അലബാമ: കോടതിയില്‍ ഹാജരാക്കാനെന്നു പറഞ്ഞ് ജയിലില്‍ നിന്നും കൊണ്ടുപോയ കൊലക്കേസ് പ്രതിയും ഇയാളെ അനുഗമിച്ച ഡെപ്യൂട്ടിയും അപ്രത്യക്ഷരായി. 25 വര്‍ഷം സര്‍വീസുള്ള ഓഫീസറെയാണ് പ്രതിക്കൊപ്പം കാണാതായത്. വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് ജയിലിന്റെ കോര്‍ട്ട് ട്രാന്സ്പോര്ട്ടേഷന് ചുമതലയുള്ള അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് കറക്ഷന്‍സ് ഡെപ്യൂട്ടി വിക്കി വൈറ്റ് (56) കോടതിയില്‍ ഹാജരാക്കാമെന്ന് പറഞ്ഞ് കൊലക്കുറ്റം ചുമത്തിയ പ്രതി കെയ്സി വൈറ്റിനെ (35) പട്രോള്‍ കാറില്‍ കയറ്റി കൊണ്ടുപോയത്.
ഇയാളെ കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പ് മാനസീകാരോഗ്യം പരിശോധിക്കണമെന്ന് ഓഫീസര്‍ സഹപ്രവര്‍ത്തരോട് പറഞ്ഞു. എന്നാല്‍ ഇരുവരും കോടതിയില്‍ എത്തിയില്ല. ഇതോടെ ഇവരെക്കുറിച്ച് അന്വേഷണം തുടങ്ങി. തുടര്‍ന്ന് വിക്കി വൈറ്റിന്റെ പട്രോള്‍ വാഹനം ഒരു ഷോപ്പിങ് സെന്ററിന്റെ പാര്‍ക്കിങ്ങില്‍ കണ്ടെത്തി. ഓഫീസറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല എന്നാണ് അന്വേഷണ ചുമതലയുള്ള ലോഡര്‍ ഡെയ്ല്‍ കൗണ്ടി ഷെറീഫ് റിക്ക് സിംഗിള്‍ട്ടണ്‍ പറഞ്ഞത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ രണ്ടുപേര്‍ സുരക്ഷയ്ക്ക് ഉണ്ടാകണമെന്ന നിയമം ലംഘിച്ചത് ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനമാണ്. നിയമം അറിയാവുന്ന ഓഫീസര്‍ എന്തുകൊണ്ട് ഇത് പിന്തുടര്ന്നില്ല എന്ന ചോദ്യവും ഉയരുന്നു. പ്രതിയെ കൊണ്ടു പോകുമ്പോള്‍ ഓഫീസറുടെ കൈവശം ഉണ്ടായിരുന്ന റിവോള്‍വര്‍ പ്രതി കൈവശപ്പെടുത്തിയോ, അതോ ഓഫീസര്‍ അറിഞ്ഞുകൊണ്ട് ഇയാളെ രക്ഷപ്പെടാന്‍ അനുവദിച്ചോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.