ഐപിസി ഫാമിലി കോണ്‍ഫറന്‍സ് ബോസ്റ്റണില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു – രാജന്‍ ആര്യപ്പള്ളി

Spread the love

ബോസ്റ്റണ്‍ : ഐപിസി ഫാമിലി കോണ്‍ഫറന്‍സ് ബോസ്റ്റണില്‍ 2024 ഓഗസ്റ്റ് 8-11 വരെ ബോക്‌സ്‌ബോറോ റീജന്‍സി ഹോട്ടല്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. രൂപാന്തിരപ്പെടുത്തുന്ന ദൈവശക്തി (റോമര്‍ 12) എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് തീം. ഈ കാലഘട്ടത്തില്‍ ലോകമെങ്ങും ദൈവത്താല്‍ ഉപയോഗപ്പെടുന്ന സുവിശേഷകര്‍ പ്രസംഗകരായെത്തും. ദൈവവചന ശുശ്രൂഷയ്ക്കും ആരാധനയ്ക്കും പ്രാധാന്യം നല്‍കുന്ന ഈ സമ്മേളനത്തില്‍ കുടുംബ, വിവാഹ സെമിനാറുകള്‍, യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സമ്മേളനങ്ങള്‍ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

ലോകപ്രശസ്തരും അഭിഷിക്തരുമായ പ്രഭാഷകരായ പ്ര. അഗസ്റ്റിന്‍ ജബകുമാര്‍, ഡോ. ഡസ്റ്റി സ്മാള്‍, പാസ്റ്റര്‍ ഡെവണ്‍ ഫ്രൈ എന്നിവര്‍ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകരായിരിക്കും. ലോക പ്രശസ്ത മിഷനറിയും ഇന്ത്യയിലെയും നേപ്പാളിലേയും വിവിധ മിഷണറി ദൗത്യത്തിന്റെ മുന്നണി പോരാളിയും ആയിരക്കണക്കിന് ആളുകളെ രക്ഷയിലേക്ക് നടത്തുകയും ചെയ്തിട്ടൂള്ള സുവിശേഷകന്‍ കൂടിയാണ് ഡോ. അഗസ്റ്റിന്‍ ജെബകുമാര്‍. ലോകത്തിലെ 66 രാജ്യങ്ങളില്‍ സുവിശേഷ സന്ദേശവുമായി എത്തിയ അദ്ദേഹം നൂറുകണക്കിന് മിഷനറിമാരെ സിവിശേഷ വേലക്കായി ഒരുക്കിയെടുക്കുകയും ചെയ്തിട്ടുണ്ട്.

പാസ്റ്റര്‍ ഡസ്റ്റി സ്‌മോളിന് ശക്തമായ ഒരു സാക്ഷ്യമുണ്ട്. അദ്ദേഹം പര്‍പ്പസ് ചര്‍ച്ചിലെ പ്രധാന പാസ്റ്ററാണ്. ബോസ്റ്റണിലെ കണക്ട് ചര്‍ച്ചിലെ അറിയപ്പെടുന്ന യുവ പ്രഭാഷകനും പാസ്റ്ററുമാണ് പാസ്റ്റര്‍ ഡെവണ്‍. ഇവരെ കൂടാതെ അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള അഭിഷിക്ത ദൈവദാസന്മാരും പ്രസംഗിക്കും. ഡോ. ജെസ്സി ജെയ്‌സണാണ് ഈ വര്‍ഷത്തെ വനിതാ സ്പീക്കര്‍. ഇമ്മാനുവല്‍ കെബി മലയാളം ആരാധനക്ക് നേതൃത്വം നല്‍കും. ഷോണ്‍ സാമുവേല്‍, ജസ്റ്റസ് ടാംസ് എന്നിവര്‍ ഇംഗ്ലീഷ് ആരാധനയ്ക് നേത്രത്വം നല്‍കും

ഈ വര്‍ഷം ഐപിസി പാസ്റ്റേഴ്‌സ് & ലീഡേഴ്‌സ് കോണ്‍ഫറന്‍സ്, ഐപിസി 2024 കോണ്‍ഫറന്‍സിന് മുമ്പ് ഓഗസ്റ്റ് 7, 8 തീയതികളില്‍ നടത്തുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ഈ നേതൃത്വ കോണ്‍ഫറന്‍സ് പ്രസക്തമായ വിഷയങ്ങളെ അഭിസംബോധന ചെയ്യും. നേതൃത്വ വെല്ലുവിളികളും സഭാ ശുശ്രൂഷ അവസരങ്ങളും, പാസ്റ്ററല്‍ മിനിസ്ട്രി, കൗന്‍സിലിംഗ്, യുവജനങ്ങളുടെയും സ്ത്രീകളുടെയും പ്രശനങ്ങള്‍, വടക്കേ അമേരിക്കയിലെ സഭകളുടെ ഭാവിയും എന്നീ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. കൂടാതെ സ്‌പോര്‍ട്‌സ്, റിക്രിയേഷന്‍ സെഷനുകളും ഈ കോണ്‍ഫറന്‍സിനെ കൂടുതല്‍ ആകര്‍ഷകമാക്കും.

ഐപിസി ഫാമിലികോണ്‍ഫറന്‍സ് 2024 ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ ഡോ. തോമസ് ഇടുക്കള (ചെയര്‍മാന്‍), ബ്രദര്‍ വെസ്ലി മാത്യു (സെക്രട്ടറി), ബ്രദര്‍ ബേവന്‍ തോമസ് (ട്രഷറര്‍), ഡോ. മിനു ജോര്‍ജ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ രേഷ്മ തോമസ് (ലേഡീസ് കോര്‍ഡിനേറ്റര്‍), പാസ്റ്റര്‍ മാമ്മന്‍ വര്‍ഗീസ് (പ്രാര്‍ത്ഥന കോര്‍ഡിനേറ്റര്‍), ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ (മീഡിയ കോര്‍ഡിനേറ്റര്‍) എന്നിവരോടൊപ്പം നിലവിലുള്ള നാഷണല്‍, ലോക്കല്‍ കമ്മിറ്റികള്‍ 2024 ലെ കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു വരുന്നു.

ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ഫിലഡല്ഫിയ, ടൊറൊന്റൊ, മേരിലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും സമീപ സംസ്ഥാനങ്ങളില്‍ നിന്നും റോഡ് മാര്‍ഗം എത്തിച്ചേരാവുന്ന ദൂരത്തിലാണ് കണ്‍വന്‍ഷന്‍ സെന്റര്‍. www.ipcfamilyconference.org -ല്‍ ഹോട്ടല്‍ ഡിസ്‌കൗണ്ട് നിരക്കുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും സൗകര്യം ഉണ്ട്. ഇന്നുതന്നെ രജിസ്റ്റര്‍ ചെയ്ത് സമ്മേളന പങ്കാളിതം ഉറപ്പാക്കുവാനും പ്രാര്‍ത്ഥിക്കുവാനും സംഘാടക സമിതി അഭ്യര്‍ത്ഥിക്കുന്നു.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളി, നാഷണല്‍ മീഡിയാ കോര്‍ഡിനേറ്റര്‍

 

Author

Leave a Reply

Your email address will not be published. Required fields are marked *