വാഷിംഗ്ടണ്‍: ജനുവരി 15 ശനിയാഴ്ച മുതല്‍ അമേരിക്കയില്‍ സൗജന്യ ഹോം കോവിഡ് 19 ടെസ്റ്റ് കിറ്റുകള്‍ വിതരണം ആരംഭിക്കും. യുഎസില്‍ കോവിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുക എന്ന ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്റെ ഭാഗമായാണിത് നടപ്പാക്കുക.
ഓണ്‍ലൈന്‍ വഴിയോ, സ്റ്റോറുകളില്‍ നിന്നോ ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ തന്നെ നേരിട്ട് വാങ്ങാവുന്നതാണ്. ടെസ്റ്റ് കിറ്റ് വാങ്ങുമ്പോള്‍ പണം നല്‍കുന്നുണ്ടെങ്കില്‍ അതിന്റെ ബില്ല് സൂക്ഷിക്കേണ്ടതും, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ അത് പൂര്‍ണമായും തിരിച്ച് നല്‍കുന്നതുമാണ്.
ഒരു വീട്ടിലെ ഒരാള്‍ക്ക് ഒരു മാസത്തേക്ക് 8 ടെസ്റ്റ് കിറ്റുകള്‍ ലഭിക്കുമ്പോള്‍ നാലംഗ കുടുംബത്തിന് മാസം 32 കിറ്റുകള്‍ ലഭിക്കും. ഒരു കിറ്റിന്റെ വില 12 ഡോളറാണ്. ജനുവരി 15 മുതല്‍ വാങ്ങുന്നതിനു മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.
വ്യക്തികളുടെ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ നെറ്റ് വര്‍ക്കിലുള്ള ഫാര്‍മസികളില്‍ നിന്നോ സ്റ്റോറുകളില്‍ നിന്നോ വാങ്ങാവുന്നതാണ്. covidtests.gov എന്ന വെബ്‌സൈറ്റിലൂടെ ഓര്‍ഡര്‍ ചെയ്യാം. 12 ദിവസത്തിനുള്ളില്‍ ടെസ്റ്റ് കിറ്റുകള്‍ വീട്ടിലെത്തും.
മെഡികെയര്‍ ഉള്ളവര്‍ക്ക് ഒരു മെഡിക്കല്‍ പ്രൊഫഷണല്‍ വഴി ലാബുകളില്‍ കോവിഡ് 19 ടെസ്റ്റുകള്‍ സൗജന്യമായി ലഭിക്കും. ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് വൈറ്റ് ഹൗസ് ഒരു ഹോട്ട് ലൈന്‍ ആരംഭിക്കും. ഇതിന്റെ ലോഞ്ചിംഗ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.