മന്ത്രിസഭാ തീരുമാനങ്ങൾ (02-02-2022)

Spread the love

സംസ്ഥാനത്ത് 28 പോക്‌സോ കോടതികള്‍ കൂടി

സംസ്ഥാനത്ത് പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗക്കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതോടെ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രം 56 അതിവേഗ സ്‌പെഷ്യല്‍ കോടതികളാവും.
14 ജില്ലകളില്‍ നിലവിലുള്ള ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ (പോക്‌സോ) കോടതികളില്‍ അനുവദിച്ച സ്റ്റാഫ് പാറ്റേണിലും നിയമനരീതിയിലും കോടതികള്‍ ആരംഭിക്കുന്ന മുറയ്ക്ക് തസ്തികകള്‍ അനുവദിക്കും. ജില്ലാ ജഡ്ജ്, സീനിയര്‍ ക്ലാര്‍ക്ക്, ബഞ്ച് ക്ലാര്‍ക്ക് എന്നിവരുടെ ഓരോ തസ്തികകള്‍ സൃഷ്ടിക്കും. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/എല്‍.ഡി. ടൈപ്പിസ്റ്റ് എന്നിവരുടെ ഓരോ തസ്തികകളും ഓഫീസ് അറ്റന്‍ഡന്റിന്റെ രണ്ട് തസ്തികകളും കരാര്‍ അടിസ്ഥാനത്തിലും സൃഷ്ടിക്കും.
* ഫിഷറീസ് വകുപ്പില്‍ പുതിയ തസ്തികകൾ

ഫിഷറീസ് വകുപ്പില്‍ ആലപ്പുഴ, പൊന്നാനി, അഴീക്കോട് (തൃശ്ശൂര്‍), കാസര്‍ഗോഡ് എന്നീ ഫിഷറീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഫിഷറീസ് ഓഫീസര്‍, ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് ഗ്രേഡ്-2 എന്നിവരുടെ ഓരോ തസ്തികകളും ഫിഷറീസ് ഗാര്‍ഡിന്റെ 3 തസ്തികകളും സൃഷ്ടിക്കും. കാഷ്വല്‍ സ്വീപ്പറെ കരാര്‍ വ്യവസ്ഥയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കാനും അനുമതി നല്‍കി.
* നിയമനം
കണ്ണൂര്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയില്‍ കെ. അജിത്ത്കുമാറിനെ നിയമിക്കാന്‍ തീരുമാനിച്ചു.
* ഭൂമി അനുവദിച്ചു
പാലക്കാട് മെഡിക്കല്‍കോളേജിന് അനുവദിച്ച 50 ഏക്കര്‍ ഭൂമിയില്‍ നിന്ന് 70 സെന്റ് ഭൂമി തിരിച്ചെടുത്ത് പാലക്കാട് നഗരസഭയ്ക്ക് സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മിക്കുന്നതിന് നല്‍കും. റവന്യൂ വകുപ്പില്‍ പുനര്‍നിക്ഷിപ്തമാക്കി രണ്ട് സേവന വകുപ്പുകള്‍ തമ്മിലുള്ള കൈമാറ്റ വ്യവസ്ഥകള്‍ക്ക് വിധേയമായി തദ്ദേശസ്വയംഭരണ വകുപ്പിന് ഭൂമി അനുവദിച്ചു നല്‍കും.

Author

Leave a Reply

Your email address will not be published. Required fields are marked *