മാലിന്യമുക്തം നവകേരളം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണാശംസ കാര്‍ഡ് തയ്യാറാക്കല്‍ മത്സരം

Spread the love

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണാശംസ കാര്‍ഡ് തയ്യാറാക്കല്‍ മത്സരം സംഘടിപ്പിക്കുന്നു. ‘ഈ ഓണം വരും തലമുറയ്ക്ക്’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍ യു.പി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട സന്ദേശങ്ങളാണ് കാര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ടത്.വിദ്യാര്‍ത്ഥികള്‍ പ്രകൃതി സൗഹൃദ വസ്തുക്കള്‍ കൊണ്ട് കാര്‍ഡുകള്‍ ഉണ്ടാക്കി അവധിക്ക് ശേഷമുള്ള ആദ്യത്തെ പ്രവൃത്തി ദിവസം സ്‌കൂളില്‍ ഏല്‍പ്പിക്കണം. എ ഫോര്‍ സൈസിലാണ് കാര്‍ഡുകള്‍ തയ്യാറാക്കേണ്ടത്. തയ്യാറാക്കുന്ന കാര്‍ഡിന്റെ ആശയങ്ങള്‍ക്കും ഉള്ളടക്കത്തിനും 50 ശതമാനം മാര്‍ക്ക് ലഭിക്കും. 30 ശതമാനം ഡിസൈന്‍, ഭംഗി, ഭാവന എന്നിവക്കും 20 ശതമാനം പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിനുമാകും ലഭിക്കുക.ഇങ്ങനെ ലഭിക്കുന്ന കാര്‍ഡുകളില്‍ നിന്ന് യു.പി, എച്ച്.എസ് തലത്തില്‍ മികച്ച മൂന്ന് കാര്‍ഡുകള്‍ സബ് ജില്ലാതലത്തില്‍ മത്സരത്തിന് അയയ്ക്കണം. സബ്ജില്ലാ തലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കാര്‍ഡുകളില്‍ നിന്നും ജില്ലാതല മത്സരത്തില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുത്ത മികച്ച മൂന്നെണ്ണം സംസ്ഥാനതലത്തിലേക്ക് അയക്കും. സംസ്ഥാനതലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന കാര്‍ഡുകള്‍ക്ക് 10,000, 7000, 5000 എന്ന ക്രമത്തില്‍ ആദ്യ മൂന്ന് സമ്മാനങ്ങള്‍ നല്‍കും.സംസ്ഥാനതല വിജയികള്‍ക്ക് സംസ്ഥാനതലത്തില്‍ ചടങ്ങ് സംഘടിപ്പിച്ച് സമ്മാനം വിതരണം ചെയ്യും. സബ് ജില്ലയിലെ മികച്ച കാര്‍ഡുകള്‍ക്ക് പ്രോത്സാഹന സമ്മാനമായി പ്രകൃതി സൗഹൃദ സഞ്ചി, ബാഗ് എന്നിവയും ജില്ലാതലത്തില്‍ സമ്മാനര്‍ഹരായവര്‍ക്ക് 5000, 3000, 2000 എന്നീ ക്രമത്തിലും സമ്മാനം നല്‍കുമെന്ന് ജില്ലാ ശുചിത്വമിഷന്‍ അധികൃതര്‍ അറിയിച്ചു. സബ് ജില്ലാതലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന കാര്‍ഡുകള്‍ ജില്ലാ ശുചിത്വമിഷന്‍ ഓഫീസില്‍ സെപ്റ്റംബര്‍ ഒന്‍പതിനകം നല്‍കുന്ന രീതിയിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *