‘രോഗമില്ലാത്ത ഗ്രാമം’ പദ്ധതിക്ക് പാറശാല ബ്ലോക്കില്‍ തുടക്കം

Spread the love

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനായി പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘രോഗമില്ലാത്ത ഗ്രാമം’ പദ്ധതി മാതൃകയാകുന്നു. ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് വ്യക്തമായ അവബോധം സൃഷ്ടിക്കുകയും ശരിയായ പ്രതിരോധത്തിലൂടെയും രോഗനിര്‍ണയത്തിലൂടെയും ചികിത്സയിലൂടെയും പരിഹാരം കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി രോഗനിര്‍ണയത്തിനും തുടര്‍ ചികിത്സയ്ക്കുമായി ബ്ലോക്കിന് കീഴിലുള്ള ആറ് ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. പദ്ധതിയിലെ ആദ്യ മെഡിക്കല്‍ ക്യാമ്പ് ചെങ്കല്‍ ഗ്രാമ പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം കെ. ആന്‍സലന്‍ എം. എല്‍. എ. ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം ആര്‍.സി.സി, പാറശാല താലൂക്ക് ആശുപത്രി, സരസ്വതി ആശുപത്രി , പൂവാര്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പുകളില്‍ ലഭിക്കും. ജീവിതശൈലി രോഗങ്ങള്‍ക്ക് പുറമെ ക്യാന്‍സര്‍, നേത്രരോഗം, ദന്ത രോഗം എന്നിവയുടെ പരിശോധനയും നടക്കും. 2021-22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി മൂന്ന് ലക്ഷം രൂപ വകയിരുത്തിയാണ് രോഗമില്ലാത്ത ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് പുറമെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി നടക്കും. രോഗമില്ലാത്ത ഗ്രാമം എന്ന ലക്ഷ്യത്തിന് വേണ്ടി വിഷരഹിത ഭക്ഷ്യവസ്തുക്കളുടെ നിര്‍മ്മാണവും വിപണനവും പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാധ്യമാക്കുമെന്ന് പ്രസിഡന്റ് എസ്.കെ. ബെന്‍ ഡാര്‍വിന്‍ പറഞ്ഞു.

മാര്‍ച്ച് അഞ്ചിന് കുളത്തൂര്‍ പഞ്ചായത്തിലെ കുടുംബക്ഷേമ കേന്ദ്രത്തിലും, പതിനെട്ടിന് പൂവാര്‍ പഞ്ചായത്തില്‍ അരുമാനൂര്‍ ക്ഷേത്ര ആഡിറ്റോറിയത്തിലും, 19ന് കാരോട് പഞ്ചായത്തില്‍ അഞ്ജു ആഡിറ്റോറിയത്തിലും, 23ന് തിരുപുറം പഞ്ചായത്തില്‍ പഴയക്കട എം.ഡബ്ല്യൂ. എസ് ആഡിറ്റോറിയത്തിലും, 26ന് പാറശാല പഞ്ചായത്തിലും ചികിത്സാ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *