സൃഷ്ടിപരമായ മേഖലകളിലെ പൈതൃക അറിവുകൾ പ്രചരിപ്പിക്കണം : മുഖ്യമന്ത്രി

Spread the love

പൈതൃകോൽസവം സമാപിച്ചു.

കലാസാംസ്‌കാരിക മേഖലകളിലെപോലെ സൃഷ്ടിപരമായ മേഖലകളിലെ പൈതൃക അറിവുകളും സമൂഹത്തിൽ പ്രചരിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൈതൃകോൽസവം 2023 ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

നമ്മുടെ നാടിന്റെ പൈതൃക അറിവുകളെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയുമാണ് വാസ്തു വിദ്യാ ഗുരുകുലം ചെയ്യുന്നത്. കേരളത്തിന്റെ സവിശേഷമായ ചുമർചിത്ര, ദാരു ശിലാ ശിൽപ പാരമ്പര്യം, വാസ്തുവിദ്യാ പൈതൃകം, കലാ കരകൗശല സമ്പന്നത തുടങ്ങിയ സാംസ്‌കാരിക പെരുമകളെ സംരക്ഷിച്ച് പരിപോഷിപ്പിക്കുക, കാലാവസ്ഥാനുസൃതവും പരിസ്ഥിതി സൗഹാർദ്ദവുമായ നിർമാണ വിദ്യകളെ പ്രചരിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യലക്ഷ്യങ്ങളോടെ കഴിഞ്ഞ മുപ്പത് വർഷമായി ആറന്മുളയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് വാസ്തുവിദ്യാ ഗുരുകുലം.

വാസ്തുവിദ്യ, സുസ്ഥിര നിർമ്മാണ സാങ്കേതികവിദ്യാ കൺസൾട്ടൻസി, ചുമർചിത്രരചനാ പദ്ധതികൾ, അക്കാദമിക് കോഴ്‌സുകളുടെ നടത്തിപ്പ്, പൈതൃക മന്ദിരങ്ങളുടെ ഡോക്യുമെന്റേഷൻ എന്നിങ്ങനെ നിരവധി സേവനങ്ങളാണ് വാസ്തുവിദ്യാ ഗുരുകുലം നൽകിവരുന്നത്. കേരളത്തിന്റെ തനതു ചുമർചിത്രരചനാ സമ്പ്രദായത്തെ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി വിവിധ പദ്ധതികൾ ഈ സ്ഥാപനത്തിൽ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നു.

പൈതൃക അറിവുകൾ സംരക്ഷിക്കുന്നതിന് ഡോക്യുമെന്റേഷൻ വളരെ സുപ്രധാന ചുമതലയാണ്. ഇത്തരത്തിൽ മൂന്ന് പൈതൃക പദ്ധതികളുടെ ഡോക്യുമെന്റേഷൻ നിർവഹിക്കാൻ വാസ്തുവിദ്യാ ഗുരുകുലത്തിനായി. ചുമർചിത്ര കലാരംഗത്തടക്കം നിർണായക സംഭാവനകൾ നൽകുന്ന നിരവധി കലാകാരന്മാർ കേരളത്തിന്റെ യശസുയർത്തുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *