29 കോളജുകളിലെ വികസന പദ്ധതികള്‍ ഈ മാസം നാടിനു സമര്‍പ്പിക്കും
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പശ്ചാത്തല സൗകര്യ വികസനത്തിന്റെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ 29 പൊതുകലാലയങ്ങളിലെ പദ്ധതികള്‍ ഈ മാസം നാടിനു സമര്‍പ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ഉപയോഗിച്ചുള്ള രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷ അഭിയാന്‍ (റൂസ) പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കെട്ടിടങ്ങള്‍ സര്‍ക്കാരിന്റെ നൂറു ദിന പദ്ധതിയുടെ ഭാഗമായിട്ടാകും ഉദ്ഘാടനം ചെയ്യുക. കലാലയങ്ങളുടെ മുഖഛായ മാറ്റുന്ന വികസന പ്രവൃത്തികളില്‍ സര്‍ക്കാര്‍ കോളജുകള്‍ക്കു പുറമേ ഇതാദ്യമായി സര്‍ക്കാര്‍ എയ്ഡഡ് കോളജുകള്‍ക്കും സഹായം ലഭ്യമാക്കുകയാണെന്നു മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പൊതുകലാലയങ്ങളില്‍ അക്കാദമിക് സൗകര്യങ്ങളും പശ്ചാത്തല സൗകര്യങ്ങളും വിപുലീകരിക്കുന്നതിന് രണ്ടു ഘട്ടങ്ങളിലായി 568 കോടി രൂപയാണ് റൂസ പദ്ധതി പ്രകാരം ചെലവാക്കുന്നത്. ഇതില്‍ 227 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമാണ്. ആദ്യ ഘട്ടത്തില്‍ 194 കോടിയും രണ്ടാം ഘട്ടത്തില്‍ 374 കോടിയുമാണു ചെലവാക്കുന്നത്.ഗവേഷണ നിലവാരം ഉയര്‍ത്തല്‍, സ്വയംഭരണ കോളജുകളുടെ മികവുകൂട്ടല്‍, മോഡല്‍ കോളേജുകള്‍ ആരംഭിക്കല്‍, കലാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം എന്നീ നാലു ഘടകങ്ങള്‍ ഉള്‍പ്പെടുന്ന രണ്ടാം ഘട്ടത്തില്‍പ്പെടുത്തിയാണ് 29 കോളജുകളിലെ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്യുന്നത്. 122 സ്ഥാപനങ്ങളിലാണ് നിലവില്‍ പശ്ചാത്തല സൗകര്യ വികസനം നടക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായ കോളജുകളില്‍ ആധുനിക ഗവേഷണ സൗകര്യങ്ങളോടുകൂടിയ പ്രത്യേക ബ്ലോക്കുകള്‍, പുതുതലമുറ ലാബ് സൗകര്യങ്ങള്‍, പുതിയ ക്ലാസ് മുറികള്‍, ലൈബ്രറി കെട്ടിടങ്ങള്‍, ജിം സൗകര്യങ്ങളോടുകൂടിയ കായിക വികസന പദ്ധതികള്‍, സ്‌പോര്‍സ് ഗ്യാലറികള്‍, സെമിനാര്‍ ഹാളുകള്‍, ഓഡിറ്റോറിയങ്ങള്‍, പെണ്‍കുട്ടികള്‍ക്കായുള്ള പ്രത്യേക സൗകര്യങ്ങള്‍, ശുചിമുറികള്‍, കുടിവെള്ള വിതരണ സംവിധാനങ്ങള്‍, വിശ്രമ മുറികള്‍ തുടങ്ങിയവ ഇവിടങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്.തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്‌സ് കോളജ്, പേരാമ്പ്ര സി.കെ.ജി.എം. ഗവണ്‍മെന്റ് കോളജ്, തൃശൂര്‍ പുല്ലൂറ്റ് കെ.കെ.ടി.എം. ഗവണ്‍മെന്റ് കോളജ് എന്നിവിടങ്ങളാണ് അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തിയായ സര്‍ക്കാര്‍ കോളജുകള്‍. കൊല്ലം ടി.കെ.എം. കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ്, ചങ്ങനാശേരി സെന്റ് ബര്‍ക്മാന്‍സ് കോളജ്, പാലാ അല്‍ഫോന്‍സ കോളജ്, കോട്ടയം അരുവിത്തറ സെന്റ് ജോര്‍ജ് കോളജ്, കോട്ടയം ബസേലിയോസ് കോളജ്, കുട്ടിക്കാനം മരിയന്‍ കോളജ്, ഇടുക്കി രാജകുമാരി എന്‍.എസ്.എസ്. കോളജ്, എറണാകുളം സെന്റ് തെരേസാസ് കോളജ്, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ്, തേവര സേക്രട്ട് ഹാര്‍ട്ട് കോളജ്, അങ്കമാലി മോണിങ് സ്റ്റാര്‍ ഹോം സയന്‍സ് കോളജ്, തൃശൂര്‍ മാള കാര്‍മല്‍ കോളജ്, തൃശൂര്‍ സെന്റ് മേരീസ് കോളജ്, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ്, പാലക്കാട് മേഴ്‌സി കോളജ്, ഒറ്റപ്പാലം എന്‍.എസ്.എസ്. ട്രെയിനിങ് കോളജ്, മലപ്പുറം സുല്ലുമുസ്ലാം സയന്‍സ് കോളജ്, മഞ്ചേരി കെ.എ.എച്ച്.എം. യൂണിറ്റി വിമന്‍സ് കോളജ്, മലപ്പുറം വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളജ്, മലപ്പുറം തിരൂരങ്ങാടി പി.എസ്.എം.ഒ. കോളജ്, ഫറോക് കോളജ്, വയനാട് പഴശിരാജ കോളജ്, മാനന്തവാടി മേരിമാത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് കോളജ്, കാസര്‍കോട് കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവിടങ്ങളാണ് വികസന പദ്ധതികള്‍ പൂര്‍ത്തിയായ സര്‍ക്കാര്‍ എയ്ഡഡ് കോളജുകള്‍.ഫെബ്രുവരി 28ന് തൃശൂര്‍ സെന്റ് മേരീസ് കോളജ്, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ്, പുല്ലൂറ്റ് കെ.കെ.ടി.എം. കോളജ്, മാള കാര്‍മല്‍ കോളജ് എന്നിവിടങ്ങളിലെ ഉദ്ഘാടന പരിപാടി നടക്കും. മറ്റു കോളജുകളിലേത് വരും ദിവസങ്ങളിലും നടക്കുമെന്നും മന്ത്രി പറഞ്ഞു. ആറു സര്‍വകലാശാലകള്‍ക്ക് 20 കോടി രൂപ വീതവും 22 സര്‍ക്കാര്‍ കോളജുകള്‍ക്ക് രണ്ടു കോടി രൂപ വീതവും ഒന്നാം ഘട്ടത്തില്‍ നല്‍കിയിരുന്നു. സര്‍വകലാശാലകളിലേയും കോളജുകളിലേയും പശ്ചാത്തല സൗകര്യ വികസനം, നിലവിലുള്ള കലാലയങ്ങളെ മോഡല്‍ കോളജുകളാക്കി മാറ്റല്‍, പെണ്‍കുട്ടികള്‍ക്കും ഭിന്നശേഷി വിഭാഗങ്ങള്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന തുല്യതാ സംരംഭങ്ങള്‍, അധ്യാപക ഗുണമേ•ാ വര്‍ധനവിനുള്ള പരിശീലന പരിപാടികള്‍, അന്തര്‍ദേശിയ ദേശീയ സെമിനാറുകളും ശില്‍പ്പശാലകളും എന്നിവയ്ക്കുള്ള ആറു ഘടകങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു ഒന്നാം ഘട്ടം.