സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി എസ്.എം.എ. ക്ലിനിക്ക് യാഥാര്‍ത്ഥ്യമായി
തിരുവനന്തപുരം: എസ്.എംഎ. ക്ലിനിക് (സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി) മറ്റ് മെഡിക്കല്‍ കോളേജിലേക്കും വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ മേഖലയില്‍ ഇത്തരം ഒരു ക്ലിനിക്ക് അനിവാര്യമാണെന്ന് ബോധ്യമായതിന്റെ പശ്ചാത്തലത്തില്‍ നിരവധി ചര്‍ച്ചകളുടേയും ഇടപെടലുകളുടേയും ഫലമായാണ് സംസ്ഥാനത്ത് ആദ്യമായി സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ എസ്.എംഎ. ക്ലിനിക്ക് ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. എസ്.എ.ടി. ആശുപത്രിയിലെ എസ്.എംഎ. ക്ലിനിക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ മാസത്തിലെയും ആദ്യത്തെ ചൊവ്വാഴ്ച എന്ന നിലയിലാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഭാവിയില്‍ ഈ സേവനം ആവശ്യാനുസരണം വര്‍ദ്ധിപ്പിക്കുന്നതാണ്. എസ്.എംഎ. രോഗികള്‍ക്കുള്ള മള്‍ട്ടി ഡിസിപ്ലിനറി ക്ലിനിക്കായിരിക്കുമിത്. എസ്.എം.എ ബാധിച്ചവര്‍ക്കും, സംശയിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കും അവശ്യമായ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി പീഡിയാട്രിക് ന്യൂറോളജിസ്റ്റ്, കുഞ്ഞുങ്ങള്‍ക്കും, മാതാപിതാക്കള്‍ക്കും ജനിതക പരിശോധനയ്ക്കും, കൗണ്‍സിലിങ്ങിനും ജനിതക സ്‌പെഷ്യലിസ്റ്റ്, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കായി ശ്വാസകോശ രോഗ വിദഗ്ദ്ധന്‍, എസ്.എം.എ ബാധിച്ച കുട്ടികള്‍ക്ക് സങ്കീര്‍ണതകള്‍ ഉടലെടുക്കുമ്പോള്‍ നേരിടാനായി ഇന്റന്‍സിവിസ്റ്റ് അസ്ഥിരോഗ വിദഗ്ധന്‍, വളര്‍ച്ചയും പോഷണവും സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കായി ശിശുരോഗ വിദഗ്ദ്ധന്‍, ഫിസിയോ തെറാപ്പിസ്റ്റ്, ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ് സാന്ത്വന പരിചരണ വിഭാഗം തുടങ്ങി ബൃഹത്തായ ഒരു ടീമിന്റെ കൂട്ടായ സേവനം ഈ ക്ലിനിക്കിലൂടെ നല്‍കും.
എല്ലാ വര്‍ഷവും ഫെബ്രുവരി മാസം അവസാനത്തെ ദിവസം അപൂര്‍വ രോഗങ്ങളുടെ ദിനമായി ആചരിക്കുകയാണ്. പൊതുജനങ്ങളുടെ ശ്രദ്ധയും ബോധ്യവും അനിവാര്യമായ ഓര്‍മ്മപ്പെടുത്തലും കൂടിയാണ് ഈ ദിനം. സംസ്ഥാനത്ത് 400 ഓളം പേര്‍ അപൂര്‍വ രോഗം ബാധിച്ച് സഹായം തേടുന്നവരുണ്ട്. ആരോഗ്യ വകുപ്പും സാമൂഹ്യനീതി വകുപ്പും ഇവരുടെ ചികിത്സയ്ക്കായി ഇടപെടലുകള്‍ നടത്തുന്നുണ്ട്. എസ്.എംഎ. ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് സമൂഹികമായ ഇടപെടലുകള്‍ കൂടി ഉണ്ടാകുന്നത് ആശാവഹമാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളേജില്‍ നടക്കുന്നത്. അതെല്ലാം സമയ ബന്ധിതമായി പൂര്‍ത്തിയാക്കും. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് വേഗത്തില്‍ പരിചരണം ഉറപ്പാക്കുന്ന പൈലറ്റ് പദ്ധതി എല്ലാ മെഡിക്കല്‍ കോളേജിലേക്കും വ്യാപിപ്പിക്കും. മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ രണ്ട് മൂന്ന് മാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കും.
എസ്.എ.ടി. ആശുപത്രിയിലും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ നൂതന സൗകര്യങ്ങളോടു കൂടിയ ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചു. ഹിമോ ഡയാലിസിസ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ഇതുവരെ സംസ്ഥാനത്ത് ആകെ 6 ഡയാലിസിസ് ടെക്‌നീഷ്യന്‍മാരുടെ തസ്തിക മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ സര്‍ക്കാര്‍ 24 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. അതില്‍ നാലെണ്ണം തിരുവനന്തപുരം മെഡിക്കല്‍ കോളേജിനും അതില്‍ രണ്ടെണ്ണം എസ്.എ.ടി. ആശുപത്രിയ്ക്കുമാണ്. 24 ഐസിയു കിടക്കകളും 8 എച്ച്ഡിയു കിടക്കകളും സജ്ജമാക്കി വരുന്നു. ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്താന്‍ ഓക്‌സിജന്‍ പ്ലാന്റ് അനുവദിച്ചു. ഗൈനക്കോളജി വിഭാഗത്തില്‍ ഹൈ എന്‍ഡ് അള്‍ട്രാ സൗണ്ട് മെഷീന്‍ സ്ഥാപിച്ചു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ടീം അംഗങ്ങളെ മന്ത്രി അഭിനന്ദിച്ചു. രോഗബാധിതരായ എല്ലാ കുട്ടികള്‍ക്കും സഹായകരമായ രീതിയില്‍ ഈ ക്ലിനിക്ക് മാറട്ടെയെന്നും മന്ത്രി ആശംസിച്ചു.
പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഡി.ആര്‍. അനില്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സാറ വര്‍ഗീസ്, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എ. നിസാറുദ്ദീന്‍, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട്. ഡോ. എസ്. ബിന്ദു, പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. മേരി ഐപ്പ്, ജില്ലാ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡോ. ആശ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.
—