ക്രിസ്മസ് ദിനത്തിൽ കാലിഫോർണിയയിൽ അതിശക്തമായ മഴയും പ്രളയവും, മൂന്ന് മരണം

Spread the love

കാലിഫോർണിയ: ക്രിസ്മസ് ദിനത്തിൽ കാലിഫോർണിയയുടെ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിച്ച ശക്തമായ മഴയിലും പ്രളയത്തിലും മൂന്ന് പേർ മരിച്ചു. പസഫിക് സമുദ്രത്തിൽ നിന്നുള്ള ‘അറ്റ്‌മോസ്ഫെറിക് റിവർ’ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴ തെക്കൻ കാലിഫോർണിയയിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.

സാൻ ഡിയാഗോയിൽ മരം വീണ് 64-കാരനും, റെഡിംഗിൽ പ്രളയത്തിൽ കാറിനുള്ളിൽ കുടുങ്ങി 74-കാരനും, മെൻഡോസിനോ കൗണ്ടിയിൽ തിരമാലയിൽപ്പെട്ട് 70-കാരിയുമാണ് മരിച്ചത്.

ലോസ് ഏഞ്ചൽസ് ഉൾപ്പെടെയുള്ള തെക്കൻ കൗണ്ടികളിൽ ഗവർണർ ഗാവിൻ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പലയിടങ്ങളിലും ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശിച്ചു.

സംസ്ഥാനത്തുടനീളം ഏകദേശം ഒരു ലക്ഷത്തോളം പേർ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുകയാണ്. സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിൽ മണിക്കൂറിൽ 161 കിലോമീറ്റർ വേഗതയിൽ വരെ കാറ്റുവീശി.

അവധിക്കാല യാത്രകൾ നടക്കുന്ന സമയമായതിനാൽ റോഡുകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ലോസ് ഏഞ്ചൽസ് മേയർ കാരെൻ ബാസ് മുന്നറിയിപ്പ് നൽകി. പല പ്രധാന പാതകളും വെള്ളപ്പൊക്കം കാരണം അടച്ചിട്ടിരിക്കുകയാണ്.

വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Author

Leave a Reply

Your email address will not be published. Required fields are marked *