ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധി സംഘം ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ ചെയര്‍മാന്‍ ഡോ. തോമസ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസുമായി കൂടിക്കാഴ്ച നടത്തി.
മേയര്‍ എറിക് ആഡംസുമായി നടന്ന ചര്‍ച്ചയില്‍ യൂണിയന്‍ സ്‌ക്വയര്‍ പാര്‍ക്കില്‍ ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പ്രതിമയ്ക്കു നേരെ നടന്ന ആക്രമണത്തില്‍ ആശങ്ക അറിയിച്ചു. പാര്‍ക്കില്‍ പോലീസ് സംരക്ഷണം വര്‍ധിപ്പിക്കണമെന്നും കുറ്റക്കാരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
മതസ്ഥാപനങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും എതിരെ നടക്കുന്ന അതിക്രമ പ്രവര്‍ത്തനങ്ങളേയും സംഘം അപലപിച്ചു. സിറ്റി അധികൃതരും സംഘടനാ പ്രതിനിധികളും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനുള്ള ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന മേയറുടെ മുഖ്യ ഉപദേഷ്ടാവിന്റെ നിര്‍ദേശത്തെ തുടര്‍ന്നു ഗിരീഷ് പട്ടേല്‍ കോഓര്‍ഡിനേറ്ററായും ബ്രജ് അഗര്‍വാള്‍, ബീന കോത്താരി എന്നിവര്‍ അംഗങ്ങളായും കമ്മിറ്റിക്കു രൂപം നല്‍കി. ദീപാലി ആഘോഷങ്ങള്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഔദ്യോഗികമായി സംഘടിപ്പിക്കണമെന്നും പ്രതിനിധികള്‍ അഭ്യര്‍ഥിച്ചു.
ന്യൂയോര്‍ക്ക് സിറ്റി ഹാളില്‍ നടന്ന പ്രാഥമിക ചര്‍ച്ചകളില്‍ മേയറിന്റെ മുഖ്യ ഉപദേഷ്ടാവ് ഇന്‍ഗ്രിഡ് ലൂയിസും ഡെപ്യൂട്ടി മേയര്‍ മീര ജോഷി, ഭാരതീയ വിദ്യാഭവന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുധീര്‍ വൈഷ്ണവ്, ശ്രീ സ്വാമി നാരായണന്‍ മുന്ദിര്‍ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ഗിരീഷ് പട്ടേല്‍, ഭക്തി സെന്റര്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ കാര്‍ത്തികേയ പരാഷര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.