കസ്റ്റഡിയില്‍ യുവാവിന്റെ മരണം: എസ്.ഐയെ സസ്പെന്‍ഡ് ചെയ്ത് കൊലക്കേസില്‍ പ്രതിയാക്കണമെന്ന് ഹസന്‍

Spread the love

തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ എസ്.ഐയെ സസ്പെന്‍ഡ് ചെയ്ത് കൊലക്കേസില്‍ പ്രതിയാക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍. തിരുവല്ലം പൊലീസ് സ്റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തില്‍ നടന്ന അതിക്രൂരമായ മര്‍ദ്ദനത്തിലാണ് സുരേഷ്‌കുമാര്‍ മരിച്ചത്. കുറ്റാരോപിതനായ ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ തുടരവെ നടക്കുന്ന അന്വേഷണം ഒട്ടും ഉചിതമല്ലെന്നും ഇദ്ദേഹത്തെ അന്വേഷണം കാലയളവില്‍ മാറ്റിനിര്‍ത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഹസന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഇന്‍ക്വസ്റ്റില്‍ പറയുന്നത് മരിച്ച സുരേഷിന്റെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുണ്ടെന്നാണ്. ക്രൂരമര്‍ദ്ദനമാണ് മരണത്തിലേക്ക് നയിച്ചത്. നെഞ്ചുവേദന വന്നയാളിനെ പൊലീസ് എന്തിനാണ് സ്വകാര്യാശുപത്രിയില്‍ കൊണ്ടുപോയത്. മെഡിക്കല്‍ക്കോളേജില്‍ എന്തുകൊണ്ട് കൊണ്ടുപോയില്ലെന്നും ഹസ്സന്‍ ചോദിച്ചു.

കഴിഞ്ഞ ദിവസം മരിച്ച സുരേഷിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ മാതാപിതാക്കള്‍ തന്നോട് പറഞ്ഞത് യാതൊരുവിധ അസുഖവുമില്ലാത്ത ആരോഗ്യവാനായിരുന്നു സുരേഷ്‌കുമാറെന്നാണ്. അങ്ങനെയുള്ള സുരേഷിന്റെ പെടുന്നനെയുള്ള മരണവും ഹൃദയാഘാതം എന്ന വാദവം ഉള്‍ക്കൊള്ളുന്നതിന് ഏറെ ബുദ്ധിമുട്ടുണ്ട്. നിലവില്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം പ്രഹസനമാണ്. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പുറത്താക്കാതെ സംരക്ഷിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതില്‍ ശക്തമായ പ്രക്ഷോഭം യുഡിഎഫിന്റെ നേതൃത്വത്തിലുണ്ടാകുമെന്നും ഹസന്‍ പറഞ്ഞു.

സുരേഷ്‌കുമാറിന്റെ മൃതദേഹം അമ്മയേറ്റ് വാങ്ങാത്തതുകൊണ്ട് ഒരു അകന്ന ബന്ധുവിന് മൃതദേഹം വിട്ടുകൊടുക്കുകയാണുണ്ടായത്. മുട്ടത്തറ ശ്മശാനത്ത് മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോകുമെന്ന് പൊലീസ് ബന്ധുക്കളോട് പറഞ്ഞിട്ട് അവരെ ഒഴിവാക്കി മൃതദേഹം തൈക്കാട് ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. സി.പി.എമ്മിന്റെ സംരക്ഷണത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. ക്രൂരമായ മര്‍ദ്ദനം നടത്തുന്ന പൊലീസിന് സുരേഷിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ എല്ലാ ഒത്താശയും ചെയ്ത് കൊടുത്തത് സി.പി.എമ്മാണെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും ഹസന്‍ ആരോപിച്ചു

Author

Leave a Reply

Your email address will not be published. Required fields are marked *