കെ.സി.സി.എന്‍.എ ഭവനദാന പദ്ധതി ഉദ്ഘാടനം ചെയ്തു

Spread the love

ഹൂസ്റ്റണ്‍: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.)യുടെ ചാരിറ്റബിള്‍ ഘടകമായ ‘ഡോളര്‍ ഫോര്‍ ക്‌നാനായ’ പദ്ധതിയുടെ ഭാഗമായി കേരളത്തിലുള്ള ഭവനരഹിതരായ 25 ക്‌നാനായ കടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുന്നു. 2 മുറികളും, ശുചിമുറിയും, അടുക്കളയും, ഹാളും ഉള്‍പ്പെടെ 500 ചതുരശ്ര അടി വിസ്താരത്തിലുള്ള ഭവനത്തിന് 7 ലക്ഷം രൂപായുടെ നിര്‍മ്മാണ ചെലവാണ് കണക്കാക്കുന്നത്.

ഡോളര്‍ ഫോര്‍ ക്‌നാനായ എന്ന കെ.സി.സി.എന്‍.എ.യുടെ ചാരിറ്റി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആദ്യമായാണ് ഭവനദാന നിര്‍മ്മാണ പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഡോളര്‍ ഫോര്‍ ക്‌നാനായുടെ ചെയര്‍മാനായി അറ്റ്‌ലാന്റയില്‍നിന്നുള്ള നാഷണല്‍ കൗണ്‍സില്‍ അംഗം സിബി മുളയാനിക്കുന്നേലിനെ കെ.സി.സി.എന്‍.എ. എക്‌സിക്യൂട്ടീവ് നിയമിച്ചു. കെ.സി.സി.എന്‍.എ. തെരഞ്ഞെടുക്കുന്ന അര്‍ഹരായ 25 ഉപഭോക്താക്കള്‍ക്ക് കെ.സി.സി.എന്‍.എ. നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്നത്. അര്‍ഹരാകുന്നവര്‍ വീട് നിര്‍മ്മിക്കുന്നതിനുള്ള സ്ഥലവും, വീട് നിര്‍മ്മാണത്തിനാവശ്യമായ ഗവണ്‍മെന്റ് അനുമതിയും വാങ്ങി നല്‍കേണ്ടതാണെന്നും തുടര്‍ന്ന് വീടു നിര്‍മ്മിക്കുന്നതിന്റെ പരിപൂര്‍ണ്ണ മേല്‍നോട്ടം ഡോളര്‍ ഫോര്‍ ക്‌നാനായ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തി താക്കോല്‍ദാനം നിര്‍വഹിക്കുമെന്ന് ഡോളര്‍ ഫോര്‍ ക്‌നാനായ ചെയര്‍മാന്‍ സിബി മുളയാനിക്കുന്നേല്‍ അറിയിച്ചു.

ഈ പദ്ധതിയോടനുബന്ധിച്ച് ആദ്യവീട് നിര്‍മ്മിക്കുന്നതിനാവശ്യമായ 10000 ഡോളര്‍ ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റ് ജിമ്മി കുന്നശ്ശേരിയില്‍ നിന്നും ചെക്ക് സ്വീകരിച്ചുകൊണ്ട് കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ നിര്‍വഹിച്ചു. ജിമ്മി കുന്നശ്ശേരിയുടെ പ്രിയ ഭാര്യ ആലീസ് കുന്നശ്ശേരിയുടെ 2-ാം മരണവാര്‍ഷികത്തോടനുബന്ധിച്ച് ഇത്രയും മഹനീയമായ ഒരു ദാനധര്‍മ്മ പ്രവര്‍ത്തി ചെയ്യുവാന്‍ മുന്നോട്ടുവന്ന ജിമ്മി കുന്നശ്ശേരിയെ കെ.സി.സി.എന്‍.എ. എക്‌സിക്യൂട്ടീവ് കമ്മറ്റി അനുമോദിച്ചു. ഇതുപോലെ ഈ സംരംഭവുമായി സഹകരിക്കുവാന്‍ താല്പര്യമുള്ള കെ.സി.സി.എന്‍.എ. അംഗങ്ങള്‍ ചെയര്‍മാന്‍ സിബി മുളയാനിക്കുന്നേലുമായോ (404 429 4927) കെ.സി.സി.എന്‍.എ. എക്‌സിക്യൂട്ടീവുമായോ ബന്ധപ്പെടണമെന്ന് പ്രസിഡന്റ് സിറിയക് കൂവക്കാട്ടിലും സെക്രട്ടറി ലിജോ മച്ചാനിക്കലും അറിയിച്ചു.

റിപ്പോര്‍ട്ട് : സൈമണ്‍ മുട്ടത്തില്‍

Author

Leave a Reply

Your email address will not be published. Required fields are marked *