റിപ്പബ്ലിക് ദിന പരേഡില്‍ “അബൈഡ് വിത്ത് മീ” ഗാനം ഒഴിവാക്കിയതില്‍ ഫിയക്കോന പ്രതിഷേധിച്ചു

Spread the love

വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തിന്റെ ആരംഭം മുതല്‍ ആലപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ ഇഷ്ടഗാനമായ ‘അബൈഡ് വിത്ത് മീ’ ഒഴിവാക്കിയതില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ശക്തമായി പ്രതിഷേധിക്കുന്നതായി സംഘടനയുടെ പ്രസിഡന്റ് കോശി ജോര്‍ജ് പ്രസ്താവനയിലൂടെ അറിയിച്ചു.

കഴിഞ്ഞ 73 വര്‍ഷമായി ഇന്ത്യന്‍ ആര്‍മി ബാന്റിന്റെ അകമ്പടിയോടെ റിപ്പബ്ലിക് ദിന പരേഡില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തിയിരുന്ന ഈ ഗാനം ഈ വര്‍ഷത്തെ പരേഡില്‍ നിന്ന് ഒഴിവാക്കിയത് മോദി ഗവണ്‍മെന്റിന്റെ തരംതാണ പ്രവര്‍ത്തനത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ക്രിസ്തീയ വിശ്വാസത്തോടുള്ള വെറുപ്പ് മോദി സര്‍ക്കാരില്‍ ആഴത്തില്‍ വേരൂന്നിയിരിക്കുന്നതാണ് പരേഡില്‍ നിന്നും ഗാനം ഒഴിവാക്കിയത് സൂചിപ്പിക്കുന്നതെന്നും കോശി ആരോപിച്ചു.

ബ്രിട്ടീഷ് ഭരണത്തിലാണ് ക്രിസ്ത്യന്‍ വിശ്വാസം ഇന്ത്യാ സാമ്രാജ്യത്തില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതെന്നാണ് ഹിന്ദു നാഷണലിസ്റ്റുകള്‍ കരുതുന്നതെന്നും, എന്നാല്‍ എ.ഡി 52-ല്‍ തോമസ് അപ്പസ്‌തോലനാണ് ക്രിസ്തീയ സന്ദേശം ഇവിടെ പ്രചരിപ്പിച്ചതെന്നും ഫിയക്കോന ബോര്‍ഡ് മെമ്പര്‍ ജോണ്‍ മാത്യു പറഞ്ഞു.

കൊളോണിയില്‍ അധികാരത്തിനെതിരേ മഹാത്മജിയുടെ ആശയങ്ങളില്‍ ആവേശഭരിതരായി ക്രിസ്ത്യന്‍ മിഷണറിമാര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന യാഥാര്‍ത്ഥ്യം മോദിയും, അദ്ദേഹം ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടിയും ബോധപൂര്‍വ്വം വിസ്മരിക്കുകയാണെന്ന് ഫിയക്കോനയുടെ മറ്റൊരു ഡയറക്ടറും അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജോര്‍ജ് ഏബ്രഹാം അഭിപ്രായപ്പെട്ടു. ക്രിസ്ത്യന്‍, ഹിന്ദു, മുസ്‌ലീം, സിക്ക്, ബുദ്ധിസ്റ്റ് ആരാധനാലയങ്ങളില്‍ ജനുവരി 30-ന് ഈ ഗാനം ആലപിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

 

Author

Leave a Reply

Your email address will not be published. Required fields are marked *