ഹൂസ്റ്റണ്‍: ഹാരിസ് കൗണ്ടിയില്‍ പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിലേക്കെത്തിയതോടെ കോവിഡ് ലെവല്‍ ഓറഞ്ചില്‍ നിന്നും റെഡിലേക്കുയര്‍ത്തിയതായി ജനുവരി പത്തിന് തിങ്കളാഴ്ച ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡല്‍ഗ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.
കഴിഞ്ഞ 14 ദിവസത്തെ ഐസിയു കേസുകള്‍ 18.1 ശതമാനമാണെന്ന് തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ജഡ്ജി അറിയിച്ചു. ഇപ്പോള്‍ നാം വീണ്ടും മറ്റൊരു കോവിഡ് സുനാമിയെ നേരിടുകയാണ്. ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനം കൗണ്ടിയില്‍ അതി ശക്തമായിരിക്കുന്നു. സാധാരണ നിലയിലേക്ക് മടങ്ങി എന്ന ആശ്വാസത്തിനിടയിലാണ് അപ്രതീക്ഷിതമായി കോവിഡ് വീണ്ടും ഉയര്‍ന്ന നിലയിലേക്ക് എത്തിയതെന്നും അവര്‍ പറഞ്ഞു.
ഹാരിസ് കൗണ്ടിയിലെ സ്‌കൂളുകളില്‍ 111,000 കോവിഡ് ടെസ്റ്റ് സെറ്റുകള്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. ചൊവ്വാഴ്ച പ്ലാനറ്റ് ഫോര്‍ഡ് സ്റ്റേഡിയത്തില്‍ ഹാരിസ് കൗണ്ടി പബ്ലിക് ഹെല്‍ത്തുമായി സഹകരിച്ച് ടെസ്റ്റിംഗ് സൈറ്റ് തുറന്നു പ്രവര്‍ത്തിക്കും. മുന്നൂറ് പിസിആര്‍ ടെസ്റ്റുകള്‍ പ്രതിദിനം അടുത്ത രണ്ടാഴ്ച നടത്തുന്നതിനുള്ള സൗകര്യവും ഇവിടെ ഉണ്ടായിരിക്കുമെന്നും ജഡ്ജി അറിയിച്ചു. വാക്‌സിനേഷനും, ഫേസ് മാസ്‌കും, സോഷ്യല്‍ ഡിസ്റ്റന്‍സും പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി.