മാനസികാരോഗ്യം അവഗണിക്കപ്പെടാന്‍ പാടില്ല: മന്ത്രി വീണാ ജോര്‍ജ്

Spread the love

ഒക്‌ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനം.

തിരുവനന്തപുരം: ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും പ്രധാനമായതിനാല്‍ മാനസികാരോഗ്യം അവഗണിക്കാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശാരീരിക ആരോഗ്യത്തെ സംരക്ഷിക്കാനായി എല്ലാ മുന്‍കരുതലുകളും എടുക്കുമ്പോള്‍ തന്നെ, മാനസികാരോഗ്യം പൊതുവെ അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്. ഈ കാലഘട്ടത്തിലും മാനസികാരോഗ്യ സേവനങ്ങള്‍ വേണ്ടത്ര രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധാരണക്കാര്‍ക്ക് കഴിയാതെ വരുന്നു. ഇതിന് മാറ്റം വരണമെന്നും മന്ത്രി പറഞ്ഞു.

മാനസികാരോഗ്യത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് ഒക്ടോബര്‍ 10ന് ലോകമാനസികരോഗ്യ ദിനമായി ആചരിച്ച് വരുന്നത്. മാനസികാരോഗ്യ സേവനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാനും, ബോധവല്‍കരണത്തിലൂടെ മാനസികാരോഗ്യ രംഗത്തുള്ള സ്ടിഗ്മ കുറയ്ക്കുവാനും, എല്ലാവര്‍ക്കും പൂര്‍ണ മാനസികാരോഗ്യം ഉറപ്പുവരുത്താനുമാണ് ലോകമാനസികാരോഗ്യ ദിനാചരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ‘മാനസികാരോഗ്യം സാര്‍വത്രികമായ ഒരു മനുഷ്യാവകാശമാണ്’ (Mental Health is a Universal Human Right) എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിനാചരണത്തിന്റെ വിഷയം. മാനസികാരോഗ്യ സേവനങ്ങള്‍ പ്രാഥമികാരോഗ്യ തലത്തില്‍ തന്നെ ലഭ്യമാക്കുന്നത് വഴിയാണ് ഇത് സാധ്യമാവുക. ഈ രംഗത്ത് കേരളം ഏറെ മുന്‍പന്തിയിലാണ്.

മാനസികാരോഗ്യ പരിപാടി നടപ്പിലാക്കിയത് വഴി സംസ്ഥാനത്ത് 304 മാനസികാരോഗ്യ ക്ലിനിക്കുകള്‍ മാസംതോറും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലുമായി നടത്തി വരുന്നു. ഇതു മുഖേന നാല്‍പതിനായിരത്തിലധികം രോഗികള്‍ക്ക് ചികിത്സയും മറ്റ് മാനസിക ആരോഗ്യ സേവനങ്ങളും ലഭ്യമാകുന്നുണ്ട്. ഇതിനുപുറമേ മാനസികാരോഗ്യ സേവനങ്ങള്‍ കൂടുതല്‍ പ്രാഥമികാരോഗ്യ തലത്തില്‍ തന്നെ ലഭ്യമാക്കുന്നതിനായി ‘സമ്പൂര്‍ണ്ണ മാനസികാരോഗ്യം’, ‘ആശ്വാസം’, ‘അമ്മ മനസ്’, ‘ജീവരക്ഷ’ പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്.

സമ്പൂര്‍ണ മാനസികാരോഗ്യ പദ്ധതി ഇതുവരെ 576 ഗ്രാമ പഞ്ചായത്തുകളില്‍ നടപ്പിലാക്കിയത് വഴി 28,971 പേരെ പുതുതായി കണ്ടെത്തി ചികിത്സയിലേയ്ക്ക് എത്തിക്കുവാന്‍ കഴിഞ്ഞു. ഇതിനായി 15,990 ആശമാര്‍ക്ക് മാനസികാരോഗ്യ പരിശീലനവും നല്‍കുകയുണ്ടായി. ഈ പദ്ധതി വഴി 40,404 പേര്‍ക്ക് ഇപ്പോള്‍ അവരുടെ അടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രം വഴി മാനസികാരോഗ്യ ചികിത്സ ലഭ്യമാകുന്നു.

‘അമ്മ മനസ്’ പദ്ധതിവഴി ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും, പ്രസവാനന്തരം അമ്മമാര്‍ക്കും പ്രത്യേക മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നു. 7060 ബ്ലോക്ക് തല ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, 16,355 ആശമാര്‍ക്കും അമ്മ മനസിന്റെ ഭാഗമായി പരിശീലനം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ ആത്മഹത്യാ നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ആത്മഹത്യാ പ്രതിരോധത്തിന് ആവശ്യമായ അവബോധം സൃഷ്ടിക്കുക, പരിശീലനം നല്‍കുക എന്നിവ ലക്ഷ്യമിട്ടാണ് ‘ജീവരക്ഷ’ ആത്മഹത്യാ പ്രതിരോധ പദ്ധതി നടപ്പിലാക്കുന്നത്. ആദിവാസി മേഖലകളിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ട്രൈബല്‍ മെന്റല്‍ ഹെല്‍ത്ത് പരിപാടിയും നടപ്പിലാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന്റെ കീഴില്‍ 32 ലഹരി വിമോചന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇതില്‍ 14 എണ്ണം ആരോഗ്യ വകുപ്പും എക്‌സൈസ് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന വിമുക്തി പദ്ധതിയുടെ കീഴിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഇതിനു പുറമേ മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ 304 ക്ലിനിക്കുകളിലൂടെയും ലഹരി വിമോചന ചികിത്സ ലഭ്യമാക്കുന്നുണ്ട്.

മാനസിക പ്രശ്‌നങ്ങള്‍ക്കും വിഷമതകള്‍ക്കും ഇതുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും, ടെലി കൗണ്‍സിലിംഗ് ഉള്‍പ്പടെയുള്ള മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുവാനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ‘ടെലി മനസ്’ സംവിധാനവും പ്രവര്‍ത്തിക്കുന്നു. മാനസികാരോഗ്യ പരിപാടി വഴി എല്ലാ ജില്ലകളിലും ആവശ്യമെങ്കില്‍ നേരിട്ടുളള സേവനങ്ങള്‍ നല്‍കുന്നതിനായിട്ടുള്ള സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *