റോഡ് സുരക്ഷ: ഇൻഷുറൻസ് കമ്പനികളുടെ സഹായം തേടുമെന്ന് മന്ത്രി

Spread the love

സംസ്ഥാനത്ത് എ.ഐ.ക്യാമറകൾ സ്ഥാപിച്ചതോടെ റോഡ് അപകടങ്ങളും മരണനിരക്കും ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ വാഹന ഇൻഷുറൻസിൽ നോൺ-വയലേഷൻ ബോണസ് നൽകുന്ന കാര്യം ഇൻഷുറൻസ് കമ്പനികളുമായി ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗം തീരുമാനിച്ചു. റോഡ് അപകടങ്ങളും മരണവും കുറഞ്ഞതുകൊണ്ട് വിലപ്പെട്ട നിരവധി മനുഷ്യജീവൻ രക്ഷിക്കാനായതിനോടൊപ്പം ഇൻഷുറൻസ് കമ്പനികൾക്ക് വലിയ സാമ്പത്തിക നേട്ടവും ഉണ്ടായി. ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്ക് ഇൻഷുറൻസ് പോളിസിയിൽ ഇളവും തുടരെത്തുടരെ നിയമലംഘനം നടത്തുന്നവർക്ക് പെനാൽറ്റിയും നൽകുന്ന കാര്യം പരിഗണിക്കണമെന്ന് ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെടും.

ഓരോ വർഷവും ഇൻഷുറൻസ് പുതുക്കുമ്പോൾ ഗതാഗത നിയമ ലംഘന പിഴ തുക അടച്ചതായി ഉറപ്പുവരുത്താനും നിർദ്ദേശിക്കും. അപകടമുണ്ടായ ഉടനെ നൽകേണ്ട ഗോൾഡൻ അവർ ട്രീറ്റ്‌മെന്റിന്റെ ചെലവുകൾ വഹിക്കുന്നതിനും ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കും ആംബുലൻസ് ഡ്രൈവർമാർക്കും പരിശീലനം സംഘടിപ്പിക്കാനും റോഡരികുകളിൽ സൈൻ ബോർഡ് സ്ഥാപിക്കുന്നതിനും ഇൻഷുറൻസ് കമ്പനികളോട് അഭ്യർഥിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി സെപ്റ്റംബർ മൂന്നാം വാരം ഇൻഷുറൻസ് കമ്പനി മേധാവികളുടെയും ഐആർഡിഎ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർക്കു‌മെന്നും മന്ത്രി അറിയിച്ചു.

ആരോഗ്യരംഗത്ത്, പ്രത്യേകിച്ച് മെഡിക്കൽ കോളജുകളിൽ അത്യാഹിത വിഭാഗങ്ങളിൽ റോഡ് അപകടത്തോടനുബന്ധിച്ചുള്ള രോഗികളുടെ എണ്ണം എ.ഐ. ക്യാമറകൾ സ്ഥാപിച്ചതിനു ശേഷം ഗണ്യമായി കുറഞ്ഞതായി യോഗത്തിൽ പങ്കെടുത്ത ആരോഗ്യ വകുപ്പ് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്, നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ ജീവൻ ബാബു, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ തോമസ് മാത്യു, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.റീന കെ. ജെ, ഗതാഗത, നിയമ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *