വെസ്റ്റ് മിയാമി (ഫ്ളോറിഡ): മയാമി കൗണ്ടി ജയിലില്‍ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ നാലു ഫ്ളോറിഡ സ്റ്റേറ്റ് കറക്ഷന് ഓഫീസര്‍മാര്‍ അറസ്റ്റില്‍.
റൊണാള്‍ഡ് കോണര്‍, ജെറിമി ഗോഡ്ബോള്‍ട്ട്, ക്രസ്റ്റഫര് റോളന്, കാര്‍ക്ക് വാള്ട്ടന് എന്നിവര്‍ക്കെതിരെ സെക്കന്‍ഡ് ഡ്രിഗി മര്‍ഡര്‍, ക്രൂവല്‍ ട്രീറ്റ്മെന്റ്, എല്‍ഡര്‍ലി പേഴ്സണ്‍ അബ്യൂസ് എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു ജയിലിലടച്ചു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ മൂന്നു വരെ ഏപ്രില്‍ 28 നും ഒരാളെ ഏപ്രില്‍ 29നു മാണ് അറസ്റ്റ് ചെയ്തത്.
മാനസിക രോഗികളെ പാര്‍പ്പിച്ചിരുന്ന മുറിയിലെ കൊലക്കേസ് പ്രതി റൊണാള്‍ഡ് ഇന്‍ഗ്രാം (60) ഒരു ഓഫീസറുടെ നേരെ മൂത്രം ഒഴിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇതിനെതുടര്‍ന്നു ഇയാളെ കൈയാമം വച്ച് നാലു പേരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. തീരെ അവശനായ പ്രതിയെ അവിടെനിന്നും വാഹനത്തില്‍ കയറ്റി മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ഇയാള്‍ കൊലക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു.
1600 മണിക്കൂറുകള്‍ നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ മെഡിക്കല്‍ എക്സാമിനറുടെ റിപ്പോര്‍ട്ടില്‍ പ്രതി മരിച്ചത് വാരിയെല്ലുകള്‍ ഒടിഞ്ഞും ശ്വാസ കോശങ്ങള്‍ തകര്‍ന്നും ആന്തരിക രക്തസ്രാവത്താലുമാണെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് അറസ്റ്റ്
ഇത്തരം സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇതു ഫ്ളോറിഡയില്‍ നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണെന്നും സ്റ്റേറ്റ് അറ്റോര്‍ണി കാതറിന് ഫെര്‍ണാണ്ടസ് പറഞ്ഞു.