മുങ്ങിയ വനിതാ ഓഫിസറും തടവുകാരനും പിടിയില്‍; സ്വയംവെടിവച്ച് വിക്കി ആത്മഹത്യ ചെയ്തു

Spread the love

ഇന്ത്യാന: അലബാമയിലെ ലോഡര്‍ഡേല്‍ കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററില്‍നിന്ന് കാണാതായ വനിതാ ഓഫിസറെയും തടവുകാരനെയും പിടികൂടി. ഏപ്രില്‍ 29നാണ് ഡിറ്റന്‍ഷന്‍ സെന്ററിലെ വനിതാ കറക്ഷന്‍ ഓഫിസറായ വിക്കി വൈറ്റ് (56), കൊലപാതകത്തിനു ശിക്ഷിക്കപ്പെട്ടു തടവില്‍ കഴിയുന്ന കാസി വൈറ്റ് (36) എന്നിവര്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍നിന്നു കടന്നുകളഞ്ഞത്.

തിങ്കളാഴ്ച വൈകിട്ട് ആറു മണിക്ക് ഇന്ത്യാന ഇവാന്‍സ്വില്ലിയില്‍ നിന്നും യുഎസ് മാര്‍ഷല്‍ ആണ് ഇവരെ പിടികൂടിയത്. ഇതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുകയും വനിതാ ഓഫിസര്‍ വെടിവച്ച് ആത്ഹത്യ ചെയ്യുകയും ചെയ്തിരുന്നു.

Picture

കാസി വൈറ്റും വിക്കി വൈറ്റും സഞ്ചരിച്ചിരുന്ന വാഹനത്തെ ദീര്‍ഘദൂരം പിന്തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്. പൊലീസില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള ശ്രമത്തില്‍ അതിവേഗത്തില്‍ ഓടിച്ച വാഹനം അപകടത്തില്‍ പെടുകയായിരുന്നു. പൊലീസിന് ഒരു വെടിയുണ്ട പോലും ഉപയോഗിക്കേണ്ടി വന്നിട്ടില്ലെന്ന് യുഎസ് മാര്‍ഷല്‍ പറഞ്ഞു. വാഹനം അപകടത്തില്‍ പെട്ടനേരം വിക്കി വൈറ്റ് സ്വയം നിറയൊഴിക്കുകയായിരുന്നു. പൊലീസ് വിക്കി വൈറ്റിനേയും കാസി വൈറ്റിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിക്കി മരണത്തിന് കീഴടങ്ങി. ഇവരെ കണ്ടെത്തുന്നവര്‍ക്ക് 25000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

Picture3

കാസി വൈറ്റ്‌നെ ഞായറാഴ്ച ഇന്ത്യാന ഇവാന്‍സ് വില്ലിയിലെ ഒരു കാര്‍വാഷില്‍ കണ്ടെത്തിയതായി ക്യാമറ ദൃശ്യങ്ങളില്‍ നിന്നും പൊലീസ് മനസിലാക്കി. ഇവിടെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. വളരെ തന്ത്രപൂര്‍വമാണ് വിക്കി വൈറ്റ് നിരവധി കേസുകളില്‍ 75 വര്‍ഷം തടവുശിക്ഷ അനുഭവിച്ചു വന്നിരുന്ന കാസി വൈറ്റിനെ ഡിറ്റന്‍ഷന്‍ സെന്ററില്‍ നിന്നും കടത്തിക്കൊണ്ടുപോയത്. 36 വയസുള്ള കാസിയും 56 വയസുള്ള വിക്കിയും തമ്മില്‍ ഒരു വര്‍ഷമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

വിക്കി വൈറ്റും കാസി വൈറ്റും തമ്മില്‍ ഒരു ‘പ്രത്യേക ബന്ധം’ ഉണ്ടായിരുന്നെന്ന് ഡിറ്റന്‍ഷന്‍ സെന്ററിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിക്കിയും കാസിയും തമ്മില്‍ സാധാരണയില്‍ കവിഞ്ഞും അടുപ്പമുണ്ടായിരുന്നതായി വിശ്വസനീയമായ ഉറവിടങ്ങളിലൂടെ സ്ഥിരീകരിച്ചെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാസിയുടെ സഹതടവുകാരും ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സൂചനകള്‍ നല്‍കിയിട്ടുണ്ട്. ‘ജയിലിനുള്ളില്‍ കാസിക്കു പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് മറ്റു തടവുകാര്‍ ഞങ്ങളോട് പറഞ്ഞു. അവന്റെ ട്രേകളില്‍ അധിക ഭക്ഷണം നല്‍കുമായിരുന്നു. മറ്റാര്‍ക്കും ലഭിക്കാത്ത പ്രത്യേകാവകാശങ്ങള്‍ ലഭിച്ചു. ഇതെല്ലാം വിക്കിയുടെ ഇടപെടല്‍ മൂലമാണ്’ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2020ലാണ് കാസി വൈറ്റിനെ ലോഡര്‍ഡേല്‍ കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് കൊണ്ടുവരുന്നത്. കാസിയും വിക്കിയും ആദ്യം കണ്ടുമുട്ടുന്നത് അപ്പോഴാണെന്നാണ് കരുതുന്നത്. കുറച്ചു നാളുകള്‍ക്കുശേഷം കാസിയെ മറ്റൊരു ജയിലിലേക്ക് മാറ്റി. എന്നാല്‍ വിക്കിയും കാസിയും ഫോണ്‍വഴി ആശയവിനിമയം തുടര്‍ന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കാസിയെ വീണ്ടും ലോഡര്‍ഡേല്‍ കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇതിനു ശേഷമാണ് ജയില്‍ ചാടുന്നതിനുള്ള പദ്ധതികള്‍ ഇവര്‍ ആസൂത്രണം ചെയ്തതെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു

Author

Leave a Reply

Your email address will not be published. Required fields are marked *