കൊളംബസിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു : ജോയിച്ചൻപുതുക്കുളം

Spread the love

കൊളംബസ് (ഒഹായോ): ·കൊളംബസ് സെയിന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാള്‍ സെപ്റ്റംബര്‍ 23, 24 തീയതികളിലായി ആഘോഷിച്ചു.

സെപ്റ്റംബര്‍ 23ന് (ശനിയാഴ്ച) വൈകുന്നേരം 5 മണിക്ക് തിരുനാളിന് തുടക്കം കുറിച്ച് സെന്‍റ് മേരീസ് മിഷന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ഫാദര്‍ നിബി കണ്ണായി കൊടിയേറ്റു കര്‍മ്മം നിര്‍വഹിച്ചു. ആഘോഷപൂർവ്വമായ കുര്‍ബാനയ്ക്കു ശേഷം പാരിഷ് ഹാളില്‍ മിഷന്‍ അംഗങ്ങളുടെ കലാസാംസ്‌കാരിക പരിപാടികളും സ്നേഹ വിരുന്നും ഉണ്ടായിരുന്നു.

സെപ്റ്റംബര്‍ 24 ന് (ഞായറാഴ്ച) 3 മണിക്ക് പ്രസുദേന്തിമാരുടെ വാഴ്ചക്കു ശേഷം പ്രദക്ഷിണത്തോടെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. സിറോ മലബാര്‍ ഷിക്കാഗോ രൂപത ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട്‌ പ്രധാന കാര്‍മികത്വം വഹിച്ചു. കൊളംബസ് രൂപത ബിഷപ്പ് ബഹുമാനപ്പെട്ട ഏൾ.കെ.ഫെർണാണ്ടസ് തിരുന്നാള്‍ സന്ദേശം നല്‍കി. പരി. കന്യകാമറിയത്തോടു കൊന്ത ചൊല്ലി പ്രാർത്ഥിക്കുന്നതിന്റെ പ്രാധാന്യത്തെ തിരുന്നാള്‍ സന്ദേശത്തിലൂടെ ബിഷപ്പ് ഓർമിപ്പിച്ചു. മിഷന്‍ പ്രീസ്റ്റ് – ഇന്‍-ചാര്‍ജ് ഫാ.നിബി കണ്ണായി, മോൺ. ഫ്രാങ്ക് ലൈൻ, ഫാ.ആന്റണി, ഫാ.ബേബി ഷെപ്പേർഡ്, റെസ്റ്രക്ഷന്‍ കത്തോലിക്ക പള്ളി അസിസ്റ്റന്‍ഡ് വികാരി ഫാ.അനീഷ്, ഫാ.ശ്രിരൻ സഹകാർമീകരായും തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു.

ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തിയത് 43 പ്രസുദേന്തിമാരായിരുന്നു. പ്രീസ്റ്റ് – ഇന്‍-ചാര്‍ജ് ഫാ.നിബി കണ്ണായി, തിരുന്നാള്‍ കണ്‍വീനറുമാരായ അരുണ്‍ ഡേവിസ് & കിരൺ ഇലവുങ്കൽ എന്നിവരുടെ നേതൃത്വത്തില്‍ തിരുന്നാള്‍ കമ്മിറ്റിയും, ട്രസ്റ്റീമാരായ ദീപു പോൾ, ജിൻസൺ സാനി കൂടെ ചേർന്നാണ് പരിപാടികൾക്ക് നേതൃത്വം കൊടുത്തത്.

ഡിട്രോയിറ്റ്‌ കലാക്ഷേത്ര അവതരിപ്പിച്ച താളാത്മകമായ ചെണ്ടമേളവും, നയന വിസ്മയമേകിയ വർണശബളമായ വെടിക്കെട്ടും ഈ വർഷത്തെ തിരുനാള്‍ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. തിരുന്നാള്‍ കുര്‍ബാനയ്ക്കു ശേഷം പാരിഷ് ഹാളില്‍ ആഘോഷപൂര്‍വമായ പൊതുസമ്മേളനവും മിഷന്‍ അംഗങ്ങളുടെ കലാ പരിപാടികളും, CCD നേതൃത്വത്തിൽ കുട്ടികളുടെ സ്കിറ്റും നടന്നു. ശേഷം സ്‌നേഹവിരുന്നോടുകൂടി തിരുന്നാളാഘോഷങ്ങള്‍ സമാപിച്ചു.

പൊതുസമ്മേളനത്തിൽ വച്ച് ഫാ. നിബി കണ്ണായി രചിച്ച ‘നിത്യാരാധന’ എന്ന പുസ്‌തകത്തിന്റെ പ്രകാശനവും ബിഷപ്പ് നിർവഹിച്ചു. കഴിഞ്ഞ വർഷം നടത്തിയ വിവിധ മത്സരങ്ങളിൽ (ബൈബിൾ ക്വിസ്/ ബൈബിൾ വേർസ്, CCD അക്കാഡമിക്, ക്രിബ് കോമ്പറ്റിഷൻ) വിജയികളായവർക്കും, വാർഷിക പിക്‌നിക്കിൽ വിജയികളായ ‘ടീം അരികൊമ്പൻ’ ക്യാപ്റ്റനായ അലീസ ജോബിക്കും, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ‘ടീം ചക്കകൊമ്പൻ’ ക്യാപ്റ്റൻ കരോൾ അജോയ്ക്കും മാർ ജോയ് ആലപ്പാട്ട്‌ സമ്മാനങ്ങൾ വിതരണം ചെയ്തു.

Author

Leave a Reply

Your email address will not be published. Required fields are marked *