ലിന്‍കോള്‍ (നെബ്രസ്ക): നെബ്രസ്കായില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ജെഫ് ഫോര്‍ട്ടല്‍ബെറി തെരഞ്ഞെടുപ്പു ഫണ്ട് സമാഹരണത്തില്‍ തിരിമറി നടത്തുകയും എഫ്ബിഐ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കാതെ കള്ളം പറഞ്ഞുവെന്നും ഫെഡറല്‍ ജൂറി കണ്ടെത്തി. മാര്‍ച്ച് 24നാണ് ഇതുസംബന്ധിച്ച സുപ്രധാന വിധി വന്നത്.
2016 ലായിരുന്നു സംഭവം. നൈജീരിയന്‍ കോടിശ്വരനും ലെബനന് വംശജനുമായ ഗില്‍ബര്‍ട്ട് ചഗൗറിയില്‍നിന്നും 30,000 ഡോളര്‍ സംഭാവനയായി സ്വീകരിച്ചതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ മറച്ചുവച്ചതിനും അധികാരികളോട് തെറ്റായ പ്രസ്താവനകള്‍ നടത്തിയതിനും ഒമ്പതു തവണ റിപ്പബ്ലിക്കന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ഓരോ ചാര്‍ജിനും അഞ്ചു വര്‍ഷം വീതമാണ് ശിക്ഷ ലഭിക്കുക.
ജൂറി വിധി പുറത്തുവന്ന ഉടന്‍ തന്നെ ഹൗസ് സ്പീക്കറും കലിഫോര്‍ണിയായില്‍നിന്നുള്ള ഡെമോക്രാറ്റ് അംഗവുമായ നാന്‍സി പെലോസിയും മൈനോരിറ്റി ലീഡറും കലിഫോര്‍ണിയായില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ അംഗവുമായ കെവിന് മെക്കാര്‍ത്തിയും ജെഫ് ഫോര്‍ട്ടല്‍ബെറിയുടെ രാജി ആവശ്യപ്പെട്ടു.
കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ ആരായാലും ഉടന്‍ രാജിവയ്ക്കണമെന്ന് കെവിന് മെക്കാര്‍ത്തി പറഞ്ഞു. സ്വന്തം പാര്‍ട്ടിയിലെ അംഗമായ ജെഫുമായി ഉടനെ ഇതിനെക്കുറിച്ചു ചര്‍ച്ച ചെയ്യുമെന്നും കെവിന് കൂട്ടിചേര്‍ത്തു. അതേസമയം വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ജെഫ് അറിയിച്ചു.