ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് പദ്ധതിയുടെ ഭാഗമായി കേരളത്തിലെയും ഹിമാചൽപ്രദേശിലെയും വിദ്യാർഥികളെ ഉൾപ്പെടുത്തി സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ഓൺലൈൻ കൾച്ചറൽ ട്വിന്നിങ് പ്രോഗ്രാം സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കുട്ടികൾ തമ്മിലുള്ള ആശയ വിനിമയം മെച്ചപ്പെടുത്തുകയും പരസ്പര ധാരണ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പരിപാടി നടപ്പാക്കുന്നത്. 2020 ഒക്ടോബറിലും കേരളവും ഹിമാചലുമായി ട്വിന്നിങ് പരിപാടി നടത്തിയിരുന്നു. സമഗ്ര ശിക്ഷ കേരളയുടെ തിരുവനന്തപുരത്തെ ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, സമഗ്ര ശിക്ഷ കേരള പ്രൊജക്ട് ഡയറക്ടർ ഡോ. എ.ആർ. സുപ്രിയ, സമഗ്രശിക്ഷ ഹിമാചൽപ്രദേശ് പ്രൊജക്ട് ഡയറക്ടർ ഡോ. വീരേന്ദർ ശർമ, ഏക് ഭാരത് ശ്രഷ്ഠ് ഭാരത് കേരളയുടെ പ്രൊജക്ട് ഡയറക്ടർ പ്രീതി എം. കുമാർ, ഹിമാചൽപ്രദേശിലെ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് നോഡൽ ഓഫിസർ രേണു ബാല തുടങ്ങിയവർ പങ്കെടുത്തു.