കിലെ മാധ്യമ ശില്‍പശാല എം എല്‍ എ ഉദ്ഘാടനം ചെയ്തു.
കാസർഗോഡ്: പത്രപ്രവര്‍ത്തനത്തെ വളരെയധികം പ്രതീക്ഷയോടെയാണ് സമൂഹം കാണുന്നതെന്നും വസ്തുതപരമായ കാര്യങ്ങള്‍ സമൂഹത്തിലേക്ക് തുറന്ന് കാട്ടുക എന്നതാണ് ഒരു മാധ്യമ പ്രവര്‍ത്തകന്റെ ധര്‍മമെന്നും ഇ ചന്ദ്രശേഖരന്‍ എം എല്‍ എ പറഞ്ഞു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റി്(കിലെ )ന്റെ നേതൃത്വത്തില്‍ കേരള റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയാ പേഴ്‌സണ്‍സ് യൂണിയനുമായി ചേര്‍ന്ന് കാഞ്ഞങ്ങാട് നടത്തിയ മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാര്‍ ജീവനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വളരെ കൂടുതലാണ്.
മാറിയ ലോകത്തിന്റെ വ്യവസായ മൂലധനം ഡിജിറ്റല്‍ മൂലധനത്തിലേക്ക് മാറുന്നു. അതിനാല്‍ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ ഇന്ന് ഡിജിറ്റല്‍ മൂലധനത്തിന്റെ ഇരകളാണ്. പണ്ട് കാലത്ത് വളരെ കഷ്ടപ്പെട്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ കണ്ടെത്തിയിരുന്നത്. അതിന് സമൂഹത്തിന്റെ അടിത്തട്ടിലുള്ള കാര്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നു. എന്നാലിന്ന് ഒരാള്‍ ചെയ്ത വാര്‍ത്ത തന്നെ എല്ലാവരും ആവര്‍ത്തിക്കുന്നു. സൗകര്യങ്ങള്‍ ഏറെയുണ്ടെങ്കിലും വാര്‍ത്തകള്‍ അതിവേഗം എല്ലായിടത്തും എത്തുന്നുവെങ്കിലും അതൊന്നും സമൂഹത്തിന്റെ അടിത്തട്ടിലേക്ക് എത്തുന്നില്ല. അല്ലെങ്കില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാവുന്നില്ല.
കരാര്‍ തൊഴിലാളികള്‍ക്കും പ്രാദേശിക ലേഖകര്‍ക്കും തൊഴിലിന് അനുസൃതമായ വേതനവും ഉണ്ടാവണം. അതിന് കൂട്ടമായ പരിശ്രമം ഉണ്ടാവണം അതിന് ശില്പശാല സഹായകമാവട്ടെ എന്നും എം എല്‍ എ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട 85 മാധ്യമ പ്രവര്‍ത്തകര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. തുടര്‍ന്ന് ശില്‍പശാലയില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.