ആരാധനാലയങ്ങൾ ഡിജിറ്റലാകുമ്പോൾ തോമസ് മുല്ലയ്ക്കൽ

Spread the love

കോവിഡ് -19 എന്ന പകർച്ചവ്യാധി വരുത്തിവച്ച അനേകം നഷ്ടങ്ങളുടെ കൂട്ടത്തിൽ ക്രിസ്തീയ ദേവാലയങ്ങൾക്കും ഉണ്ടായിരിക്കുന്നത് സാരമായ ദോഷം തന്നെയാണ്. അതിനെപ്പറ്റി പറയുക എന്നതല്ല ഈ ലേഖനത്തിന്റെ ഉദ്ദേശം. അതിന്റെ വ്യാപ്തിയെക്കുറിച്ച് പഠനങ്ങളും സെമിനാറുകളും തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണല്ലോ? അത് ഇനിയും തുടരട്ടെ. എന്നാൽ നമുക്ക് ഇനി മുമ്പോട്ടുള്ള ഭാവിയെക്കുറിച്ച് ചിന്തിക്കുന്നതല്ലേ നല്ലത്.

അഞ്ചു വർഷങ്ങൾക്കു മുമ്പ് ഡാളസിലെ ഒരു പ്രമുഖ സഭയിലെ ആരാധനയിൽ പങ്കെടുക്കുവാൻ ഇടയായി. അന്ന് മുതിർന്നവരുടെ സണ്ടേസ്‌കൂൾ ക്‌ളാസ്സ് എടുത്തത് ശുശ്രൂഷയിൽ വളരെ പരിചയമുള്ള ഒരു ദൈവ ദാസനായിരുന്നു. ബൈബിളിനെക്കുറിച്ച് വളരെ ശക്തമായി പറയുന്ന കൂട്ടത്തിൽ അദ്ദേഹം ആവേശത്തോടെ പറഞ്ഞത്, ‘ഇന്ന് പല വിശ്വാസികളും പ്രിന്റഡ് ബൈബിളിനു പകരം ഉപയോഗിക്കുന്നത് ഡിജിറ്റൽ ബൈബിൾ ആണെന്നും എന്റെ കൊക്കിനു ജീവനുള്ള കാലത്തോളം ഈ കറുത്ത ബയന്റിട്ട പുസ്തകം ഉപേക്ഷിക്കുകയില്ലെന്നും’ പറഞ്ഞപ്പോൾ കേരളത്തിൽ നിന്നും അൽപ്പം വൈകിയെത്തിയ ‘പക്വത’യുള്ള വിശ്വാസികൾ ആവേശത്തോടെ കയ്യടിച്ച് ആ പ്രസ്താവന ഏറ്റെടുത്തു. അപ്പോൾ എന്റെ അടുത്തിരുന്ന എന്റെ സ്നേഹിതനോട് ഞാൻ പറഞ്ഞു, ‘ഇന്നത്തെ പോക്ക് പോയാൽ അടുത്ത പത്തു വർഷത്തിനുള്ളിൽ ബൈബിൾ ഉൾപ്പെടെ എല്ലാം ഡിജിറ്റൽ ആയി മാറും; അപ്പോൾ ഇദ്ദേഹം അതിനെ എങ്ങനെ ഉൾക്കൊള്ളും’ എന്ന്! കാലത്തിന്റെ പോക്ക് മനസിലാക്കുന്ന ഏതൊരു വ്യക്തിയും പറയാൻ സാദ്ധ്യതയുള്ള ഒരു കമന്റ് മാത്രമാണത്. എന്നാൽ അത് പറഞ്ഞിട്ട് ഇന്ന് അഞ്ച് വർഷം കഴിയുമ്പോൾ ബൈബിൾ മാത്രമല്ല, ചർച്ചും ഡിജിറ്റലായിക്കഴിഞ്ഞു.

സാവധാനം സഭാമന്ദിരങ്ങൾ അപ്രത്യക്ഷമാകുകയാണ്. ഇന്നത്തെ സാഹചര്യങ്ങൾ മാറും. പഴയതുപോലെ എല്ലാം തിരികെ വരുമെന്ന് ഞാനും പ്രതീക്ഷിക്കുകയാണ്. അങ്ങനെ സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്നാൽ തിരിച്ചാണ് സംഭവിക്കുന്നതെങ്കിലോ? അടച്ചിടലിന്റെ വ്യാപനം ഇനിയും വർദ്ധിച്ചാലോ? ഒരു പക്ഷെ കോവിഡിനെക്കാൾ മാരകമായതൊന്നാണ് ഇതിന്റെ പിറകെ വരുന്നതെങ്കിലോ? നമ്മുടെ സഭയോ നേതൃത്വമോ അതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? പക്വമെന്നോ അപക്വമെന്നോ പറയാവുന്ന ചില പ്രായോഗിക ചിന്തകളാണ് ഇവിടെക്കുറിക്കുന്നത്.

1. ‘ഭവന സഭകൾ’(House Churches) എന്ന ആശയത്തെക്കുറിച്ച് ചിന്തിക്കുക. ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ വലിയ വിജയമായി മാറിയ രീതിയാണിത്. ഒരു സഭയിൽത്തന്നെ അടുത്തടുത്ത് താമസിക്കുന്ന വിശ്വാസ ഭവനങ്ങളിൽപ്പെട്ടവർ ആഴ്ചയിലൊരിക്കൽ ഒരുമിച്ചുകൂട്ടുന്നതിനെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. എന്നാൽ അൽപ്പം തയ്യാറെടുപ്പുകൾ ഇതിന് ആവശ്യമാണ്. ഇന്നത്തെ സാഹചര്യത്തിൽ യോഗം നടക്കുന്ന ഭവനത്തിന് ആവശ്യത്തിന് സൗകര്യം ഉണ്ടോ എന്ന് പരിശോധിക്കുക. കൃത്യമായ സുരക്ഷിതമാർഗ്ഗങ്ങൾ പാലിച്ചുകൊണ്ട്‌, പങ്കെടുക്കുന്ന ഭവനങ്ങളുടെ എണ്ണം പരിമിതപ്പടുത്തുക. കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ അത് മറ്റൊരു കൂട്ടമായി മാറുക. കർത്തൃമേശ നടത്താനുള്ള സാഹചര്യവും ഉണ്ടാക്കുക. അതിനായി (വേണമെങ്കിൽ) പാസ്റ്ററുടെ സേവനം പ്രയോജനപ്പെടുവുന്നതാണ്. നല്ല സാക്ഷ്യവും ദൈവവചനത്തിൽ പരിജ്ഞാനവുമുള്ള ഏതൊരു മുതിർന്ന വിശ്വസിക്കും പാസ്റ്ററുടെ നിർദ്ദേശപ്രകാരം ചെയ്യാവുന്ന ശുശ്രൂഷയാണ്‌ കർത്തൃമേശ.

2. കൂടാതെ ഭവന സഭകളിലെ കുഞ്ഞുങ്ങളെയും യുവതീ യുവാക്കളെയും ഉൾപ്പെടുത്തി ആത്മീയ പ്രോഗ്രാമുകൾ നടത്തുന്ന കാര്യം മകാര്യക്ഷമമായി ചെയ്യണം. അദ്ധ്യാപകരുടെയും കുട്ടികളുടെയും സൗകര്യാർത്ഥം ഇട ദിവസങ്ങളിലും സണ്ടേസ്‌കൂളുകൾ സഘടിപ്പിക്കാവുന്നതാണ്. ചുറ്റുപാടുമുള്ള ഇതര വിശ്വാസങ്ങളിൽപ്പെട്ടവരെയും ഇതിന്റെ ഭാഗമാക്കുവാൻ പ്രായമുണ്ടാകുകയില്ല. അപരിചിതരായ വ്യക്തികളുള്ള വലിയ സഭയിലേക്ക് പുറത്തുനിന്ന് ഒരാൾക്ക് ആദ്യമായി വരുവാനുള്ള ബുദ്ധിമുട്ട് ചെറിയ ഭവന സഭകൾക്ക് ഒഴിവാക്കാനാകും.

3. എല്ലാ ദിവസവും കുറഞ്ഞത് പത്തു മിനിറ്റ് എങ്കിലും ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ബൈബിൾ സ്റ്റഡി പ്രോഗ്രാമുകൾ തയ്യാറാക്കുക. അത് ഓൺലൈനിൽക്കൂടി ഇന്ററാക്ടീവ് ആയി ചെയ്യാൻ കഴിയുന്ന പാഠഭാഗങ്ങളായി നൽകുക. അതിന് പ്രായോഗിക ബുദ്ധിമുട്ടുള്ളവർക്ക് പ്രിന്റ് ചെയ്തുകൊടുത്താലും മതിയാകും. ഉദാഹരണമായി പറഞ്ഞാൽ, ഞായറാഴ്ച ചിന്തിക്കുന്ന ഭാഗം ലൂക്കോസ് പതിഞ്ചാം അദ്ധ്യായം ആണെന്നിരിക്കട്ടെ. അത് വായിച്ച് അതിലുള്ള ആറോ ഏഴോ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ ആവശ്യപ്പെടുക. അങ്ങനെ കൃത്യമായി ഒരു ചിന്താവിഷയമോ ഒരു പുസ്തകമോ തുടർച്ചയായി പഠിക്കാൻ അത് വിശ്വാസികളെ സഹായിക്കും. ഇത് അടുത്ത തവണ ബൈബിൾ പഠിപ്പിക്കുമ്പോൾ കൂടുതലായി വിശ്വാസികളുടെ ശ്രദ്ധ ലഭിക്കുവാൻ ഇടയാക്കുകയും ചെയ്യും.

4. അപ്പോൾ പാസ്റ്റർമാർ എന്ത് ചെയ്യും എന്ന ഒരു ചോദ്യം ഉയരാൻ സാദ്ധ്യതയുണ്ട്. ഇന്ന് കളിക്കളത്തിലെ റഫറിയും കളിക്കാരുമെല്ലാം പാസ്റ്റർമാർ തന്നെയാണല്ലോ! അവർ തന്നെ പ്രസംഗിച്ചു വളരുകയാണെന്ന ഒരു പരാതി വ്യാപകമായിട്ടുണ്ട്. വിശ്വാസികൾ ഗാലറിയിൽ ഇരിക്കുന്ന കാണികൾ മാത്രമായി മാറിയിട്ടുണ്ട്. സഭാംഗങ്ങളോ വിശ്വാസികളോ അല്ല നമുക്ക് വേണ്ടത്; മറിച്ച്, ശിഷ്യന്മാരെ ഉണ്ടാക്കുവാൻ നമുക്ക് കഴിയണം. പാസ്റ്റർമാർ ഭവന സഭകൾക്ക് മൊത്തത്തിലുള്ള നേതൃത്വം നൽകുന്ന സംഘാടകാരായി മാറുക. ഇപ്പോൾ സഭകളിൽ ചുമതലയുള്ള പാസ്റ്റർമാർ ഭവന ഗ്രൂപ്പുകൾ സന്ദർശിച്ച് പ്രസ്തുത ഭവന സഭകൾക്ക് ആത്മീയ നേതൃത്വം കൊടുക്കുവാൻ കഴിവുള്ളവരെ കണ്ടെത്തി പരിശീലിപ്പിച്ചെടുക്കുക. പരിശീലനം വേണമെങ്കിൽ സൂമിൽക്കൂടെയും മറ്റും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രാപ്തരായ ദൈവദാസന്മാരെക്കൊണ്ടും ചെയ്യിപ്പിക്കാവുന്നതാണ്. ആഴ്ചയിലൊരിക്കൽ പാസ്റ്റർക്ക്, ഭവന സഭകളിൽ നേതൃത്വം കൊടുക്കുന്നവർക്ക്‌ വേണ്ടി ക്‌ളാസ്സുകൾ എടുക്കുകയും ഉപദേശപരമായും പ്രായോഗികവുമായ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യാം

5. ഇനി ഒരു പക്ഷേ ഭവനങ്ങളിൽ ഒരുമിച്ചു കൂടാൻ കഴിയാത്ത സാഹചര്യം ഉണ്ടായാലും ചെറിയ ഓൺലൈൻ ഗ്രൂപ്പുകൾ ആണെങ്കിൽ ഇത് കൂട്ടായ്മയുടെ കെട്ടുറപ്പിനെ ബാധിക്കാത്ത നിലയിൽ തുടർന്നുകൊണ്ടുപോകുവാനും കഴിയും. സൂം പ്ലാറ്റ്‌ഫോമിൽ ധാരാളം പേർ പങ്കെടുക്കുമ്പോൾ എല്ലാവരുടെയും വീഡിയോ ഓൺ ചെയ്താലും പങ്കെടുക്കുന്നവരെ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ ബുദ്ധുമുട്ടാണ്. എന്നാൽ ചെറിയ ഗ്രൂപ്പുകളിൽ എല്ലാവരും വീഡിയോ ക്യാമറ പ്രവർത്തിപ്പിക്കാനും എല്ലാവർക്കും പരസ്പരം കാണുവാനും പ്രാർത്ഥനാ വിഷയങ്ങൾ പറയാനും പ്രാർത്ഥിക്കുവാനും അവസരങ്ങൾ സംജാതമാകും.

6. പുറത്തു നിന്ന് സൂം വഴിയോ നേരിട്ടോ ഒരു അതിഥിയെക്കൊണ്ട് പ്രസംഗിപ്പിക്കുമ്പോൾ അതിനായി പ്രത്യേകം മീറ്റിങ്ങ് വയ്ക്കുക. സ്ഥിരമായി നടക്കുന്ന മീറ്ററിംഗിൽ മറ്റ് അതിഥികളെ ഉൾപ്പെടുത്തി തുടർച്ചയായി പഠിച്ചു വരുന്ന ഭാഗങ്ങൾക്ക് വിഘ്നം ഉണ്ടാക്കാതിരിക്കുക.

7. പ്രമുഖ സഭാനേതൃത്വത്തിനു വേണമെങ്കിൽ ഭവന സഭകൾക്കായി ഒരു ഏകീകൃത പാഠ്യപദ്ധതി ഉണ്ടാക്കാവുന്നതാണ്. ഓരോ ഭവന സഭകൾക്കും സ്വന്തമായി കാര്യങ്ങൾ അധികം ആയാസമില്ലാതെ ചെയ്യാവുന്ന തരത്തിൽ അവ ക്രമീകരിച്ചാൽ ഉപദേശത്തിലെ ഐക്യത നിലനിർത്തുവാൻ പ്രയാസമില്ല.

എല്ലാ മേഖലയിലുള്ള സ്ഥാപനങ്ങളും വ്യക്തികളും കോവിഡ്-19 വരുത്തിയ സാഹചര്യത്തെ നേരിടാൻ നൂതന പദ്ധതികൾ ആവിഷ്ക്കരിക്കുമ്പോൾ, നാം സൂമിൽത്തന്നെയോ, അല്ലെങ്കിൽ സഭാ മന്ദിരങ്ങളുമായി ചുറ്റിപ്പറ്റിയുള്ള ആരാധനയെപ്പറ്റിയോ മാത്രം ചിന്തിച്ചുകൊണ്ടിരുന്നാൽ അടുത്ത തലമുറയോട് നാം മാപ്പ് പറയേണ്ടിവരും. മാത്രമല്ല, ദൈവത്തിന്റെ സന്നിധിയിൽ കണക്കും ബോധിപ്പിക്കേണം.

 

 

 

Author

Leave a Reply

Your email address will not be published. Required fields are marked *