മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞത്തില്‍ എല്ലാവരും സഹകരിക്കണം : മന്ത്രി വീണാ ജോര്‍ജ്

Spread the love

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം.

തിരുവനന്തപുരം: മിഷന്‍ ഇന്ദ്രധനുഷ് യജ്ഞത്തില്‍ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡിഫ്തീരിയ, പെര്‍ട്ടൂസിസ്, ടെറ്റനസ്, മീസല്‍സ്, റൂബെല്ല, പോളിയോ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനാണ് വാക്‌സിനുകള്‍ എടുക്കുന്നത്. വാക്‌സിന്‍ കൊണ്ട് തടയാവുന്ന മീസല്‍സ് രോഗം കേരളത്തിന്റെ ചില ഭാഗങ്ങളില്‍ കാണുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ജനപ്രതിനിധികളുടെ കൂടെ സഹകരണത്തോടെ മിഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നടത്തുകയുണ്ടായി. ഈ ഘട്ടത്തില്‍ വാക്‌സിനേഷനില്‍ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ വച്ച് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കൃത്യസമയത്ത് വാക്‌സിന്‍ എടുക്കാന്‍ വിട്ടുപോയ ആസാം സ്വദേശിനി മാഹിയായ്ക്ക് (3) പോളിയോ തുള്ളി മരുന്ന് നല്‍കിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

ആരോഗ്യപരമായ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണിത്. ഒട്ടേറെ രോഗങ്ങളെ നിര്‍മാര്‍ജനം ചെയ്തിട്ടുള്ള സംസ്ഥാനമാണ് കേരളം. വാക്‌സിനേഷന്‍ പ്രോഗ്രാമില്‍ പതിറ്റാണ്ടുകളായി ദീര്‍ഘവീക്ഷണത്തിലൂടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പല രോഗങ്ങളേയും ചെറുക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ഇതില്‍ നിന്നും നമ്മള്‍ പിന്നോട്ട് പോകാന്‍ പാടില്ല.

മിഷന്‍ ഇന്ദ്രധനുഷ് 3 ഘട്ടം ആയിട്ടാണ് നടത്തപ്പെടുന്നത്. ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരം വാക്‌സിന്‍ എടുക്കുവാന്‍ വിട്ടുപോയിട്ടുളള 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും പൂര്‍ണമായോ ഭാഗികമായോ ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരം വാക്‌സിന്‍ എടുത്തിട്ടില്ലാത്ത ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ സ്വീകരിക്കാനാകും. സംസ്ഥാനത്ത് 18,744 ഗര്‍ഭിണികളെയും 2 വയസ് വരെയുളള 61,752 കുട്ടികളെയും 2 മുതല്‍ 5 വയസ് വരെയുളള 54,837 കുട്ടികളെയുമാണ് പൂര്‍ണമായോ ഭാഗികമായോ വാക്‌സിന്‍ എടുക്കാത്തതായി കണ്ടെത്തിയിട്ടുളളത്. ആകെ 1,16,589 കുട്ടികളാണുള്ളത്.

ഇമ്മ്യൂണൈസേഷനില്‍ പുറകില്‍ നില്‍ക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക പ്രാധാന്യം നല്‍കും. 10,086 സെഷനുകളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അതില്‍ 289 എണ്ണം മൊബൈല്‍ സെഷനുകളാണ്. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതയനുസരിച്ചാണ് സെഷനുകള്‍ ക്രമീകരിച്ചിട്ടുള്ളത്. പരിശീലനം ലഭിച്ച 4171 ജെ.പി.എച്ച്.എന്‍മാരാണ് വാക്‌സിന്‍ നല്‍കുന്നത്.

ആഗസ്റ്റ് 7 മുതല്‍ 12 വരെയാണ് ഒന്നാംഘട്ട വാക്‌സിന്‍ നല്‍കുന്നത്. രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ 9 മുതല്‍ 14 വരെയുമാണ്. ഓരോ ഘട്ടത്തിലും സാധാരണ വാക്‌സിനേഷന്‍ നല്‍കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറ് ദിവസങ്ങളിലാണ് പരിപാടി നടത്തുന്നത്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് പരിപാടിയുടെ സമയക്രമം. നഗരപ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും ആ പ്രദേശങ്ങളുടെ പ്രത്യേകതയനുസരിച്ച് സമയക്രമത്തില്‍ മാറ്റങ്ങളുണ്ടാകാം. വാക്‌സിനേഷന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിലെയും പൊതുസമൂഹത്തിലെയും എല്ലാ പ്രവര്‍ത്തകര്‍ക്കും മന്ത്രി നന്ദിയറിയിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ പി. ജമീല ശ്രീധര്‍ അധ്യക്ഷത വഹിച്ചു. എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കെ. ജീവന്‍ ബാബു, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, ഹോമിയോപ്പതി വിഭാഗം ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡോ. പി. ശ്രീകല, ഭാരതീയ ചികിത്സാ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. എല്‍. സിന്ധു, ഡബ്ല്യു.എച്ച്.ഒ. സര്‍വൈലന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. പ്രതാപചന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, പേരൂര്‍ക്കട ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ എ.എല്‍. ഷീജ, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ആശ വിജയന്‍, ഐ.എം.എ. സംസ്ഥാന പ്രസിഡണ്ട് ഡോ. സുല്‍ഫി നൂഹു, ഐ.എ.പി. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. വി.എച്ച്. ശങ്കര്‍, യൂണിസെഫ് കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റ് ബേബി അരുണ്‍, ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. വി. കൃഷ്ണവേണി, സ്റ്റേറ്റ് മാസ് എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ. എന്‍. അജയ് എന്നിവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *