വില നിയന്ത്രണത്തില്‍ സപ്ലൈകോയുടെ ഇടപെടല്‍ നിര്‍ണായകം

Spread the love

ആലപ്പുഴ: സംസ്ഥാനത്ത് ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നടത്തുന്ന ഇടപെടലുകള്‍ നിര്‍ണായകമാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. സപ്ലൈകോയുടെ പാണ്ടനാട് സൂപ്പര്‍ സ്റ്റോറിന്‍റെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നെല്‍ കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കുന്നതിനും കോര്‍പ്പറേഷന് സാധിച്ചു. ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷമുള്ള രണ്ടു സീസണുകളിലായി നെല്ല് സംഭരിച്ച ഇനത്തില്‍ മൂവായിരം കോടി രൂപയില്‍ അധികമാണ് കര്‍ഷകര്‍ക്ക് നല്‍കിയിത്. സംഭരിക്കുന്ന നെല്ലിന്‍റെ വില എത്രയും വേഗത്തില്‍ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നല്‍കുന്നതിനുള്ള സംവിധാനം പരിഗണനയിലാണ്.

മലയോര മേഖലയിലെ നാണ്യ വിളകള്‍ സംഭരിച്ച് അതിലൂടെ കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങളുടെ സാധ്യത പരിശോധിച്ചു വരികയാണ്. റേഷന്‍ കടകള്‍ നവീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ആദ്യ ഘട്ടമായി ആയിരം കടകളാണ് നവീകരിക്കുന്നത്.

പൊതുവിതരണ കേന്ദ്രങ്ങളിലൂടെ വില്‍പ്പന നടത്തുന്ന 13 ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ കഴിഞ്ഞ ആറു വര്‍ഷമായി വര്‍ധന ഉണ്ടായിട്ടില്ല. വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തിക്കൊണ്ട് സപ്ലൈകോയുടെ പ്രവര്‍ത്തനം ആധുനികവത്കരിക്കും- മന്ത്രി പറഞ്ഞു.

ഫിഷറീസ്- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ പാണ്ടനാട് ഗ്രാമപഞ്ചായത്ത്‌ ജംഗ്ഷനിൽ പ്രവർത്തിച്ചു വന്ന മാവേലി സ്റ്റോറാണ് സപ്ലൈകോ സൂപ്പർ സ്റ്റോറായി ഉയർത്തിയത്. ചടങ്ങില്‍ ചെങ്ങന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ് ജെബിൻ പി. വർഗീസ് മുഖ്യപ്രഭാഷണവും പണ്ടനാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് ആശ വി. നായർ ആദ്യ വിൽപ്പനയും നിർവഹിച്ചു.

സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ഡോ. സഞ്ജീബ് കുമാർ പട്‌ജോഷി, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് സുജ സജീവൻ, ജില്ലാ പഞ്ചായത്ത്‌ അംഗം വത്സല മോഹൻ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം എൽസി കോശി, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായ ബെന്നിക്കുട്ടി, ടി.കെ. ചന്ദ്രചൂഢൻ നായർ, സണ്ണി പുഞ്ചമണ്ണിൽ, ജോൺ മാത്യു മുല്ലശ്ശേരി, രഘു റാം ആലേരിൽ, ജിജി കാടുവെട്ടൂർ, സപ്ലൈകൊ റീജിയണൽ മാനേജർ എൽ. മിനി എന്നിവർ പ്രസംഗിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *