‘ഫസ്റ്റ്‌ബെൽ’ ഓഡിയോ ബുക്കുകൾ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രകാശനം ചെയ്തു

Spread the love

പത്തിലെ മുഴുവൻ വിഷയങ്ങളുടേയും റിവിഷൻ പത്തു മണിക്കൂറിനുള്ളിൽ ഇന്നു മുതൽകേൾക്കാം.
*ഓഡിയോ ക്ലാസുകൾ സോഷ്യൽ മീഡിയ വഴി എളുപ്പം പങ്കുവെയ്ക്കാം
*മുഴുവൻ ഡിജിറ്റൽ ക്ലാസുകളും firstbell.kite.kerala.gov.in -ൽ.
കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായി പൊതുപരീക്ഷയുള്ള 10, 12 ക്ലാസുകളിലെ റിവിഷൻ ഭാഗങ്ങളുടെ പ്രത്യേക ഓഡിയോ ബുക്കുകളുടെ പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പത്താം ക്ലാസിലെ മുഴുവൻ വിഷയങ്ങളുടെയും റിവിഷൻ ക്ലാസുകൾ ആകെ പത്ത് മണിക്കൂറിനുള്ളിൽ കുട്ടികൾക്ക് കേൾക്കാൻ കഴിയുന്ന രൂപത്തിലുള്ള ഓഡിയോ ബുക്കുകളായിട്ട് firstbell.kite.kerala.gov.in പോർട്ടലിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ലഭ്യമാക്കുന്നത്. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് പദ്ധതി വിശദീകരിച്ചു.
ഓരോ വിഷയവും ശരാശരി ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പ്ലസ് ടു ക്ലാസുകളുടെ ഓഡിയോ ബുക്കുകളും ഫെബ്രുവരി 21 മുതൽ ലഭ്യമായിത്തുടങ്ങും. എംപി3 ഫോർമാറ്റിലുള്ള ഓഡിയോ ബുക്കുകൾ ഒരു റേഡിയോ പ്രോഗ്രാം കേൾക്കുന്ന പ്രതീതിയിൽ എല്ലാവർക്കും കേൾക്കാനും വളരെയെളുപ്പം ഡൗൺലോഡ് ചെയ്യാനും സോഷ്യൽ മീഡിയ വഴിയും മറ്റും മുഴുവൻ കുട്ടികൾക്കും പങ്കുവെക്കാനും കഴിയുന്ന തരത്തിലുള്ള സൗകര്യം ഫസ്റ്റ്‌ബെൽ പോർട്ടലിൽ ഒരുക്കിയിട്ടുണ്ട്. ക്യു.ആർ. കോഡ് വഴിയും ഓഡിയോ ബുക്കുകൾ ഡൗൺലോഡ് ചെയ്യാം. ആവശ്യമുള്ളവർക്ക് ഹൈടെക് പദ്ധതികളുടെ ഭാഗമായി സ്‌കൂളുകളിൽ ഒരുക്കിയിട്ടുള്ള ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി ഇവ ഡൗൺലോഡ് ചെയ്‌തെടുക്കാനും കൈറ്റ് നിർദേശം നൽകിയിട്ടുണ്ട്.
നേരത്തെതന്നെ കാഴ്ചപരിമിതർക്ക് ഉപയോഗിക്കാനായി സ്വതന്ത്ര സോഫ്റ്റ്‌വെയറിലുള്ള ‘ഓർക്ക’ സ്‌ക്രീൻ റീഡിംഗ് സോഫ്റ്റ്‌വെയർ കൈറ്റ് സ്‌കൂളുകളിലേക്കുള്ള ലാപ്‌ടോപ്പുകളിൽ ലഭ്യമാക്കുകയും മുഴുവൻ കാഴ്ച പരിമിതരായ അധ്യാപകർക്കും പ്രത്യേക ഐ.സി.ടി. പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. ഫസ്റ്റ്‌ബെൽ ക്ലാസുകളും ഈ വിദ്യാർത്ഥികൾ ഒരു പരിധിവരെ കേൾക്കുന്നുണ്ട്. എന്നാൽ പൂർണമായും ശബ്ദരൂപത്തിലുള്ള ഓഡിയോ ബുക്കുകൾ കാഴ്ച്ചപരിമിതരായ കുട്ടികൾക്ക് വളരെയേറെ പ്രയോജനപ്പെടും.

Author

Leave a Reply

Your email address will not be published. Required fields are marked *