ധര്‍മ സന്‍സഡ് കൊലവിളി ഞെട്ടിപ്പിക്കുന്നത് : കെ സുധാകരന്‍ എംപി

Spread the love

ഹരിദ്വാര്‍ ധര്‍മ സന്‍സഡില്‍ മുസ്ലീംകള്‍ക്കും മറ്റു മതന്യൂനപക്ഷങ്ങള്‍ക്കുമെതിരേ ഉയര്‍ന്ന കൊലവിളി ഞെട്ടിപ്പിക്കുന്നതാണെന്നും വിദ്വേഷപ്രസംഗകര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാത്ത ഭരണകൂട ഭീകരത ഭയപ്പെടുത്തുന്നതാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങളെ വംശഹത്യ നടത്തണമെന്ന ആഹ്വാനം മുമ്പ് ഹിറ്റ്‌ലറും മുസോളനിയും മുഴക്കിയതാണ്. മതന്യൂനപക്ഷങ്ങളെ ആശങ്കയിലാഴ്ത്തിയ ധര്‍മ സന്‍സഡ് വിദ്വേഷ പ്രസംഗത്തിനെതിരേ രാഷ്ട്രീയകാര്യ സമിതി ശക്തമായി പ്രതിഷേധിച്ചു.

കര്‍ണാടകത്തിലും മറ്റു ചില സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്കുനേരേ തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമങ്ങളില്‍ ആശങ്ക രേഖപ്പെടുത്തുന്ന കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖിന്റെ പ്രമേയം അംഗീകരിച്ചു. എം ലിജു പിന്തുണച്ചു.

ഡിസിസി പുനഃസംഘടനയ്ക്ക് ഡിസിസി പ്രസിഡന്റും ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന് യോജിച്ച പാനല്‍ ഉണ്ടാക്കി കെപിസിസിക്കു കൈമാറണം. ഡി.സി.സി.കള്‍ ഒരാഴ്ചക്കുള്ളില്‍ പാനല്‍ നല്കണം. രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള അധ്യാപകരെയും മറ്റു ജീവനക്കാരെയും ഭാരവാഹികളാക്കാം.

കെ.പി.സി.സി. സെക്രട്ടറിമാരുടെ നോമിനേഷന്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതാണ്.

തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് തിരുവഞ്ചുര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള അച്ചടക്ക കമ്മിറ്റിക്ക് കൈമാറി.

കോണ്‍ഗ്രസിന്റെ 137-ാം ജന്മദിനത്തോട് അനുബന്ധിച്ച് ആരംഭിച്ച 137രൂപ ചലഞ്ചിന് നല്ല പ്രതികരണമാണ് ലഭിച്ചത്. ഇതു കൂടുതല്‍ ഊര്‍ജസ്വലമാക്കും.

കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി (സി.യു.സി) രൂപീകരണം പാര്‍ട്ടിയില്‍ വലിയ ചലനമുണ്ടാക്കി. 25 മുതല്‍ 30 വരെ പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇപ്പോള്‍ സി.യു.സിയില്‍ ഉള്ളത്. അടുത്ത ഘട്ടത്തില്‍ സി.യു.സികളെ കുടുംബ യൂണിറ്റാക്കി മാറ്റും. ജവഹര്‍ ബാല്‍മഞ്ച്, കെ.എസ്.യു, മഹിളാകോണ്‍ഗ്രസ്, യൂത്ത് കോണ്ഗ്രസ് എന്നിവയിലേക്ക് അംഗങ്ങളെ ചേര്‍ക്കാനുള്ള പ്ലാറ്റ്‌ഫോമായി സിയുസികളെ മാറ്റിയെടുക്കും.

എല്ലാ സീനിയര്‍ നേതാക്കളും സി.യു.സി.യില്‍ അംഗമാകും. അവരുടെ സാന്നിദ്ധ്യം സി.യു.സിക്ക് ആവേശം പകരും.

സി.യു.സി.യുടെ നടത്തിപ്പിന് പ്രത്യേക സമിതി രൂപീകരിക്കും.സംസ്ഥാനതലം മുതല്‍ താഴേക്ക് പ്രത്യേക സമിതി പ്രവര്‍ത്തിക്കും.

പോഷക സംഘടനകളുടെ ചുമതല ഒരു വ്യക്തിക്കു പകരം സമിതിയെ എല്‍പ്പിക്കും. സാമ്പത്തിക കാര്യങ്ങള്‍ക്കും സമിതി ഉണ്ടാകും.

പാര്‍ട്ടി പവര്‍ത്തനത്തിനിടയില്‍ കേസും മര്‍ദനവുമേറ്റ കെ.എസ്.യു/യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്കാന്‍ ലീഗല്‍ എയ്ഡ് കമ്മിറ്റി സംസ്ഥാന/ജില്ലാ തലങ്ങളില്‍ ഉണ്ടാകും. സുപ്രീം കോടതിയില്‍ വരെ അഭിഭാഷകരെ നിയോഗിക്കും.

‘കെ റെയില്‍ വേണ്ട കേരളം മതി’യെന്ന പിസി വിഷ്ണുനാഥിന്റെ നിര്‍ദേശം സ്വീകരിച്ച് കെ റെയിലിന് എതിരേയുള്ള മുദ്രാവാക്യമായി സ്വീകരിച്ചു.

പോലീസ് അതിക്രമങ്ങള്‍ക്കെതിരേയും സ്ത്രീകള്‍ക്കെതിരേയുമുള്ള വ്യാപകമായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഷാനിമോള്‍ ഉസ്മാന്‍ അവതരിപ്പിച്ച പ്രമേയം പാസാക്കി.

അന്തരിച്ച കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റും എം.എല്‍.എ.യുമായ പി.ടി. തോമസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. കോണ്‍ഗ്രസിന്റെ പ്രതിച്ഛായ വാനോളം ഉയര്‍ത്തിയ നേതാവായിരുന്നു അദ്ദേഹമെന്നു കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *