ഫോർട്ട് വർത്ത് (ടെക്സസ്): ടി.സി.യു റിട്ടയേർഡ് പ്രൊഫസറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ എഡ്വേർഡ് ലീ ബസ്ബി ജൂനിയറിന്റെ (53) വധശിക്ഷാ തീയതി കോടതി നിശ്ചയിച്ചു. 2026 മെയ് 14-നാണ് ശിക്ഷ നടപ്പിലാക്കുക.
2005-ലാണ് ബസ്ബിക്ക് വധശിക്ഷ വിധിച്ചത്. 77 വയസ്സുകാരിയായ ലൗറ ലീ ക്രെയിനെ ഒരു സൂപ്പർമാർക്കറ്റ് പാർക്കിംഗിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.
കൊല്ലപ്പെട്ട പ്രൊഫസറുടെ കാറുമായി ഒക്ലഹോമയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രൊഫസറുടെ മൃതദേഹം പിന്നീട് ടെക്സസ് അതിർത്തിക്ക് സമീപം കണ്ടെത്തി.
തനിക്ക് മാനസിക വൈകല്യമുണ്ടെന്ന വാദവുമായി ബസ്ബി പലതവണ അപ്പീൽ നൽകിയിരുന്നു. ഇതിനെത്തുടർന്ന് 2020-ൽ വധശിക്ഷ സ്റ്റേ ചെയ്തിരുന്നെങ്കിലും, ഈ വർഷം കോടതി അപ്പീലുകളെല്ലാം തള്ളിയതോടെയാണ് ശിക്ഷ നടപ്പിലാക്കാൻ ഉത്തരവായത്.