ഹൂസ്റ്റൺ: ഫെബ്രുവരി 25, 26 തീയതികളിൽ വുഡ് ലാൻഡ്‌സ് മാരിയോട്ട് ഹോട്ടൽ ആൻഡ് കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന ടെക്സാസ് എപ്പിസ്കോപ്പൽ ഭദാസനത്തിന്റെ 173- മത് കൗൺസിൽ റവ. ഡോ.റോയി വർഗീസിനെ സഭയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുത്തു. ഹൂസ്റ്റണിലെ സ്റ്റാഫ്‌ഫോർഡ് സിറ്റിയിലുള്ള ഗുഡ് ഷെപ്പേർഡ് എപ്പിസ്കോപ്പൽ ഇന്ത്യൻ ഇടവകയുടെ വികാരിയാണ് റവ.ഡോ.റോയി വർഗീസ്.
ഭദ്രാസനത്തിലെ ഇടവകകൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രീകൾ, മറ്റു ഇതര സംഘടനകൾ എന്നിവയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തിൽ പരം വരുന്ന പ്രതിനിധികളുടെ സമ്മേളനമാണ് ഭദ്രാസന കൗൺസിൽ. ആഗോള ആംഗ്ലിക്കൻ സഭയുടെ വിശാല കൂട്ടായ്മയുടെ ഭാഗമായ അമേരിക്കൻ എപ്പിസ്‌കോപ്പൽ സഭ ഇന്ത്യയിലെ ആംഗ്ലിക്കൻ പാരമ്പര്യമുള്ള ദക്ഷിണേന്ത്യ സഭ (സിഎസ്ഐ) ഉത്തരേന്ത്യ സഭ (സിഎൻഐ ) എന്നീ സഭകളുടെ സഹോദരീ സഭയും പൗരസ്ത്യ പാരമ്പര്യമുള്ള മാർത്തോമ്മ സഭയുമായി പൂർണ കൂട്ടായ്മയിലും നിലകൊള്ളുന്ന സഭയാണ്.
ടെക്സാസ് ഭദ്രാസനത്തിന്റെ ധൗത്യ നിർവഹണത്തിലും സുവിശേഷ ദർശനത്തിലും പുതിയതും വിശാലവുമായ കാഴ്ചപ്പാട് നൽകുവാൻ റവ. വർഗീസിന്റെ മൂന്ന് പതിറ്റാണ്ടു കാലത്തെ അനുഭവ സമ്പത്തും ദൈവ ശാസ്ത്രത്തിലെ വൈദഗ്ധ്യവും സഹായകരമാകുമെന്ന് ഭദ്രാസന ബിഷപ്പ് ഡോ. ആൻഡ്രൂ ഡോയേൽ പ്രസ്താവിച്ചു. അമേരിക്കൻ സമൂഹത്തിൽ അമൂല്യമായ സംഭാവനകൾ നൽകുന്ന ഇന്ത്യൻ സമൂഹത്തിന്റെ പൊതു ജീവിതത്തിൽ സമഗ്രവും ക്രിയാത്മകവുമായ വളർച്ചയ്‌ക്ക് സഹായകരവുമാകുന്ന കാര്യപരിപാടികൾ സംഘടിപ്പിക്കുന്നതിനും സംഭാവനകൾ നൽകുന്നതിനും റവ. ഡോ. റോയി വർഗീസിന്റെ പുതിയ ഉത്തരവാദിത്വങ്ങൾ സഹായകരമാകുമെന്ന് ഭദ്രാസന കൗൺസിൽ പ്രത്യാശ പ്രകടിപ്പിച്ചു.
റിപ്പോർട്ട് : ജീമോൻ റാന്നി