ടെക്സസ്: ആറാഴ്ചക്കു ശേഷം നടത്തുന്ന ഗര്‍ഭഛിദ്രം നിയമവിരുദ്ധമായി പ്രഖ്യാപിച്ച് ഒരു മാസത്തിനുള്ളില്‍ ടെക്സസ്സില്‍ 60 ശതമാനം ഗര്‍ഭഛിദ്ര കേസ്സുകള്‍ കുറഞ്ഞതായി ടെക്സസ്സ് ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വീസ് കമ്മീഷന് പുറത്തുവിട്ട ഔദ്യോഗീക റിപ്പോര്‍ട്ടില്‍ പറയുന്നു.
ആറാഴ്ച കുഞ്ഞിന്റെ ഹൃദയമിടിപ്പു തുടങ്ങിയാല്‍ പിന്നീട് ഗര്‍ഭഛിദ്രം അനുവദിക്കുന്നില്ല എന്ന നിയമം നിലവില്‍ വന്ന് ഒരു മാസത്തിനു ശേഷം(സെപ്റ്റംബറില്‍) ആകെ 2200 എണ്ണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
നിയമം പ്രാബല്യത്തില്‍ വരുന്നതിനുമുമ്പുള്ള ആഗസ്റ്റ് മാസം 5400 ഗര്‍ഭഛിദ്ര കേസ്സുകളാണ് ടെക്സസ്സില്‍ ഉണ്ടായത്. 2021 വര്‍ഷത്തിന്റെ ആദ്യ ഏഴു മാസങ്ങളില്‍ ശരാശരി 4250 കേസ്സുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഗര്‍ഭഛിദ്രം ആവശ്യപ്പെടുന്നവരുടെ എണ്ണം 10 ശതമാനം ടെക്സസ്സില്‍ വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും, കര്‍ശന നിയമം നിലനില്‍ക്കുന്നതിനാല്‍ നൂറുകണക്കിനു മൈല്‍ സഞ്ചരിച്ചു സമീപ സംസ്ഥാനങ്ങളായ ഒക്കലഹോമ, ന്യൂ മെക്സിക്കൊ, കൊളറാഡൊ, തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഈ ആവശ്യവുമായി സ്ത്രീകള്‍ പോകുന്നത്.
യു.എസ്. സുപ്രീം കോടതി ടെക്സസ് നിയമവുമായി പല അഭിപ്രായ വ്യത്യാസങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇതിനെയെല്ലാം മറികടക്കുന്ന, എല്ലാ പഴുതുകളും അടച്ചുളള നിയമ നിര്‍മ്മാണമാണ് സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ നിന്ന് ഇവിടെ പാസ്സാക്കിയിട്ടുണ്ട്. നിലവിലുള്ള നിയമത്തിന് വിരുദ്ധമായി ഗര്‍ഭഛിദ്രം നടത്തിയാല്‍ 10,000 ഡോളര്‍ വരെ, അത് ചൂണ്ടികാണിക്കുന്ന പൗരന് ലഭിക്കത്തക്ക വകുപ്പുകളും ഇതില്‍ എഴുതിചേര്‍ത്തിട്ടുണ്ട്.