കണ്ണൂർ മാതമംഗലത്ത് ഹാർഡ്‌വെയർ കമ്പനി അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട വിഷയം ചർച്ചയിലൂടെ പരിഹരിക്കാൻ തൊഴിൽ മന്ത്രി വി ശിവൻകുട്ടി ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തി

Spread the love

കണ്ണൂർ മാതമംഗലത്ത് ഹാർഡ്‌വെയർ കമ്പനി അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ലേബർ കമ്മീഷണർ എസ് ചിത്ര ഐഎഎസിനെ ചുമതലപ്പെടുത്തി. ഇരു വിഭാഗങ്ങളേയും വിശദമായി കേട്ട് അനുരഞ്ജനത്തിലൂടെ പ്രശ്നം പരിഹരിക്കാനാണ് നിർദ്ദേശം.

ഈ സ്ഥാപനത്തിലെ നാല് തൊഴിലാളികൾക്ക് ചുമട്ടുതൊഴിലാളി നിയമപ്രകാരമുള്ള 26 A കാർഡിനുള്ള അപേക്ഷ പയ്യന്നൂർ അസിസ്റ്റന്റ് ലേബർ ഓഫീസർക്ക് സ്ഥാപനമുടമ നൽകിയിരുന്നു. എന്നാൽ സ്ഥാപനം പ്രവർത്തിച്ചു വരുന്ന സ്ഥലം ചുമട്ടു തൊഴിലാളി ക്ഷേമ പദ്ധതി നടപ്പാക്കിയ സ്ഥലമാണ്. ഈ നാല് തൊഴിലാളികൾക്ക് അറ്റാച്ചഡ് കാർഡ് നൽകുന്ന പക്ഷം ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡിന്റെ കീഴിലുള്ള 23 രജിസ്ട്രേഡ് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് ലേബർ ഓഫീസറും അപ്പലെറ്റ് അതോറിറ്റിയായ ജില്ലാ ലേബർ ഓഫീസറും അപേക്ഷ നിരസിച്ചു. തുടർന്ന് സ്ഥാപനമുടമ ഹൈക്കോടതിയിൽ പോയി അനുകൂല വിധി സാമ്പാദിക്കുകയും നാലു തൊഴിലാളികൾക്ക് കാർഡ് നൽകുകയുമുണ്ടായി.

ഈ വിഷയത്തിൽ ലേബർ കമ്മീഷണർ ഇരു വിഭാഗത്തേയും ഉടൻ വിളിച്ച് ചേർത്ത് തർക്കം പരിഹരിക്കുന്നതിനുള്ള നടപടി കൈക്കൊള്ളും. തൊഴിലാളികളുടെ താല്പര്യം ഉറപ്പുവരുത്തുന്നതിനൊപ്പം വാണിജ്യ – വ്യവസായ സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് സാഹചര്യം ഉറപ്പു വരുത്തുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Author

Leave a Reply

Your email address will not be published. Required fields are marked *