറ്റ് ധരിക്കണം. വി ഐ പി വാഹനങ്ങളുടെ 19 ഗതാഗത ലംഘനങ്ങൾ എ ഐ ക്യാമറ കണ്ടെത്തിയിട്ടുണ്ട്. കെ എസ് ആർ ടി സിയിൽ നാളിതുവരെയുള്ള ശമ്പളം മുഴുവൻ കൊടുത്ത് തീർത്തു. മറിച്ചുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണ്. പ്രശ്‌നങ്ങളും, പോരായ്മകളും അവലോകനം ചെയ്ത് മൂന്ന് മാസത്തിനുള്ളിൽ എ ഐ ക്യാമറയുടെ പ്രവർത്തനവും ഗതാഗത ലംഘനങ്ങളിലെ തുടർനടപടികളും പൂർണ സജ്ജമാകുമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ചേംബറിൽ നടന്ന അവലോകന യോഗത്തിൽ അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ, കെൽട്രോൺ സി എം ഡി നാരായണ മൂർത്തി, നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *