കേരളീയം കേരളത്തിന്റെ അഭിമാന നേട്ടങ്ങൾ ലോകത്തിനുമുന്നിൽ പൂർണമായി അവതരിപ്പിച്ചു: മുഖ്യമന്ത്രി

Spread the love

മുഖ്യമന്ത്രി നവകേരള കാഴ്ചപ്പാട് പ്രഖ്യാപിച്ചു.
കേരളത്തിന്റെ അഭിമാനകരമായ നേട്ടങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്ന ഉദ്ദേശ്യം പൂർണമായും നിറവേറ്റാൻ കേരളീയം പരിപാടിയിലൂടെ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമ്മുടെ നാടിനെ നാം ഉദ്ദേശിച്ച രീതിയിൽ തന്നെ ദേശീയതലത്തിലും ലോകസമക്ഷവും അവതരിപ്പിക്കാൻ പരിപാടിയിലൂടെ സാധിച്ചു. അത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും. നവംബർ 1 മുതൽ 7 വരെ നീണ്ട കേരളീയം പരിപാടിയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും നവകേരള കാഴ്ചപ്പാടിന്റെ പ്രഖ്യാപനവും നിർവഹിച്ചു തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളീയം നാട് പൂർണമായി നെഞ്ചേറ്റി. നമ്മുടെ നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇതിലൂടെ കാണാൻ കഴിയുന്നത്. ഈ ഒരുമയും ഐക്യവും തുടർന്നും ഉണ്ടാകണം. കേരളത്തിന്റെ പലഭാഗത്തുമുള്ളവർ കേരളീയത്തിൽ പങ്കെടുക്കാനെത്തി. കേരളീയം വൻ വിജയമാക്കിത്തീർത്ത ജനങ്ങളെ മുഖ്യമന്ത്രി അഭിവാദ്യം ചെയ്തു. ദേശീയ, അന്താരാഷ്ട്രതലത്തിൽ എണ്ണപ്പെടുന്ന മഹോത്സവമായി കേരളീയം മാറാൻ പോവുകയാണ്.
കേരളീയത്തിന്റെ എല്ലാ വേദികളിലും ദൃശ്യമായ പുതുതലമുറയുടെ പങ്കാളിത്തം മുഖ്യമന്ത്രി എടുത്തു പറഞ്ഞു. അവരുടെ കണ്ണുകളിൽ കാണാൻ കഴിയുന്ന പുതിയ പ്രതീക്ഷയാണ് കേരളീയം വരും വർഷങ്ങളിലും ആവർത്തിക്കാൻ സർക്കാരിന് കരുത്ത് പകരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.കേരളീയത്തിന്റെ ഭാഗമായി നടത്തിയ 25 സെമിനാറുകളിൽ നിന്ന് ഉയർന്ന അഭിപ്രായങ്ങൾ ഓരോ വിഷയത്തിലും ഭാവിയിൽ സർക്കാർ സ്വീകരിക്കേണ്ട നടപടികൾക്കുള്ള നിർദ്ദേശം ആണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അവയിൽ ഗൗരവ സ്വഭാവമുള്ളതും ഭാവിയ്ക്ക് ഉതകുന്നതുമായ നിർദേശങ്ങൾ നടപ്പാക്കാൻ ശ്രമിക്കും.

റോഡ്, റെയിൽ, ജലഗതാഗത മേഖലകളിൽ പ്രഖ്യാപിച്ച പദ്ധതികൾ മൂന്നുവർഷത്തിനുള്ളിൽ പൂർത്തീകരിക്കാൻ ശ്രമം നടത്തും. വിനോദസഞ്ചാര മേഖലയിൽ 2026 ൽ 15 ലക്ഷം വിദേശ വിനോദസഞ്ചരികളെ കൊണ്ടുവരികയാണ് ലക്ഷ്യം. പഠനത്തിനൊപ്പം തൊഴിലും പദ്ധതി വിപുലപ്പെടുത്തും.പൊതുവിദ്യാഭ്യാസ രംഗത്ത് പട്ടികജാതി/വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകി ഉന്നത വിദ്യാഭ്യാസ മേഖല പ്രാപ്തമാക്കും. ജനാധിപത്യ മതനിരപേക്ഷ ശാസ്ത്ര മൂല്യങ്ങൾ ഉറപ്പാക്കി ആധുനിക സാങ്കേതിക വിദ്യ ഉൾചേർത്തുകൊണ്ടുള്ള സ്‌കൂൾ കരിക്കുലം പരിഷ്‌കരണം എത്രയും പെട്ടെന്ന് പൂർത്തിയാക്കും.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർധിപ്പിക്കും. സംസ്ഥാനത്തിന് പുറത്തേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് തടയാൻ നടപടികൾ സ്വീകരിക്കും. ആരോഗ്യ ഇൻഷുറൻസ് എല്ലാവർക്കും ലഭ്യമാക്കുന്ന പ്രവർത്തിയുടെ വേഗത കൂട്ടും. മുതിർന്ന പൗരന്മാരുടെ മാനസിക-ശാരീരിക ആരോഗ്യ ക്ഷേമം ഉറപ്പാക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കും. സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദം ആക്കും. ഇതിനായി പ്രത്യേക പരിശോധന നടത്തും. എല്ലാ സമിതികളിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

2024ലെ കേരളീയത്തിനൊരുങ്ങാൻ ഒരു വർഷം
2024ലെ കേരളീയത്തിനുള്ള ഒരുക്കങ്ങൾ ഇപ്പോൾ തന്നെ ആരംഭിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു വർഷം സമയം ഇതിനായി ലഭിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കും. ഇതുസംബന്ധിച്ച തീരുമാനം ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *