വാഷിംഗ്ടണ്‍ ഡി.സി.: ഒമിക്രോണ്‍ വ്യാപനം ഇതുവരെ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിട്ടില്ലെന്നും, അടുത്ത ചില ആഴ്ചകളില്‍ ഒമിക്രോണ്‍ വ്യാപനം തീവ്രമായിരിക്കുമെന്നും യു.എസ്. സര്ജന് ജനറല്‍ ഡോ.വിവേക് മൂര്‍ത്തി മുന്നറിയിപ്പു നല്കി. ജനുവരി 16 ഞായറാഴ്ചയാണ് ഇതു സംബന്ധിച്ചു വിവേക് മൂര്‍ത്തി പരസ്യ പ്രഖ്യാപനം നടത്തിയത്.
അമേരിക്കയില്‍ പ്രതിദിനം 800000 കേസ്സുകള്‍ പുതിയതായി ഉണ്ടായികൊണ്ടിരിക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ചു ന്യൂയോര്‍ക്ക് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ വ്യാപനം നേരത്തെ തുടങ്ങിയെന്നും, അത് മറ്റു സംസ്ഥാനങ്ങളിലേക്കും അതിവേഗം വ്യാപിക്കുന്നു. പല സംസ്ഥാനങ്ങളിലും ശൈത്യം പിടിമുറിക്കയതോടെ ആശുപത്രികളില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. കോവിഡ് രോഗികളെ ഉള്‍കൊള്ളുന്നതിനുള്ള സൗകര്യങ്ങള്‍ പല ആശുപത്രികളിലും പരിമിതമാണ്. ഇപ്പോള്‍ ലഭിക്കുന്ന കോവിഡ് വാക്സിന് വളരെ പ്രയോജനം ചെയ്യുന്നുണ്ടെന്നും, കോവിഡിനെ പ്രതിരോധിക്കുന്നതിനും അതിജീവിക്കുന്നതിനും വാക്സിന് എല്ലാവരും സ്വീകരിക്കണമെന്നും ഡോ.മൂര്‍ത്തി നിര്‍ദ്ദേശിച്ചു.
പ്രൈവറ്റ് ബിസിനസ്സ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വാക്സിന് സ്വീകരിക്കുന്നതോ, ടെസ്റ്റ് നടത്തുന്നതിനോ നിര്ബന്ധിക്കുന്നതില് നിന്നും ബൈഡന് ഭരണകൂടത്തെ തടഞ്ഞുകൊണ്ടു ഈയ്യിടെ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് നിരാശാജനകമാണെന്നും മൂര്‍ത്തി അഭിപ്രായപ്പെട്ടു. പൂര്‍ണ്ണമായും വാക്സിനേഷന് സ്വീകരിച്ചവര്‍ക്കും, ബൂസ്റ്റര്‍ ഡോസ് എടുത്തുവര്‍ക്കും കോവിഡ് വീണ്ടും വരാമെങ്കിലും, കാര്യമായ രോഗലക്ഷണങ്ങള്‍ പ്രകടമാകില്ലെന്നും ഡോക്ടര്‍ മൂര്‍ത്തി പറഞ്ഞു.