അമ്പലപ്പുഴയിലെ കര്‍ഷകന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി സര്‍ക്കാര്‍ ഇനിയെങ്കിലും കണ്ണ് തുറക്കണം – പ്രതിപക്ഷ നേതാവ്‌

Spread the love

പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ്,

അമ്പലപ്പുഴ വണ്ടാനം നീലുകാട്ചിറയില്‍ കെ.ആര്‍ രാജപ്പനെന്ന 88 വയസുകാരനായ കര്‍ഷകന്റെ ആത്മഹത്യ അങ്ങേയറ്റം വേദനാജനകമാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. സപ്ലൈകോ ഏറ്റെടുത്ത നെല്ലിന്റെ വില കിട്ടാതായതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രയാസത്തിലും മനോവിഷമത്തിലുമാണ് വന്ദ്യവയോധികനായ ഈ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇത് സര്‍ക്കാര്‍ തന്നെ വരുത്തിവച്ച സാഹചര്യമാണ്. ഈ മരണത്തിന് ഉത്തരവാദി സര്‍ക്കാരാണ്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. മറ്റ് കാര്‍ഷിക വിളകളുടെ കാര്യത്തിലും ഇതേ അവസ്ഥയാണ്.

സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധിയെ സംബന്ധിച്ച് പ്രതിപക്ഷം അടിയന്തിര പ്രമേയം കൊണ്ടു വന്നപ്പോള്‍ എന്തൊക്കെയാണ് കൃഷിമന്ത്രി പറഞ്ഞത്? കൃഷി ചെയത് ഔഡി കാര്‍ വാങ്ങിയ കര്‍ഷകര്‍ സംസ്ഥാനത്തുണ്ടെന്ന് പറഞ്ഞ മന്ത്രിക്ക് ഈ ആത്മഹത്യയെ കുറിച്ച് എന്ത് പറയാനുണ്ട്?

സര്‍ക്കാര്‍ ഇനിയെങ്കിലും കണ്ണ് തുറക്കണം. കര്‍ഷകരെ ചേര്‍ത്ത് പിടിക്കാനും കാര്‍ഷിക മേഖലയെ രക്ഷിക്കാനുമുള്ള അടിയന്തിര ഇടപെടലുകളും നടപടികളും ഉണ്ടാകണം. അതല്ലെങ്കില്‍ കാര്‍ഷിക മേഖലയെ ഒന്നായി തകര്‍ക്കുന്നതിന് തുല്യമായ സാഹചര്യമായിരിക്കും ഈ സര്‍ക്കാര്‍ സൃഷ്ടിക്കുക.

Author

Leave a Reply

Your email address will not be published. Required fields are marked *