പ്രൈം വോളിബോള്‍ ലീഗ്: കാര്‍ത്തിക് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ക്യാപ്റ്റന്‍

Spread the love

കൊച്ചി: പ്രൈം വോളിബോള്‍ ലീഗിലെ ആദ്യ പതിപ്പില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ക്യാപ്റ്റനായി മിഡില്‍ ബ്ലോക്കര്‍ കാര്‍ത്തിക്കിനെ തിരഞ്ഞെടുത്തു. ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഫെബ്രുവരി 5-നാണ് മത്സരങ്ങള്‍ ആംരഭിക്കുന്നത്. 2021 സെപ്റ്റംബറില്‍ ജപ്പാനില്‍ നടന്ന ഏഷ്യന്‍ മെന്‍സ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നായകനായിരുന്ന കാര്‍ത്തിക് 2016-ലാണ് ആദ്യമായി ദേശീയ തലത്തില്‍ കളിച്ചത്. താരലേലത്തില്‍ 15 ലക്ഷം രൂപയ്ക്കാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് 27 കാരനായ കാര്‍ത്തിക്കിനെ സ്വന്തമാക്കിയത്.

പ്രൈം വോളിബോള്‍ ലീഗിന്റെ ആദ്യ എഡിഷനില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ നയിക്കാന്‍ തെരഞ്ഞെടുത്തതില്‍ ഏറെ അഭിമാനമുണ്ടെന്ന് കാര്‍ത്തിക് പറഞ്ഞു. പരിചയസമ്പന്നരും പുതുമുഖങ്ങളും അടങ്ങുന്ന ടീമിനെ നയിക്കാന്‍ അവസരം നല്‍കിയതിനും തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിലും ടീം ഉടമസ്ഥരോടും കോച്ചിനോടും നന്ദിയുണ്ട്. ടീം അംഗങ്ങള്‍ എല്ലാവരും തന്നെ കഠിന പ്രയത്‌നത്തിലാണെന്നും ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും കാര്‍ത്തിക് വ്യക്തമാക്കി.

ഇന്ത്യന്‍ വോളിബോള്‍ ടീം നായകനെന്ന നിലയില്‍ കാര്‍ത്തിക് കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് മുതല്‍ക്കൂട്ടാകുമെന്ന് ടീമിന്റെ മുഖ്യ പരിശീലകനായ എം.എച്ച്. കുമാര അഭിപ്രായപ്പെട്ടു.

ഫെബ്രുവരി 5-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക് ഹോക്‌സിനെയാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് നേരിടുക. മത്സരങ്ങള്‍ സോണി ലൈവ് ഉള്‍പ്പെടെ സോണി നെറ്റ്‌വര്‍ക്കില്‍ തത്സമയം സംപ്രേഷണം ചെയ്യും.

Report : Vijin Vijayappan

Author

Leave a Reply

Your email address will not be published. Required fields are marked *