കോവിഡ് വ്യാപനത്തോത് കുറയുന്നു : മന്ത്രി വീണാ ജോര്‍ജ്

Spread the love

ഹ്രസ്വകാല യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ വേണ്ട

കേന്ദ്ര ബജറ്റ് ആരോഗ്യ മേഖലയെ സംബന്ധിച്ച് നിരാശാജനകം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തോത് കുറയുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജനുവരി ആദ്യ ആഴ്ചയില്‍ 45 ശതമാനവും രണ്ടാം ആഴ്ചയില്‍ 148 ശതമാനവും മൂന്നാം ആഴ്ചയില്‍ 215 ശതമാനവും ആയി കേസുകള്‍ വര്‍ധിച്ചിരുന്നു. എന്നാല്‍ നാലാം ആഴ്ചയില്‍ 71 ശതമാനമായും ഇക്കഴിഞ്ഞ

ആഴ്ചയില്‍ 16 ശതമാനമായും കുറഞ്ഞു. പരിശോധന കൂടിയിട്ടും കേസുകള്‍ കൂടുന്നില്ല. 42.47 ശതമാനം കോവിഡ്, നോണ്‍ കോവിഡ് രോഗികള്‍ മാത്രമാണ് ഐസിയുവിലുള്ളത്. 57 ശതമാനത്തോളം ഐസിയു കിടക്കകള്‍ ഒഴിവുണ്ട്. 15.2 ശതമാനം കോവിഡ്, നോണ്‍കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 84 ശതമാനം വെന്റിലേറ്ററുകള്‍ ഒഴിവുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഹ്രസ്വകാല യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ഇളവ്

ഏഴ് ദിവസത്തില്‍ താഴെ ഹ്രസ്വകാലത്തേക്ക് സംസ്ഥാനത്തേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല. അവര്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിശോധനാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. അവര്‍ക്ക് അവരുടെ വീട്ടിലോ ഹോട്ടലിലോ താമസിക്കാം. കര്‍ശനമായ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. അവര്‍ ഏഴ് ദിവസത്തിനുള്ളില്‍ തിരികെ മടങ്ങുകയും വേണം. കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ അവര്‍ ആരോഗ്യ സ്ഥാപനങ്ങളെ അറിയിക്കുകയും ചികിത്സ ലഭ്യമാക്കുകയും വേണം.

ഒമിക്രോണ്‍ സാഹചര്യത്തില്‍ ഗൈഡ്‌ലൈന്‍

ഒമിക്രോണ്‍ സാഹചര്യത്തില്‍ ആശുപത്രികള്‍ക്കുള്ള മാര്‍ഗനിര്‍ദേശമിറക്കി. ഒപിയിലോ, അത്യാഹിത വിഭാഗത്തിലോ, കിടത്തി ചികിത്സയ്‌ക്കോ വരുന്ന രോഗികള്‍ക്ക് കോവിഡ് ലക്ഷണമുണ്ടെങ്കില്‍ മാത്രം കോവിഡ് പരിശോധ നടത്തിയാല്‍ മതി. തുടര്‍ ചികിത്സയ്ക്ക് കോവിഡ് പരിശോധന അനിവാര്യമാണെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ നിര്‍ദേശിച്ചാലും പരിശോധിക്കാം. എല്ലാ ആശുപത്രികളുകളിലും കോവിഡ് രോഗലക്ഷണവുമായി വരുന്നവര്‍ക്ക് ചികിത്സിക്കാന്‍ പ്രത്യേക ഇടം സജ്ജീകരിക്കാന്‍ നോക്കണം. ഒപിയിലും അത്യാഹിത വിഭാഗത്തിലും ഒരോ പ്രവേശന മാര്‍ഗം മാത്രമേ പാടുള്ളൂ. ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.

വിവിധ സ്‌പെഷ്യാലിറ്റിയില്‍ അഡ്മിറ്റായ രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ചികിത്സിക്കാന്‍ ആ സ്‌പെഷ്യാലിറ്റിയുടെ കീഴില്‍ തന്നെ പ്രത്യേക വാര്‍ഡുകള്‍ സജ്ജീകരിച്ച് രോഗിയെ അവിടെ ചികിത്സിക്കേണ്ടതാണ്. ഓരോ വിഭാഗവും, അവരുടെ രോഗികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ പരിചരിക്കാന്‍ പ്രത്യേക കിടക്കകള്‍ നീക്കിവയ്‌ക്കേണ്ടതാണ്. അടിയന്തര ചികിത്സ ആവശ്യമെങ്കില്‍ മാത്രം കോവിഡ് ഐസിയുവില്‍ മാറ്റേണ്ടതാണ്. എല്ലാ ആരോഗ്യ പ്രവര്‍ത്തകരും എന്‍ 95 മാസ്‌ക്, ഫേസ് ഷീല്‍ഡ്, സര്‍ജിക്കല്‍ ഗൗണ്‍ എന്നിവ ധരിക്കണം. അതീവ ഗുരുതര വിഭാഗ ചികിത്സക്ക് മാത്രം പി പി ഇ കിറ്റ് ഉപയോഗിച്ചാല്‍ മതി.

ആശുപത്രിയില്‍ സൗകര്യങ്ങളുണ്ടെങ്കില്‍ ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ള ഡയാലിസിസ് രോഗികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഡയാലിസിസ് മുടക്കരുത്.

മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം

കോവിഡ് മഹാമാരി മൂലം മാതാപിതാക്കളെ/ രക്ഷിതാക്കളെ നഷ്ടമായ 103 കുട്ടികള്‍ക്ക് വനിത ശിശുവികസന വകുപ്പ് ധനസഹായം അനുവദിച്ചു. 3.9 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ആകെ 143 അപേക്ഷകളാണ് ലഭിച്ചത്. 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതവുമാണ് അനുവദിക്കുന്നത്. കൂടാതെ ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വഹിക്കുന്നതാണ്.

കേന്ദ്ര ബജറ്റ് ആരോഗ്യ മേഖലയെ സംബന്ധിച്ച് നിരാശാജനകം

കേന്ദ്ര ബജറ്റ് ആരോഗ്യ മേഖലയെ സംബന്ധിച്ച് നിരാശാജനകമാണ്. മൂന്നാം തരംഗത്തില്‍ നില്‍ക്കുന്ന സമയത്ത് മുമ്പ് പ്രഖ്യാപിച്ച ബജറ്റ് വിഹിതം പോലും അനുവദിച്ചിട്ടില്ലാത്തത് നിര്‍ഭാഗ്യകരമാണ്. എയിംസ് അനുഭാവപൂര്‍വം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *