ഇ സഞ്ജീവനിയില്‍ ഡോക്ടറെ നേരില്‍ കണ്ട് മന്ത്രി വീണാ ജോര്‍ജ്

Spread the love

തിരുവനന്തപുരം: സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനിയില്‍ പ്രവേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഡോക്ടറെ കണ്ടു. കോവിഡ് പശ്ചാത്തലത്തില്‍ ധാരാളം പേര്‍ ഇ സഞ്ജീവനി ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇ സഞ്ജീവനിയുടെ പ്രവര്‍ത്തനം, ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന്‍, വെയിറ്റിംഗ് സമയം എന്നിവ മനസിലാക്കാനാണ് മന്ത്രി നേരിട്ട് ഇ സഞ്ജീവനി പ്ലാറ്റ്‌ഫോമില്‍ പ്രവേശിച്ചത്.

പേര് രജിസ്റ്റര്‍ ചെയ്ത് ടോക്കണ്‍ നമ്പര്‍ കിട്ടിയ ശേഷം ഒന്നര മിനിറ്റ് മാത്രമേ മന്ത്രിക്ക് ക്യൂവില്‍ കാത്തിരിക്കേണ്ടി വന്നുള്ളൂ. വീഡിയോ കോണ്‍ഫറന്‍സിലൂടെ തൃശൂരില്‍ നിന്നുള്ള ഡോക്ടര്‍ അഭിന്യ ഓണ്‍ലൈനില്‍ വന്നു. മന്ത്രിയാണ് അപ്പുറത്തെന്ന് മനസിലാക്കിയതോടെ ഡോക്ടര്‍ അമ്പരന്നു. ഇ സഞ്ജീവനിയുടെ പ്രവര്‍ത്തനം നേരിട്ട് മനസിലാക്കാനാണ് എത്തിയതെന്ന് മന്ത്രി അറിയിച്ചു. രോഗികളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. ഇന്ന് 50 രോഗികള്‍ക്ക് കണ്‍സള്‍ട്ടേഷന്‍ നല്‍കി. രാവിലെ 8 മണി മുതല്‍ ഉച്ചവരെയാണ് ഡ്യൂട്ടി സമയം. 90 ശതമാനവും സത്യസന്ധമായ രോഗികളാണെന്നും ഡോക്ടര്‍ പറഞ്ഞു.

ഇ സഞ്ജീവനിയില്‍ ഡോക്ടര്‍മാരെ കാണുന്നതിനുള്ള കാത്തിരിപ്പ് സമയം പരമാവധി കുറയ്ക്കാന്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ ഇ സഞ്ജീവനി ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *