ജന്തുജന്യ രോഗ പ്രതിരോധം, ജെറിയാട്രിക് കെയര്‍: കേരളവുമായി സഹകരിക്കാന്‍ താത്പര്യം

Spread the love

മന്ത്രി വീണാ ജോര്‍ജ് യു.എസ്. എംബസി മിനിസ്റ്റര്‍ കൗണ്‍സിലറുമായി ചര്‍ച്ച നടത്തി.

————————————————————————————————————————

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ന്യൂഡല്‍ഹി യു.എസ്. എംബസിയിലെ പൊളിറ്റിക്കല്‍ അഫയേഴ്‌സ് മിനിസ്റ്റര്‍ കൗണ്‍സിലര്‍ ഗ്രഹാം മേയറുമായി സെക്രട്ടറിയേറ്റില്‍ ചര്‍ച്ച നടത്തി. ജന്തുജന്യ രോഗ പ്രതിരോധത്തിലും ജെറിയാട്രിക് കെയറിലും കേരളവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഗ്രഹാം മേയര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കുന്നതാണ്. കേരളത്തിന്റെ ആരോഗ്യ മേഖല കൈവരിച്ച നേട്ടങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പൊതുജനാരോഗ്യ രംഗത്തും പകര്‍ച്ചവ്യാധി പ്രതിരോധത്തിലും കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം എടുത്തു പറഞ്ഞു.

ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ മേഖലയില്‍ നടന്നു വരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആര്‍ദ്രം മിഷന്റെ ഭാഗമായി ആശുപത്രികളില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സ്ത്രീകളുടെ ആരോഗ്യത്തിന് പ്രത്യേക പദ്ധതിയാവിഷ്‌ക്കരിച്ചു. രാജ്യത്ത് മാതൃ, ശിശു മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. വയോജനങ്ങളുടെ പരിപാലത്തിനും ചികിത്സയ്ക്കും മുന്‍ഗണന നല്‍കുന്നു. പാലീയേറ്റീവ് പരിചരണ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിനായി ആര്‍ദ്രം ജീവിതശൈലീ രോഗനിര്‍ണയ കാമ്പയിനിലൂടെ പരിശോധനയും ചികിത്സയും ഉറപ്പാക്കി. രോഗ പ്രതിരോധത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് സംസ്ഥാനത്ത് 1000 യോഗ ക്ലബ്ബുകള്‍ ആരംഭിച്ചു.

കോവിഡ് പ്രതിരോധത്തില്‍ കേരളം മാതൃകയായി. ഒരുകാലത്തും ഐസിയു, വെന്റിലേറ്ററുകള്‍ക്ക് ക്ഷാമം നേരിട്ടില്ല. കോവിഡിന് ശേഷമുള്ള പോസ്റ്റ് കോവിഡ് ആരോഗ്യ പ്രശ്‌നങ്ങളും ഫലപ്രദമായി നേരിട്ടു. ജന്തുജന്യ രോഗങ്ങളുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനായി രാജ്യത്ത് ആദ്യമായി വണ്‍ ഹെല്‍ത്ത് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. ആരോഗ്യ രംഗത്തെ പുതിയ വെല്ലുവിളികള്‍ നേരിടാനുള്ള പദ്ധതികളും ആവിഷ്‌ക്കരിച്ച് വരുന്നതായും മന്ത്രി വ്യക്തമാക്കി.

Author

Leave a Reply

Your email address will not be published. Required fields are marked *