രമേശ് ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞത്

Spread the love

കണ്ണൂർ വി.സി. നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുകയാണ്. ഈ പ്രശ്നം ആദ്യമായി ഉന്നയിച്ചത് ഞാനായിരുന്നു. പ്രോ വൈസ് ചാൻസലർ എന്ന നിലയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ഇങ്ങനെ ഒരു കത്ത് എഴുതിക്കൊടുക്കാൻ പാടില്ലായിരുന്നു എന്നതാണ് ഞാൻ അന്ന് ഉന്നയിച്ചിരുന്ന പ്രധാന വാദം. അന്ന് ലോകായുക്ത ഞാൻ ഉന്നയിച്ച ഇക്കാര്യം തള്ളിക്കളഞ്ഞു. കേരളഹൈക്കോടതിയിൽ മണികുമാർ ചീഫ് ജസ്റ്റീസായിരുന്ന ബെഞ്ചിലാണ് ഈ കേസ് വന്നത്. ഇപ്പോൾ സുപ്രീം കോടതിയിൽ പോയപ്പോഴാണ് നീതിയും പെറ്റീഷണർക്ക് ന്യായവും ലഭിച്ചത്.

വാസ്തവത്തിൽ 60 കഴിഞ്ഞ ഒരാളെ വൈസ് ചാൻസലറായി നിയമിക്കാൻ യു.ജി.സി. ചട്ടങ്ങൾ അനുവദിക്കുന്നില്ല. ചാൻസലർക്ക് പ്രോ ചാൻസലർ ശുപാർശക്കത്ത് കൊടുക്കുന്നത് മര്യാദകേടാണ്, നീതി നിഷേധമാണ്, അഴിമതിയാണ് സ്വജനപക്ഷപാതമാണ്.
അന്ന് ലോകായുക്തവിധി വന്നപ്പോൾ ഉന്നതവിദ്യാഭ്യാസ മന്ത്രി വളരെ മോശമായിട്ടാണ് എന്നെ വിമർശിച്ചത്, ആക്ഷേപിച്ചത്. ഇന്ന് സുപ്രീകോടതിവിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി മാപ്പുപറയുകയാണ് വേണ്ടത്.
വാസ്തവത്തിൽ ഇതിൽ ഇടപെട്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി ഗവർണ്ണറെ കണ്ട് പറഞ്ഞത് ഇയാളെ നിയമിക്കണം എന്റെ നാട്ടുക്കാരനാണ് എന്നാണ്. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ഗവർണ്ണർക്ക് ശുപാർശക്കത്ത് കൊടുത്തത്. ഇപ്പോൾ ഗവർണ്ണർ വെളിപ്പെടുത്തിയിരിക്കുന്നു മുഖ്യമന്ത്രിയുടെ ഒ എസ് ഡിയും മുഖ്യമന്ത്രിയുടെ ഓഫീസും നേരിട്ട് ഇടപെട്ടിരുന്നുവെന്ന്.

അപ്പോൾ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയാണ് രാജി വെക്കേണ്ടത്. ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് ആ പദവിയിൽ തുടരാൻ ധാർമ്മികമായ അവകാശമില്ല. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി തൽസ്ഥാനത്ത് തുടരുവാൻ പാടില്ല. ഈ വിഷയം പൊതു സമൂഹത്തിനു മുന്നിൽ ആദ്യമായി കൊണ്ടുവന്ന ആളെന്ന നിലയിൽ ഒരു കാര്യം വ്യക്തമായി പറയുന്നു, കണ്ണൂർ വി.സി. നിയമനം ഒരു അനാവശ്യമായിരുന്നു. രവീന്ദ്രനെ വി.സി.യായി നിയമിച്ചത് എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തിയാണ്. ഇത് അധികാരദുർവിനിയോഗവും അഴിമതിയുമാണ്. ഇതിന് നേതൃത്വം കൊടുത്ത മുഖ്യമന്ത്രിയും മന്ത്രിയും തുടരുന്നത് ശരിയല്ല. ഇവരുടെ സമ്മർദ്ദത്തിന് വഴങ്ങിയ ഗവർണ്ണറും കുറ്റക്കാരനാണ്. ഗവർണ്ണർ എന്ന നിലയിൽ സർക്കാരിന്റെ ശുപാർശകൾ അംഗീകരിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്. എന്നാൽ ചാൻസലർ എന്ന നിലയിൽ അംഗീകരിക്കാൻ ബാധ്യതയില്ല.

ഇതിൽനിന്നൊരു കാര്യം വ്യക്തമാകുന്നത് നമ്മുടെ നിയമസംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ്. ഒരു സാധാരണക്കാരനായ വ്യക്തിക്ക് നിയമാനുസൃതം ഗവൺമെന്റ് പ്രവർത്തിച്ചില്ല എന്ന് പറഞ്ഞ് കോടതിയിൽ നീതി ലഭിക്കില്ല , ലോകായുക്തയിൽ പോയാൽ നീതി ലഭിക്കില്ല. സാധാരണക്കാരൻസുപ്രീം കോടതിയിൽ പോകേണ്ട അവസ്ഥയാണ്. ലോകായുക്ത സർക്കാരിന്റെ റബ്ബർ സ്റ്റാമ്പാണ് , മണികുമാറിനെപ്പോലുള്ള ചീഫ് ജസ്റ്റീസുമാർ സർക്കാർ പറയുന്നത് മാത്രം കേൾക്കുന്നു. ഇതൊരു ദു:ഖകരമായ അവസ്ഥയാണ്.

കേരളത്തിൽ മുഖ്യമന്ത്രി പിൻവാതിൽ നിയമനമാണ് നടത്തിയത്. ഇതിനുളള ശുപാർശക്കത്താണ് മന്ത്രി ബിന്ദു കൊടുത്തത്. ഇതൊക്കെ പറഞ്ഞ് എന്നെ ആക്ഷേപിച്ച മന്ത്രി ബിന്ദു കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം. വിധിയുടെ പശ്ചാത്തലത്തിൽ കണ്ണൂർ വി.സി.യുടെ കീഴിൽ നടന്ന എല്ലാ നിയമനങ്ങളും പുന:പരിശോധിക്കണം. പാർട്ടിക്കാരെയും ബന്ധുക്കളെയും കുടിയിരുത്താനാണ് രവീന്ദ്രനെ നിയമിച്ചത്.പുതിയ വി.സി.യെ നിയമിക്കാനുള്ള പ്രോസസിങ് നടന്നുകൊണ്ടിരിക്കേ ഇവർ രവീന്ദ്രനെ നിയമിക്കാൻ സമ്മർദ്ദം ചെലുത്തിയതും തെറ്റാണ്. സമ്മർദ്ദത്തിന് വഴങ്ങിയ ഗവർണ്ണറുടെ നടപടിയും തെറ്റാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *