ബോസ്റ്റൺ: ബോസ്റ്റണിൽ ഉപരിപഠനം നടത്തിവരികയായിരുന്ന 23 കാരിയായ ഇന്ത്യൻ വിദ്യാർത്ഥിനിയെ കാണാതായി. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലുള്ള കനഗൽ മണ്ഡലത്തിലെ ശബ്ദുള്ളാപുരം സ്വദേശിനിയായ ശ്രീജ റെഡ്ഡിയെയാണ് കാണാതായത്. ഒരു വർഷം മുൻപ് യു.എസിൽ എത്തിയ ശ്രീജ ബോസ്റ്റണിലെ യുമാസ് സർവ്വകലാശാലയിലെ വിദ്യാർത്ഥിനിയാണ്. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തുവരികയായിരുന്നു.
നവംബർ 2-ന് താമസസ്ഥലത്തുനിന്നും വൈകുന്നേരം നടക്കാനിറങ്ങിയ ശ്രീജയെ അതിനുശേഷമാണ് കാണാതാകുന്നത്. അന്നുമുതൽ ഇവരുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പെൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി നവംബർ 3-നാണ് സുഹൃത്തുക്കൾ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നവംബർ 4-ന് ബോസ്റ്റൺ പൊലീസ് ഡിപ്പാർട്ട്മെന്റ് ഔദ്യോഗികമായി പെൺകുട്ടിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചുകൊണ്ട് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
മകളെ കാണാതായതു മുതൽ യാതൊരു വിവരവും ലഭ്യമല്ലെന്നും അതീവ ആശങ്കയോടെ മകളുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും ശ്രീജയുടെ പിതാവ് കൊയ്യ യാദഗിരി റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. അടുത്തിടെ നാട്ടിൽ വന്ന് ഒരു മാസം കുടുംബത്തോടൊപ്പം ചിലവഴിച്ച ശേഷമാണ് ശ്രീജ യു.എസിലേക്ക് മടങ്ങിയത്. സംഭവദിവസം കോളേജിൽ പോയി മുറിയിൽ തിരിച്ചെത്തിയ ശേഷം പുറത്തേക്ക് നടക്കാനിറങ്ങിയതായിരുന്നുവെന്നും, താമസസ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെവച്ചാണ് കാണാതായതെന്നും പിതാവ് വ്യക്തമാക്കി.
മെലിഞ്ഞ ശരീരപ്രകൃതിയുള്ള ശ്രീജയ്ക്ക് 5 അടി 3 ഇഞ്ച് മുതൽ 5 അടി 5 ഇഞ്ച് വരെ ഉയരമുണ്ട്. കാണാതാകുന്ന സമയത്ത് കറുത്ത ജാക്കറ്റും ബ്ലൂ ജീൻസുമാണ് ധരിച്ചിരുന്നത്.