അഴിമതി അന്വേഷിക്കാതെ ഒത്തുതീര്‍പ്പാക്കിയാല്‍ അംഗീകരിക്കില്ല : കെ സുധാകരന്‍ എംപി

Spread the love

വൈദ്യുതിബോര്‍ഡ് ചെയര്‍മാന്‍ പുറത്തുവിട്ട ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ അന്വേഷിച്ച് നടപടി എടുക്കാതെ ജീവനക്കാരുടെ പ്രശ്നങ്ങള്‍ മാത്രം പരിഹരിച്ച് മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെ നീക്കമെങ്കില്‍ ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാകുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

മുന്‍മന്ത്രി എംഎം മണിയും സംഘവും കട്ടുമുടിച്ച് വന്‍ സാമ്പത്തിക പ്രതിസന്ധിയിലായ വൈദ്യുതി ബോര്‍ഡിലെ അഴിമതികള്‍ പൊതിഞ്ഞുവച്ച് മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മന്ത്രി മണിയുടെ മരുമകന്‍ പ്രസിഡന്റായ ബാങ്കിന് അനധികൃതമായി നല്കിയ 21 ഏക്കര്‍ സ്ഥലത്തിന്റെ നിജസ്ഥിതി അറിയാന്‍ പോയ സര്‍വെ ഉദ്യോഗസ്ഥരെ പ്രസിഡന്റും സംഘവും ചേര്‍ന്ന് ഓടിച്ചുവിട്ടു. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള നിരവധി സംഘങ്ങള്‍ക്ക് മന്ത്രിയുടെ ഇടപെടലിലൂടെ കോടികളുടെ വിലയുള്ള സ്ഥലം ചുളുവിലയ്ക്ക് ലഭിച്ചു. അത് അന്വേഷിക്കാന്‍ വരുന്ന ഉദ്യോഗസ്ഥരെ അടിച്ചോടിക്കുമ്പോള്‍ മുഖ്യമന്ത്രി കണ്ടു രസിക്കുകയാണ്.

വാട്ട്സ് ആപ് സന്ദേശമയച്ച് ജീവനക്കാരെ കൂട്ടത്തോടെ നിയമിക്കുന്നതുപോലുള്ള അതിവിചിത്രമായ കാര്യങ്ങളാണ് വൈദ്യുതി ബോര്‍ഡില്‍ നടന്നത്. ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലെ അഴിമതി, കരാറുകാര്‍ക്ക് ടെണ്ടര്‍ രഹസ്യം ചോര്‍ത്തി നല്‍കിയ സംഭവം, റെഗുലേറ്ററി കമ്മീഷന്റെ അനുമതിയില്ലാതെ സ്വകാര്യ ഉത്പാദകരില്‍ നിന്ന് 25 വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങാന്‍ കരാര്‍ ഉണ്ടാക്കിയതു വഴി 15,000 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാക്കിയത് തുടങ്ങിയ വിഷയങ്ങള്‍ അന്വേഷണ പരിധിയില്‍ കൊണ്ടുവരണം. മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന നിരവധി അഴിമതിക്കഥകളും അന്വേഷിക്കണം. ബോര്‍ഡിന്റെ ചെലവില്‍ സുഖിക്കുന്ന ക്ഷുദ്രശക്തികളെ അഴിക്കുള്ളില്‍ ആക്കിയില്ലെങ്കില്‍ നാളെ വൈദ്യുത ബോര്‍ഡ് തന്നെ ഇല്ലാതാകുമെന്നും സുധാകരന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *