അപൂര്‍വ്വ അനുഭവ കഥകളുമായി മജ്ജമാറ്റിവെച്ച കുഞ്ഞുങ്ങള്‍ ആസ്റ്റര്‍ മിംസില്‍ ഒത്തുചേര്‍ന്നു

Spread the love

കോഴിക്കോട്: ആസ്റ്റര്‍ മിംസില്‍ നിന്ന് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച കുഞ്ഞുങ്ങളും രക്ഷിതാക്കളും ഒത്തുചേര്‍ന്ന് അനുഭവങ്ങള്‍ പങ്കുവെച്ചത് ഹൃദയസ്പര്‍ശിയായി മാറി. ജീവിതത്തിനും മരണത്തിനും ഇടയില്‍ കുടുംബങ്ങള്‍ അനുഭവിച്ച വെല്ലുവിളികളും, ചികിത്സാ കാലത്തെ മാനസികാവസ്ഥയും, ആസ്റ്റര്‍ മിംസ് പോലുള്ള സ്ഥാപനങ്ങളും വ്യക്തികളും ദൈവദൂതരായി കടന്ന് വന്ന് ആശ്വാസമേകിയതുമെല്ലാം വിവരിക്കുമ്പോള്‍ പലരുടെയും കണ്ണ് നിറയുകയും ശബ്ദം ഇടറുകയും ചെയ്തു.

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി മജ്ജമാറ്റിവെക്കലിന് വിധേയരായ 30 കുഞ്ഞുങ്ങളും അവരുടെ രക്ഷിതാക്കളുമാണ് ഓണ്‍ലൈനായി സംഘടിപ്പിച്ച സംഗമത്തില്‍ പങ്കെടുത്തത്. നാല്‍പ്പത് ലക്ഷത്തോളം ചെലവ് വരുന്ന മജ്ജാറ്റിവെക്കല്‍ ശസ്ത്രക്രിയ തികച്ചും സൗജന്യമായി നിര്‍വ്വഹിച്ച് കൊടുത്ത പത്തോളം പേര്‍ ഇതില്‍ ഉണ്ടായിരുന്നു.

സൗജന്യ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ സൗകര്യം ഇനി ഇന്ത്യയിലെ മുഴുവന്‍ നിര്‍ധനരായ കുഞ്ഞുങ്ങള്‍ക്കും ലഭ്യമാകുമെന്ന് പരിപാടിയില്‍ പങ്കെടുത്ത ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പ്രഖ്യാപിച്ചു. സാമ്പത്തികമായ ബുദ്ധിമുട്ടുകൊണ്ട് ഒരാള്‍ക്ക് പോലും ഇത്തരം ചികിത്സ രാജ്യത്ത് നിഷേധിക്കപ്പെടരുത് എന്നും അത്തരം സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ തുടക്കം കുറിച്ച് കഴിഞ്ഞിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം മുന്‍ ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. കോവിഡിന്റെ വ്യാപനകാലത്ത് ആസ്റ്റര്‍ മിംസ് നടത്തിയ ഇടപെടലുകളെ ടീച്ചര്‍ സ്മരിക്കുകയും സൗജന്യ മജ്ജമാറ്റിവെക്കല്‍ പദ്ധതിയെ പ്രകീര്‍ത്തിക്കുകയും ചെയ്തു. ഇത്തരം ഇടപെടലുകള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്നും ടീച്ചര്‍ പറഞ്ഞു.

ഡോ. അരുണ്‍ ചന്ദ്രശേഖര്‍ സ്വാഗതം പറഞ്ഞു. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍ ആസ്റ്റര്‍ ഒമാന്‍ & കേരള), ഡോ. കെ. വി. ഗംഗാധരന്‍ (ഡയറക്ടര്‍, ആസ്റ്റര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്), ഡോ. കേശവന്‍ എം. ആര്‍ (കണ്‍സല്‍ട്ടന്റ്, പീഡിയാട്രിക് ഹെമറ്റോളജിസ്റ്റ്), ഡോ. സുദീപ് വി (സീനിയര്‍ സ്‌പെഷ്യലിസ്റ്റ്, ക്ലിനിക്കല്‍ ഹെമറ്റോളജി), ഡോ. ശ്രീലേഷ് കെ പി (കണ്‍സല്‍ട്ടന്റ്, മെഡിക്കല്‍ ഓങ്കോളജി), ഡോ. ശ്രീലേഷ് കെ. പി (കണ്‍സല്‍ട്ടന്റ്, മെഡിക്കല്‍ ഓങ്കോളജി), ശ്രീ. കെ. കെ. ഹാരിസ് (ചെയര്‍മാന്‍, ഹോപ് ചൈല്‍ഡ് കെയര്‍ ഫൗണ്ടേഷന്‍), ഡോ. സൈനുല്‍ ആബിദിന്‍ (മെഡിക്കല്‍ ഡയറക്ടര്‍, ഹോപ്), മുഹമ്മദ് ഷാഫി (ചെയര്‍മാന്‍, ഓവര്‍സീസ് ഓപ്പറേഷന്‍സ്-ഹോപ്), ഡോ. എബ്രഹാം മാമ്മന്‍ (സി എം എസ്), എന്നിവര്‍ സംസാരിച്ചു. ലുക്മാന്‍ (സി ഒ ഒ, ആസ്റ്റര്‍ മിംസ്) നന്ദി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *