മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ടമംഗലം ഹയര്‍ സെക്കന്ററി സ്കൂള്‍ വളപ്പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ഉള്ളികൃഷിയുടെ വിളവെടുപ്പ് കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. എ.എം ആരിഫ് എം. പി ട്രാവന്‍കൂര്‍ മാറ്റ്സ് ആന്റ് മാറ്റിംഗ്സ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ വി.വി. പവിത്രന് നല്കി ആദ്യ വില്‍പ്പന നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ അഞ്ചു പഞ്ചായത്തുകളിലായി 13 കാര്‍ഷിക ഗ്രൂപ്പുകള്‍ വഴി ഏഴര ഏക്കറിലാണ് മാതൃകാ കൃഷിത്തോട്ടവും വിത്തുല്‍പ്പാദന പദ്ധതിയില്‍ കൃഷിയും ഇറക്കിയത്. 100 കിലോ വിത്തും ജൈവവളവും ജൈവ കീടനാശിനിയും ഉള്‍പ്പെടെയാണ് ഗ്രൂപ്പുകള്‍ക്ക് നല്‍കിയത്. ഉള്ളി ഇല ഉള്‍പ്പെടെ 50 രൂപയുടെ കെട്ടുകളായി കൃഷിയിടത്തില്‍ തന്നെ വില്‍ക്കാനാണ് തീരുമാനം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി വളം വില്‍പ്പന ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് കൃഷി ഡയറക്ടര്‍ ജി.വി. രെജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മഹാലക്ഷ്മി കൃഷി ഗ്രൂപ്പാണ് സ്കൂള്‍ വളപ്പില്‍ കൃഷി നടത്തിയത്.