ന്യൂയോര്‍ക്ക് : മുപ്പതോളം യാത്രക്കാരുമായി ഈസ്റ്റ് 124 സ്ട്രീറ്റ് ആന്റ് ലക്‌സിംഗ്ടണ്‍ അവന്യൂവിലൂടെ സഞ്ചരിച്ചിരുന്ന ബസ്സിനു വെടിയേറ്റു. ബസ്സില്‍ കുറഞ്ഞതു ഒരു ബുള്ളറ്റെങ്കിലും തറച്ചതായി അധികൃതര്‍ വെളിപ്പെടുത്തി.
ഞായറാഴ്ച പകല്‍ 2.30നായിരുന്നു സംഭവം. ലക്‌സിംഗ്ടണ്‍ അവന്യൂവില്‍ റെഡ് ലൈറ്റില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിനും വെടിയേറ്റു. വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റില്ല. ബസ്സിനെ ലക്ഷ്യമാക്കിയാണോ വെടിവെച്ചതെന്നും വ്യക്തമല്ല.
വെടിവെപ്പിനെ തുടര്‍ന്ന് ഞായറാഴ്ച ബസ്സ് ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രസ്താവനയുമായി രംഗത്തെത്തി.
ആറുമാസത്തിനുള്ളില്‍ ഇതു നാലാം തവണയാണ് എം.ടി.എ. ബസ്സിനു വെടിയേല്‍ക്കുന്നത്. ഇത്തവണ വെടിയേറ്റത് സ്്ത്രീകള്‍ ഇരുന്നിരുന്ന ഭാഗത്താണ്. ഭാഗ്യം കൊണ്ടാണ് മരണം സംഭവിക്കാതിരുന്നതെന്നും ഇവര്‍ പറഞ്ഞു.
ജീവനക്കാരുടെ സുരക്ഷിതത്വം പരിഗണിച്ചു ഡ്രൈവര്‍മാര്‍ക്ക് വെടിയുണ്ടയേല്‍ക്കാത്ത കവചം നല്‍കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു.
വെടിവെപ്പു നടത്തിയെന്ന് സംശയിക്കുന്നയാള്‍ അവിടെനിന്നും രക്ഷപ്പെടുന്ന രംഗങ്ങള്‍ സ്ഥാപിച്ചിരുന്ന ക്യാമറകളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ആരേയും അറസ്റ്റു ചെയ്തിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.