വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്നവർ ഇനി സാക്ഷ്യപത്രം നിർബന്ധം

Spread the love

വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്ന സ്ഥാപനങ്ങൾ അവ സുരക്ഷിതമാണെന്നും മാനദണ്ഡങ്ങൾക്ക് വിധേയമാണെന്നും അപകടമുണ്ടായാൽ അതിന്റെ ഉത്തരവാദിയാണെന്നുമുള്ള സാക്ഷ്യപത്രം വാഹന ഉടമകൾക്ക് നൽകണമെന്ന് നിഷ്‌കർഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. യാത്രാ വേളയിലും നിർത്തിയിടുമ്പോഴും വാഹനങ്ങൾ അഗ്‌നിക്കിരയാവുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്നത് സംബന്ധിച്ച് അനൂപ് ജേക്കബ് എംഎൽഎ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
വാഹനങ്ങൾ തീപിടിച്ചുണ്ടാകുന്ന അപകടങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടര്ന്ന് അതിന്റെ യഥാർത്ഥ കാരണം കണ്ടെത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുവാനായി ഗതാഗത മേഖലയിലെ സാങ്കേതിക വിദഗ്ധരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയുംവാഹന നിർമ്മാതാക്കളുടെയും ഡീലർമാരുടെയും ഇൻഷുറൻസ് സർവ്വേ പ്രതിനിധികളുടെയും യോഗം ചേർന്ന് വിലയിരുത്തിയതായി മന്ത്രി പറഞ്ഞു.മനുഷ്യ നിർമ്മിതമായ കാരണങ്ങളാലും യന്ത്ര തകരാറുകളാലും ഉണ്ടാവുന്ന ഇലക്ട്രിക്കൽ സർക്യൂട്ട് പ്രശ്‌നങ്ങൾ മൂലമാണ് വാഹനങ്ങൾക്ക് തീപിടിത്തമുണ്ടാകുന്നതെന്ന് പ്രാഥമികമായി വിലയിരുത്തിയിട്ടുണ്ട്. ലൈറ്റ് മോട്ടോർ വാഹനങ്ങളിലാണ് ഇത്തരം തീപിടുത്തം കൂടുതൽ ഉണ്ടാവുന്നത്. ലോ വേരിയന്റ് വാഹനങ്ങളെ ഹൈ വേരിയന്റാക്കാൻ ഓട്ടോമൊബൈൽ സ്റ്റാൻഡേർഡ് അനുസരിച്ചുള്ളതല്ലാത്ത ഫ്യൂസും വയറിങ്ങും അനുബന്ധ ഉപകരണങ്ങളും ഉപയോഗിച്ച് കൂടുതൽ ഫിറ്റിംഗ്‌സുകൾ ഘടിപ്പിച്ച് നിയമവിരുദ്ധമായി അൾട്ടറേഷൻ നടത്തുന്നത് തീപിടുത്തത്തിനുള്ള പ്രധാനകാരണമായി വിലയിരുത്തിയിട്ടുണ്ട്.

വാഹനത്തിന്റെ എഞ്ചിനെയും ടാങ്കിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഫ്യുവൽ ലൈനിലെ റബ്ബർ ഹോസിൽ പല കാരണങ്ങളാൽ ഉണ്ടാകുന്ന സുഷിരങ്ങളിലൂടെയുള്ള ഇന്ധന ചോർച്ചയും അപകടത്തിന് കാരണമാകുന്നതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങൾ അഗ്‌നിക്കിരയാവുന്നതിന്റെ വിവിധ വശങ്ങൾ പഠിച്ച് 2 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ സമിതി രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്. സമിതിയുടെ ആദ്യ യോഗം സെപ്റ്റംബർ 18നു ചേരും. വിദഗ്ധസമിതിയുടെ നിർദ്ദേശങ്ങൾ പരിശോധിച്ച് വാഹന ഉപയോക്താക്കളുടെയും ജനങ്ങളുടെയും സുരക്ഷിതത്വത്തിന് വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *