ഉമ്മന്‍ചാണ്ടി സ്മരണിക ‘ആര്‍ദ്രമനസ്സ്’ പ്രകാശനം ചെയ്തു

Spread the love

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ‘ ആര്‍ദ്രമനസ്സ്’ എന്ന സ്മരണിക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി പുസ്തകത്തിന്റെ ആദ്യപ്രതി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപിക്ക് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി അധ്യക്ഷത വഹിച്ചു.

കാരുണ്യത്തിന്റെയും കരുതലിന്റെയും മുഖമാണ് ഉമ്മന്‍ ചാണ്ടിയെന്ന് എകെ ആന്റണി പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ രാഷ്ട്രീയത്തിനാണ് ജനം ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. കോണ്‍ഗ്രസിന്റെ കാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സംഘടിപ്പിക്കണം. അതിനായി പ്രത്യേക യൂണിറ്റുകള്‍ രൂപീകരിക്കണമെന്നും എകെ ആന്റണി ആവശ്യപ്പെട്ടു.

ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കാരുണ്യത്തിന്റെ അമ്പാസിഡറാകുക എന്നതാണ് ഉമ്മന്‍ ചാണ്ടിക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ സ്മാരകമെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ ഉള്‍പ്പെടെ ഒളിച്ചോടാതെ സഹായം അഭ്യര്‍ത്ഥിച്ചെത്തിയ അവസാനത്തെ ആളെയും കാണാന്‍ ഉമ്മന്‍ ചാണ്ടി കാട്ടിയ നിശ്ചയദാര്‍ഢ്യം ഈ കാലത്ത് എത്ര നേതാക്കള്‍ക്ക് ഉണ്ടാകും. വര്‍ത്തമാന ഇന്ത്യയില്‍ ഒന്നോ രണ്ടോ കോടീശ്വരന്‍മാരെ സൃഷ്ടിക്കാന്‍ ഭരണയന്ത്രം ഉപയോഗിക്കുന്ന കാലത്ത് രാഷ്ട്രീയം താന്‍ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടിയായിരിക്കണമെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച നേതാവാണ് ഉമ്മന്‍ചാണ്ടി. ജാതിക്കും മതത്തിനും അതീതമായി ജനങ്ങളെ കണ്ട നേതാവാണ് അദ്ദേഹമെന്നും വേണുഗോപാല്‍ പറഞ്ഞു.

ജനമനസ്സില്‍ എക്കാലവും ജീവിക്കുന്ന നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. സാമൂഹ്യക്ഷേമം മനുഷ്യസ്‌നേഹ പ്രവര്‍ത്തനമായി കണ്ടു പ്രവര്‍ത്തിച്ച ഭരണാധികാരിയാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ സേവനം കോണ്‍ഗ്രസിന് മറക്കാനാവുന്നതല്ല. ശത്രക്കളോടുപോലും ക്ഷമിക്കാനുള്ള മനസ്സിനുടമയായിരുന്നു അദ്ദേഹമെന്നും സുധാകരന്‍ പറഞ്ഞു.

അക്ഷീണം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് പ്രചോദനവും മാതൃകയും വഴികാട്ടിയും ആയത് ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തന ശൈലിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ പഴകുളം മധു എഡിറ്ററായ കെപിസിസി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മുഖമൊഴിയും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അവതാരികയും എഴുതിയ ‘ ആര്‍ദ്രമനസ്സ്’ എന്ന സ്മരണികയില്‍ എ കെ ആന്റണി മുതല്‍ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ വരെയുള്ള നേതാക്കളുടെ ഓര്‍മ കുറിപ്പുകളും സാഹിത്യകാരന്മാര്‍,മതനേതാക്കള്‍,മമ്മൂട്ടി,മോഹന്‍ലാല്‍ തുടങ്ങിയ ചലച്ചിത്ര താരങ്ങളുടെ അനുഭവക്കുറിപ്പുകളുമുണ്ട്. വിവാഹ ആലോചന മുതല്‍ ഉമ്മന്‍ചാണ്ടിയുമായുള്ള ആത്മബന്ധവും,കുടുംബ അനുഭവങ്ങളുമെല്ലാം വിശദമായി പ്രതിപാദിക്കുന്ന മറിയാമ്മ ഉമ്മന്‍ചാണ്ടിയുടെ ലേഖനവും പുസ്തകത്തിലുണ്ട്.

മറിയാമ്മ ഉമ്മന്‍,ചാണ്ടി ഉമ്മന്‍ എംഎല്‍എ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് എഡിറ്റര്‍ പഴകുളം മധു നന്ദി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, എഐസിസി സെക്രട്ടറിമാരായ വിശ്വനാഥ പെരുമാള്‍, പിസി വിഷ്ണുനാഥ്, റോജി എം ജോണ്‍,കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ കെ.സി ജോസഫ്, എം.ലിജു,കെപിസിസി ഭാരവാഹികളായ ടി.യു.രാധാകൃഷ്ണ്‍, എന്‍.ശക്തന്‍, വിടി ബലറാം,വിപി സജീന്ദ്രന്‍, ജിഎസ് ബാബു, മരിയാപുരം ശ്രീകുമാര്‍, ജി.സുബോധന്‍,കെ.ജയന്ത്, ദീപ്തി മേരി വര്‍ഗീസ്,എംഎം നസീര്‍,എഎ ഷുക്കൂര്‍,അബ്ദുള്‍ മുത്തലീബ്, ആലിപറ്റ ജമീല,എംപിമാരായ ബെന്നി ബെഹന്നാന്‍,എംകെ രാഘവന്‍,രാജ്‌മോഹന്‍ ഉണ്ണിത്താന്‍, അടൂര്‍ പ്രകാശ്, എംഎംല്‍എമാരായ സജീവ് ജോസഫ്, ഉമാതോമസ്,സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂര്‍, വിഎസ് ശിവകുമാര്‍,വര്‍ക്കല കഹാര്‍,പത്മജാ വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *